Image Credit: facebook/BCCI, AFP
ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സില്‍ ഇന്ത്യയ്ക്കായുള്ള പ്രകടനത്തിന് പിന്നാലെ വൈഭവ് സൂര്യവംശിക്ക് പ്രശംസ ചൊരിയുകയാണ് ലോകം. 53 പന്തില്‍ നിന്ന് 28 സിക്സടക്കം 204 റണ്‍സ് താരം അടിച്ചുകൂട്ടിയതോടെയാണ് വിവാദങ്ങളും ചൂടുപിടിച്ചത്. വൈഭവിന്റെ ബാറ്റില്‍ എഐ ചിപ്പുണ്ടെന്നാണ് തമാശയ്ക്ക് ഐസ്ലന്ഡ് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അതും എന്‍വിഡിയയുടേതാണെന്നും എക്സ് പോസ്റ്റില്‍ പറയുന്നു. 'ചൊവ്വാഴ്ച ജെന്‍സെന്‍ ഹുവാങ് എന്‍വിഡിയ സിഇഒ ആയി മടങ്ങിയെത്തി, ബുധനാഴ്ച വൈഭവിന്‍റെ ബാറ്റിലെ എഐ ചിപ്പും വീണ്ടും ആക്ടീവായി'- ഐസ്ലന്ഡ് ക്രിക്കറ്റ് കുറിച്ചു.
യുഎഇയ്ക്കെതിരായ നിര്‍ണായക മല്‍സരത്തിലായിരുന്നു വൈഭവിന്‍റെ അസാധ്യപ്രകടനം. 52 പന്തില്‍ നിന്ന് താരം ഇരട്ട സെഞ്ചറി നേടിയതോടെ റെക്കോര്‍ഡുകളാണ് കടപുഴകിയത്. നേരത്തെ 28 പന്തില്‍ നിന്ന് വൈഭവ് സെഞ്ചറി നേടിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ അതിേവഗ സെഞ്ചറിയും ഇതായി. ഓസീസ് ഓപ്പണര്‍ ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍കിന്‍റെ റെക്കോര്‍ഡാണ് തകര്‍ന്നത്. പ്രഫഷനല്‍ ക്രിക്കറ്റിലെ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം സിക്സെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി.
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി വൈഭവിലാണെന്നും ദയവ് ചെയ്ത് മറ്റ് താരതമ്യങ്ങള്‍ ഒഴിവാക്കണമെന്നും ഇതിഹാസ താരം സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. 'വൈഭവ് മികച്ച കളിക്കാരനാണ്. അതും ഈ പ്രായത്തില്‍ ഐപിഎലിലും തിളങ്ങി. ഇന്ത്യയ്ക്കായി അവസരം കിട്ടിയപ്പോഴും തിളങ്ങി. അവനാണ് ഭാവി താരം'- എന്നായിരുന്നു എഎന്‍ഐയോട് ഗാംഗുലിയുടെ പ്രതികരണം. താരതമ്യപ്പെടുത്തി തകര്‍ക്കരുതെന്നും പതിനഞ്ച് വയസ് മാത്രമല്ലേയുള്ളൂ, അവന്‍ കളിക്കട്ടെ എന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
വൈകിട്ട് മൂന്നരയ്ക്ക് സെമിയില്‍ ഇന്ത്യ ഇന്ന് ശ്രീലങ്ക എയെ നേരിടും. വൈഭവിന്‍റെ ഫോം തന്നെയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നത്. വൈഭവ് തിളങ്ങിയില്ലെങ്കിലും ആശങ്കപ്പെടാനില്ല. അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് തുടങ്ങിയവര്‍ ഇന്ത്യന്‍ ബാറ്റിങിന് കരുത്താകും. അതേസമയം,ഗ്രൂപ്പിലെ മൂന്ന് മല്‍സരങ്ങളിലും ആധികാരിക ജയം സ്വന്തമാക്കിയാണ് ശ്രീലങ്ക സെമിയിലേക്ക് എത്തിയിരിക്കുന്നത്.