വിവാദങ്ങള്‍ക്ക് പിന്നാലെ രാജിവച്ച ജെൻസൺ ഹുവാങ്, എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ‘സ്വാഗതം’ ചെയ്തുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു. എൻവിഡിയയുടെ പതാകയ്ക്ക് മുന്നിൽ ചുവന്ന ബ്രാ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഹുവാങിന്റെ എഐ ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചത്. ചിത്രത്തില്‍ ഹുവാങിന്റെ മുഖത്ത് രക്തവും പിന്നില്‍ സീക്രട്ട് സർവീസ് ഏജന്റുമാരേയും കാണാം.
2024 ജൂലൈയില്‍ യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിനെതിരെ വധശ്രമം നടന്നിരുന്നു. ഈ സമയം പുറത്തുവന്ന ചിത്രം വലിയ തോതില്‍ ശ്രദ്ധനേടുകയും ചെയ്തു. യുഎസ് പതാകയ്ക്ക് മുന്നില്‍ മുഖത്ത് രക്തവുമായി മുഷ്ടി ചുരുട്ടി നില്ക്കുന്ന ട്രംപ് ആയിരുന്നു ചിത്രത്തില്‍. അതേ ചിത്രത്തില്‍ ട്രംപിനെ മാറ്റിയാണ് ഹുവാങിനെ ചേര്‍ത്തിരിക്കുന്നത്. യുഎസ് പതാകയ്ക്ക് പകരം എൻവിഡിയ പതാകയും കയ്യില്‍ ഒരു ബ്രായും ഉണ്ടെന്ന വ്യത്യാസം മാത്രം! ചിത്രത്തിലെ ചുവന്ന ബ്രായിലൂടെ ഹുവാങിന്റെ കരിയര്‍ ഇല്ലാതാക്കാനായിരുന്നു വിവാദങ്ങളുടെ ശ്രമമെന്ന് ട്രംപ് വിശ്വസിക്കുന്നതായാണ് സൂചന. എന്നാൽ ട്രംപിനെപ്പോലെ വിജയിയായി ഹുവാങ് തിരിച്ചെത്തിയിരിക്കുന്നു എന്ന സൂചനയും പോസ്റ്റില്‍ വ്യക്തമാണ്.
ഈ ചിത്രം പങ്കുവയ്ക്കുന്നതിന് മുന്‍പു തന്നെ ട്രംപ് ട്രൂത്ത് സോഷ്യലിൽ ഹുവാങിനെ തിരിച്ചെടുത്ത എൻവിഡിയ ബോർഡിന്റെ തീരുമാനത്തെ പ്രശംസിച്ചിരുന്നു. ‘മികച്ച തീരുമാനം. ഈ തീരുമാനമെടുത്ത എൻവിഡിയയ്ക്ക് അഭിനന്ദനങ്ങൾ’ എന്നാണ് അദ്ദേഹം കുറിച്ചത്. മാത്രമല്ല ഹുവാങിനെ തിരിച്ചെടുക്കണമെന്ന് എൻവിഡിയയോട് ട്രംപ് പരോക്ഷമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എൻവിഡിയ സിഇഒ എന്ന നിലയിൽ ഹുവാങ് കമ്പനിയുടെ മാത്രമല്ല അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ വിജയവും അഭിവൃദ്ധിയും ഉറപ്പാക്കുമെന്നും ട്രംപ് മുന്‍പ് കുറിച്ചിരുന്നു. കൂടാതെ ഹുവാങ് ഏതെങ്കിലും കുറ്റം ചെയ്തതായി സർക്കാരിന്റെ പക്കൽ തെളിവുകളില്ലെന്ന് യുഎസ് അറ്റോർണി ജനറൽ സ്ഥിരീകരിച്ചതായും ട്രംപ് പറയുകയുണ്ടായി.
അതേസമയം, ഹുവാങുമായി നടത്തിയ നിരവധി ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷം അദ്ദേഹത്തിന്റെ സത്യസന്ധതയും കമ്പനിയെ നയിക്കാനുള്ള കഴിവും ബോർഡിന് ബോധ്യമായതിനെത്തുടർന്ന്, അദ്ദേഹത്തെ തിരിച്ചെടുക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു എന്നാണ് എൻവിഡിയ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. യുഎസ് സർക്കാരില്‍ നിന്നും തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹുവാങിന്റെ തിരിച്ചുവരവ് സുരക്ഷാ ഭീഷണിയുണ്ടാക്കില്ലെന്ന് ബോർഡിന് ഉറപ്പുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. വിഷയത്തിലെ ട്രംപിന്റെ ഇടപെടലിനെ സൂചിപ്പിക്കുന്നതാണ് ഈ ഭാഗം.
വിവാഹേതര ബന്ധങ്ങളുടെ പേരില്‍ നവംബർ 12-നാണ് ജെൻസൺ ഹുവാങ് സി.ഇ.ഒ സ്ഥാനം രാജിവെച്ചത്. ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തുന്നതായി യു.എസ് അധികൃതർ സംശയിക്കുന്ന ഒരു ബിസിനസുകാരിയുമായുള്ള ബന്ധവും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ചാരവൃത്തി ആരോപണങ്ങൾ ബീജിങ് നേരത്തെ നിഷേധിച്ചിരുന്നു. വിഡിയോ ഗെയിം ചിപ്പ് നിർമ്മാതാക്കളായിരുന്ന എൻവിഡിയയെ നിർമ്മിത ബുദ്ധി പ്രോസസ്സറുകളുടെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരാക്കി മാറ്റിയത് ഹുവാങ്ങിന്റെ നേതൃത്വമാണ്.