Image: Yuzvendra Chahal, Dhanashree Verma, Manorama
വിവാഹമോചനത്തിനു പിന്നാലെയുള്ള ദിവസങ്ങള് കടുത്ത വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഇന്ത്യന് ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ. ജീവിതരീതിയില് വലിയ മാറ്റം വന്നെന്നും മദ്യപാനം അതിരുവിട്ട സാഹചര്യമായിരുന്നുവെന്നും ചെഹൽ തുറന്നുപറയുന്നു. മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് ചെഹലിന്റെ വെളിപ്പെടുത്തൽ.
Also Read: ഗ്യാനേഷിനെ എതിര്ത്ത് ഇന്ത്യ സഖ്യത്തിലേക്ക് അടുക്കാന് ബിജെപിയുടെ പഴയ 'രക്ഷകന്'
മദ്യപാനം നിയന്ത്രിക്കാന് പറ്റാതായതോടെ 26 ദിവസം പുനരധിവാസ കേന്ദ്രത്തില് ചികിത്സയിലായിരുന്നുവെന്നും ചെഹല് പറയുന്നു. ഈ തീരുമാനമാണ് ജീവിതത്തിലേക്ക് തന്നെ മടക്കിക്കൊണ്ടുവന്നതെന്നും ചെഹൽ. അതോടുകൂടി തനിക്ക് പക്വത വർധിച്ചെന്നും വികാരങ്ങളെ കൂടുതൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.
കഴിഞ്ഞ ഐപിഎൽ സീസണിൽ 30കാരന്റെ മാനസിക,ശാരീരിക നിലയിലേക്കെത്താന് സാധിച്ചു, ജിം പരിശീലനവും ഫീൽഡിങ് ഡ്രില്ലുകളും ഉൾപ്പെടെ കൃത്യമായി ചെയ്യാൻ കഴിഞ്ഞെന്നും ചെഹൽ പോഡ്കാസ്റ്റിലൂടെ തുറന്നുപറയുന്നു. അതേസമയം തന്നെ ഈ പ്രയാസകരമായ ദിവസങ്ങളില് കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നത് തനിക്കേറെ സഹായകരമായെന്നും ചെഹൽ.
‘2011ല് ഐപിഎല്ലില് അരങ്ങേറ്റം കുറിച്ച കാലത്തുതന്നെയാണ് മദ്യപാനവും ആരംഭിച്ചത്, ചെറുപ്പകാലത്ത് പാര്ട്ടികളില് പങ്കെടുത്ത് മദ്യപിക്കാറുണ്ടായിരുന്നു, പക്ഷേ ആ ശീലം പിന്നീട് വര്ധിച്ചു, ഒരിക്കല് ദക്ഷിണാഫ്രിക്കന് താരം എബി ഡിവില്ലിയേഴ്സ് തന്നെ ഉപദേശിച്ചിരുന്നു, ജീവിതത്തില് സന്തുലിതാവസ്ഥ അനിവാര്യമാണെന്ന് നിര്ദേശിച്ചു,
വിവാഹമോചനത്തോടെ കാര്യങ്ങളെല്ലാം കൂടുതല് വഷളായി. പാനിക് അറ്റാക്കും ഉത്കണ്ഠയും അനുഭവപ്പെടാന് തുടങ്ങി, എല്ലാം കൈവിട്ടുപോകുന്ന നിലയിലെത്തി, ഒടുവില് ഇതേരീതിയില് മുന്നോട്ടുപോയാല് താനേറെ സ്നേഹിക്കുന്ന ക്രിക്കറ്റിനെത്തന്നെ മോശമായി ബാധിക്കുമെന്ന അവസ്ഥയായി, അതോടെ മദ്യപാനം അവസാനിപ്പിക്കാന് തീരുമാനിച്ചു. അങ്ങനെയാണ് പുനരധിവാസ കേന്ദ്രത്തിലെത്തിയത്.
ഇപ്പോൾ കൂടുതൽ സന്തോഷത്തോടെയും മെച്ചപ്പെട്ട മാനസികാവസ്ഥയോടെയുമാണ് ജീവിക്കുന്നതെന്നും ചെഹൽ വ്യക്തമാക്കി. ഐപിഎല് ചരിത്രത്തിലെ ഏറ്റവും മികച്ച ബോളര്മാരില് ഒരാള് കൂടിയായ ചെഹൽ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് കരിയറില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ്.