ഇന്ത്യ സഖ്യ നേതാക്കള്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുവജന പ്രതിഷേധക്കാർക്ക് പിന്തുണയുമായി വൈഎസ്ആർസിപി അധ്യക്ഷനും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻമോഹൻ റെഡ്ഡി. നേരത്തെ ബിജെപിയെ പിന്തുണച്ചിരുന്ന ജഗന് ഇന്ത്യ സഖ്യത്തിലേക്ക് അടുക്കുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര് ഇതിനെ കാണുന്നത്.
ആന്ധ്രയിൽ പ്രധാന എതിരാളിയായ എൻ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, ബിജെപിയുമായി ശക്തമായ ബന്ധം തുടരുന്നതിനിടെയാണ് വൈഎസ്ആർ കോൺഗ്രസ് ദേശിയ തലത്തിൽ പുതിയമേൽവിലാസം തേടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജഗന്റെ പാര്ട്ടി നിലപാട് കുടുപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടാണ് എന്നാണ് വിലയിരുത്തല്. 2023ൽ പാസാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നിയമത്തിന് പാർലമെന്റിൽ പിന്തുണ നൽകിയവരാണ് വൈഎസ്ആർ കോൺഗ്രസ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ത്യയുടെ ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് പാർട്ടി ഇപ്പോൾ ആവശ്യപ്പെടുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്ത്തനങ്ങളെയും വൈഎസ്ആര്കോണ്ഗ്രസ് ചോദ്യം ചെയ്യുന്നുണ്ട്. 2024 ലെ ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പ് നടത്തിപ്പിനെ സംബന്ധിച്ചാണ് പാര്ട്ടിക്ക് ചോദ്യങ്ങളുള്ളത്. പോളിംഗ് ശതമാനം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വോട്ട് എണ്ണൽ, പോളിംഗ് ഡാറ്റ, ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ പുറത്തുവിടാനുള്ള താമസംതാമസം എന്നിവ അടക്കം ഒന്പത് ചോദ്യങ്ങളും പാര്ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനു മുന്പാകെ വച്ചിട്ടുണ്ട്.
ജഗന് മോഹന് റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം
ജഗൻ ഈയിടെ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായി വിഷയവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുടെ ഉപദേഷ്ടാവായ വിഷ്ണു റെഡ്ഡി വഴിയാണ് കൂടിക്കാഴ്ച ഒരുക്കിയത്. ജഗനും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും തമ്മിൽ ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുപക്ഷവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതിപക്ഷ ക്യാമ്പിലേക്ക് അടുക്കുന്നുവെന്ന് കാണിക്കാൻ ടിഡിപി പ്രചരിപ്പിച്ച കിംവദന്തികളെന്നാണ് വൈഎസ്ആർസിപിയുടെ വാദം. അതേസമയം, തന്നെ സെപ്റ്റംബറില് ജഗന് സിപിഐ സംഘത്തെ കണ്ട് സംസ്ഥാന സര്ക്കാറിനെതിരെ ഒന്നിച്ചുള്ള സമരങ്ങള് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ സഖ്യത്തിലുള്ള ഇടതുപാര്ട്ടികളുമായി അടുക്കുന്നത് പ്രതിപക്ഷ സഖ്യത്തിലേക്കുള്ള ചുവടുമാറ്റമായും വിലയിരുത്തലുണ്ട്.
കഴിഞ്ഞ മോദി സര്ക്കാറുകളുടെ കാലത്ത് എന്ഡിഎ അംഗമല്ലാതിരിന്നിട്ടും ബിജെപിയുമായി വളരെ അടുത്ത ബന്ധമാണ് വൈഎസ്ആര്കോണ്ഗ്രസിനുണ്ടായിരുന്നത്. പാർലമെന്റിലെ പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങളിലെല്ലാം ബിജെപിക്ക് വൈഎസ്ആര് കോണ്ഗ്രസ് പിന്തുണ നല്കിയിരുന്നു. 2024-ൽ ആന്ധ്രാപ്രദേശിൽ അധികാരം നഷ്ടപ്പെട്ടതിനുശേഷവും കേന്ദ്രത്തെ േനരിട്ട് വിമര്ശിക്കാന് വൈഎസ്ആര്കോണ്ഗ്രസ് തയ്യാറായിരുന്നില്ല. എന്ഡിഎയില് ടിഡിപി പ്രധാനകക്ഷിയായി മാറുന്ന സാഹചര്യത്തില് പഴയ രാഷ്ട്രീയ സമവാക്യം തുടർന്നുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെന്ന തിരിച്ചറിലാണ് വൈഎസ്ആര് കോണ്ഗ്രസിന്റെ നീക്കങ്ങള്.