Image Credit: AP
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ സിലക്ടര്‍ പദവിയില്‍ ഇനി തുടരാന്‍ താല്‍പര്യമില്ലെന്ന് അജിത് അഗാര്‍ക്കര്‍ അറിയിച്ചതായി ബിസിസിഐ. ബോര്‍ഡുമായുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നടന്ന വാര്‍ഷിക ജനറല്‍ മീറ്റിങില്‍ അഗാര്‍ക്കര്‍ പങ്കെടുത്തിരുന്നില്ല. ഒക്ടോബര്‍ നാലിനാണ് അഗാര്‍ക്കറുട മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നത്. Also Read: പുതിയ സിലക്ടര്‍ വരുന്നു; ഇനി തുടര്‍ അവസരങ്ങള്‍; സഞ്ജുവിന് നല്ലകാലമോ?
സിലക്ഷന്‍ കമ്മിറ്റി സംബന്ധിച്ച് ബോര്‍ഡ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐയുടെ 95–ാമത് വാര്‍ഷിക യോഗത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
അതേസമയം, മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലിന്‍റെ പേരാണ് ചീഫ് സിലക്ടറുടെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതെന്നാണ് സൂചന. എന്നാല്‍ ഓഫ് സ്പിന്നറായിരുന്ന പ്രഗ്യാന്‍ ഓജയുെട പേരും ഉയര്‍ന്നിട്ടുണ്ട്. രോഹിത് ശര്‍മയുടെ ടീമിലെ സ്ഥാനത്തിലുണ്ടായ ഭിന്നതയാണ് അഗാര്‍ക്കറുടെ കാലാവധി നീട്ടാതിരിക്കാന്‍ കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ അഗാര്‍ക്കര്‍ നേതൃത്വം നല്‍കുന്ന സിലക്ഷന്‍ കമ്മിറ്റി രോഹിതിനോട് വിരമിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ബോര്‍ഡ് ഇടപെട്ട് തീരുമാനം തിരുത്തുകയായിരുന്നുവെന്നും ഇതില്‍ സിലക്ഷന്‍ കമ്മിറ്റി അതൃപ്തി അറിയിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയെ സിലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2027ലെ ഏകദിന ലോകകപ്പിന് രോഹിതിനെ ഒഴിവാക്കിയാണ് അഗാര്‍ക്കറും സംഘവും പദ്ധതി തയാറാക്കിയത്.
സീനിയര്‍ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് പുറമെ ജൂനിയര്‍ സിലക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് ഒഴിവുകളിലേക്കും ബിസിസിഐ നിയമനം നടത്തും. ജൂനിയര്‍ സിലക്ഷന്‍ കമ്മിറ്റിയിലേക്ക് നിരവധി അപേക്ഷകള്‍ ലഭിച്ചുവെന്നും ചുരുക്കപ്പട്ടിക തയാറാകുന്നുവെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ അംഗങ്ങളെ പ്രഖ്യാപിക്കും. 'ജൂനിയര്‍ സിലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. ആ പ്രക്രിയ പുരോഗമിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും'- എന്നായിരുന്നു പ്രതികരണം.
നിലവിലെ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ശുഭദീപ് ഘോഷിന്‍റെ നിയമനം താല്‍കാലികമാണെന്നും പക്ഷേ അദ്ദേഹത്തിന്‍റെ പ്രകടനം വിലയിരുത്തുമെന്നും സാക്കിയ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നിലനിര്‍ത്തണോ വേണ്ടയോ എന്നതില്‍ ഇതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.