ഓരോ മത്സരം കഴിയുമ്പോഴും ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ തുടരുകയാണ്. മൂന്നാം ഏകദിനത്തില്‍ വണ്‍ഡൗണിലേക്ക് ഇറങ്ങിയ സഞ്ജു സാംസണ് ഇന്നലെ ഓപ്പണിങിലേക്ക് തിരികെയെത്തി. പക്ഷേ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഇഷാന് കിഷന് കൊണ്ടു പോയി. നാലാം ട്വന്റി 20 ഇന്ത്യ തോറ്റെങ്കിലും വരും മത്സരങ്ങളില്‍ ടീമിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെ പറ്റിയുള്ള സൂചനയാണിതെന്നാണ് ആരാധകരുടെ പക്ഷം.
Also Read: സഞ്ജു വന്നതും പോയതും അറിഞ്ഞില്ല; ഫിലിപ്സ് ‘ഫയറായി’; ഇന്ത്യയ്ക്ക് കനത്ത തോൽവി
പരുക്കുമാറി ഇഷാന് കിഷന് എത്തിയപ്പോള്‍ വൈഭവ് സൂര്യവംശിയാണ് പുറത്തിരിക്കേണ്ട വന്നത്. ടീമിലെത്തിയ ഇഷാന് വിക്കറ്റ് കീപ്പറുടെ ചുമതല കൂടി നല്കി. അതേസമയം, മറ്റു മത്സരങ്ങളില്‍ കീപ്പറായി കളിച്ച സഞ്ജു ഇന്നലെ ഗ്രൗണ്ടില്‍ സാധാരണ ഫില്ഡറുടെ ചുമതലയിലായിരുന്നു.
ഇഷാന് കീപ്പിങ് ചുമതല നല്‍കുന്നത് സഞ്ജുവിന്റെ സ്ഥാനത്തിനാണ് സമ്മര്‍ദമുണ്ടാക്കുന്നത്. ഫിറ്റായിരിക്കുമ്പോൾ ഇഷാൻ വിക്കറ്റ് കീപ്പർ പരിഗണനയിലുള്ള താരമാണെന്നാണ് ഇതിലൂടെ ടീം മാനേജ്മെന്റ് സൂചിപ്പിക്കുന്നത്. അധികമായി ഒരു ബോളറെയോ ഓള് റൗണ്ടറെയോ ടീമിലേക്ക് ആവശ്യമായി വരുന്ന സമയത്ത് സ്പെഷ്യലിസ്റ്റ് ബാറ്ററെ ഒഴിവാക്കാന്‍ ഇതിലൂടെ ടീം മാനജ്മെന്റിന് സാധിക്കും. ഇത് ടോപ്പ് ഓഡറില്‍ സഞ്ജുവിന് മത്സരംകൂട്ടും.
ഓപ്പണിങില്‍ അഭിഷേക് ശര്‍മ സ്ഥാനം ഉറപ്പിച്ചതാണ്. വൈഭവ് ഓപ്പണിങിലേക്ക് കണ്ണുവെച്ചുള്ള പ്രകടനമാണ്. വണ്‍ഡൗണായി ഇറങ്ങുന്ന ഇഷാനെ കീപ്പിങില്‍ കൂടി പരിഗണിക്കുമ്പോള്‍ ടോപ്പ് ഓര്‍ഡറില്‍ സഞ്ജുവിന് ഭീഷണിയാകും. ഇഷാനെ കീപ്പറാക്കി ഇറക്കിയത് സഞ്ജുവിനെ ഒഴിവാക്കാനുള്ള നീക്കമാണെന്ന് സോഷ്യല്‍ മീഡിയയിലെ സംസാരം. വൈഭവ് ബെഞ്ചിലിരിക്കുകയും ഇഷാന് കീപ്പിങ് തുടങ്ങുകയും ചെയ്യുന്നത് സഞ്ജു സാംസണിന്റെ കാര്യങ്ങൾ അവസാനിച്ചതിന്റെ സൂചനയാണെന്നാണ് ആരാധകരുടെ നിരീക്ഷണം.