കയ്യിൽ ഒരു സ്മാർട്ട്ഫോൺ സൂക്ഷിക്കാനോ സ്വന്തം പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാനോ പോലും ഭയക്കുന്ന അവസ്ഥ. കഴിഞ്ഞ നാല് വർഷമായി അജ്ഞാതനായ ഹാക്കറുടെ നിരന്തര സൈബർ ആക്രമണത്തിന് ഇരയാവുകയാണ് വയനാട് ബത്തേരി സ്വദേശിനിയായ അധ്യാപിക സൗമ്യയും കുടുംബവും. ഒൻപത് ഫോണുകൾ മാറ്റി, ബാങ്ക് അക്കൗണ്ടുകളും ആധാർ വിവരങ്ങളിലെ ഫോൺ നമ്പറും മാറ്റി. എന്നിട്ടും ദുരിതത്തിന് അറുതിയായില്ല. തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടും പുതിയ ഫോണുകൾ വാങ്ങിയും വായ്പകളുടെ തിരിച്ചടവ് മുടങ്ങിയും ഇന്ന് 22 ലക്ഷം രൂപയുടെ കടക്കെണിയിലാണ് സൗമ്യയുടെ കുടുംബം. Also Read: ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തു; ജീവനൊടുക്കാന്‍ ശ്രമിച്ച അധ്യാപിക മരിച്ചു
‘കരയാൻ പോലും കഴിയുന്നില്ല... കരഞ്ഞ് മടുത്തു. ആരെങ്കിലും പണം അയച്ചുതന്നാൽ എടിഎമ്മിൽ പോയി സിം കാർഡ് ഇട്ട്, പണം അയച്ചെന്ന സന്ദേശം ലഭിക്കുന്ന നിമിഷം തന്നെ പിൻവലിക്കണം. ഇന്ന് മകൾക്ക് കോളജ് ഫീസ് അടയ്ക്കാൻ പോലും പണമില്ല. വീട്ടിലുണ്ടായിരുന്ന ആകെ 40 രൂപ നൽകിയാണ് അവളെ കോളജിലേക്ക് അയച്ചത്. നാളെ യാത്രാക്കൂലി നൽകാൻ പോലും പണമില്ല. പല ദിവസങ്ങളിലും ആത്മഹത്യയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.’ സൗമ്യയുടെ വാക്കുകളിൽ നിറയുന്നത് വർഷങ്ങളായി അനുഭവിക്കുന്ന നിസ്സഹായതയും ഭയവുമാണ്.
2022-ലാണ് സൗമ്യയുടെ ജീവിതത്തിലേക്ക് ദുരന്തം പോലെ അജ്ഞാതനായ ഹാക്കർ കടന്നുവരുന്നത്. തുടക്കത്തിൽ ബാങ്ക് അക്കൗണ്ടിൽനിന്ന് ചെറിയ തുകകൾ നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ ഫോണുകൾ തനിയെ ഫാക്ടറി റീസെറ്റ് ആവുകയും പൂർണമായി പ്രവർത്തനരഹിതമാകുകയും ചെയ്തു. ഭയന്നുപോയ സൗമ്യ ആധാറിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ മാറ്റി. ബാങ്ക് അക്കൗണ്ടുകളും പുതിയ ഫോണും സിമ്മും ഇ-മെയിൽ ഐഡിയും സ്വന്തമാക്കി. എന്നാൽ ഇതൊന്നും ഫലിച്ചില്ല. ഒടുവിൽ മകളുടെ പേരിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലെ പണവും കഴിഞ്ഞ മേയിൽ നഷ്ടമായി.
ഇതിനോടകം ഒൻപത് ഫോണുകളാണ് സൗമ്യയ്ക്ക് മാറ്റേണ്ടിവന്നത്. 60,000 രൂപ വിലയുള്ള ഫോൺ വരെ ഇഎംഐയിൽ വാങ്ങി. എന്നാൽ മൂന്ന് മാസം പോലും ഉപയോഗിക്കാനായില്ല. വീണ്ടും ഫോൺ ഹാക്ക് ചെയ്യപ്പെട്ടതോടെ ഉപയോഗിക്കാനാകാത്ത ഫോണുകളുടെ ഇഎംഐ ഇപ്പോഴും അടച്ചുതീർക്കുകയാണ്. ബാങ്ക് അധികൃതരും പോലീസും ഫോണുകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായ വ്യാജ ആപ്പുകളൊന്നും കണ്ടെത്താനായില്ലെന്നാണ് സൗമ്യ പറയുന്നത്. ഇതോടെ ആരാണ് ഫോണുകളും അക്കൗണ്ടുകളും ലക്ഷ്യമിടുന്നതെന്നും എങ്ങനെയാണ് ആക്രമണം നടക്കുന്നതെന്നും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് കുടുംബം.
കഴിഞ്ഞ നാല് വർഷത്തിനിടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നഷ്ടമായത് ഏകദേശം രണ്ടര ലക്ഷം രൂപയാണ്. ഫോണുകൾ വാങ്ങുന്നതിനായി എടുത്ത വായ്പകളും മുടങ്ങിയ ഇഎംഐകളുടെ ബൗൺസ് ചാർജുകളും മറ്റ് സാമ്പത്തിക ബാധ്യതകളും ചേർന്നതോടെ കടം 22 ലക്ഷം രൂപയായി ഉയർന്നു. അയൽക്കൂട്ടങ്ങളിൽ പരസ്പരം ജാമ്യം നിന്ന് എടുത്ത മൈക്രോ ഫിനാൻസ് വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ സൗമ്യ മാത്രമല്ല, ജാമ്യം നിന്ന മറ്റ് സ്ത്രീകളും പ്രതിസന്ധിയിലായി. ഇതിനിടെ റവന്യൂ റിക്കവറി നോട്ടീസുകളും വീട്ടിലെത്തി. മാസം 7,000 രൂപ വാടക നൽകുന്ന വീട്ടിൽനിന്ന് എപ്പോൾ വേണമെങ്കിലും ഇറങ്ങേണ്ടിവരുമെന്ന ഭീതിയിലാണ് കുടുംബം. മകളുടെ കോളജ് ഫീസ് അടയ്ക്കാൻ പോലും പണമില്ലാത്ത അവസ്ഥ.
2023-ൽ തന്നെ സൈബർ പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നീതിയോ പരിഹാരമോ ലഭിച്ചിട്ടില്ലെന്നാണ് സൗമ്യയുടെ പരാതി. ഒരു സ്മാർട്ട്ഫോൺ പോലും കൈവശം വയ്ക്കാൻ കഴിയാതെ, അടിയന്തര സാഹചര്യമുണ്ടായാൽ ആരെയും ബന്ധപ്പെടാനാകാതെ ഭയത്തിലാണ് സൗമ്യയും കുടുംബവും കഴിയുന്നത്.
‘ലക്ഷങ്ങളും കോടികളും ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്ന എത്രയോ പേരുണ്ട് ഈ നാട്ടിൽ. എന്നിട്ടും ഒരു 500 രൂപ പോലും അക്കൗണ്ടിൽ സൂക്ഷിക്കാൻ കഴിയാത്ത എന്നോട് എന്തിനാണ് ഈ ക്രൂരത? കേൾക്കുന്നവർക്ക് ഇതൊരു കഥയായിരിക്കാം. പക്ഷേ ഞങ്ങൾ അനുഭവിക്കുന്ന നരകം ഞങ്ങൾക്ക് മാത്രമേ അറിയൂ– സൗമ്യ പറയുന്നു.
സൗമ്യയുടെ ചോദ്യം ഇന്നും ബാക്കിയാണ്: ആരാണ് തങ്ങളെയിങ്ങനെ വേട്ടയാടുന്നത്? എന്തിനാണ് ഈ ക്രൂരത? നാല് വർഷമായി തുടരുന്ന ഈ ദുരൂഹതയ്ക്ക് ഒരുത്തരം കണ്ടെത്താൻ അധികൃതർക്ക് ഇനിയും കഴിയുമോ?