AFP

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാംതോല്‍വി. ഹാമില്‍ട്ടണിലെ സെഡന്‍പാര്‍ക്കില്‍  അഞ്ചാം ട്വന്റി20 മത്സരത്തില്‍ ന്യൂസീലന്‍ഡ് ഏഴുവിക്കറ്റിന് ജയിച്ചു. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ബാക്കി നില്‍ക്കെ കിവീസ് മറിടകടന്നു. 50 പന്തില്‍ 93 റണ്‍സെടുത്ത ടിം സെയ്ഫര്‍ട്ട് 38 പന്തില്‍ പുറത്താകാതെ 65 റണ്‍സ് എടുത്ത ഗ്ലെന്‍ ഫിലിപ്സ് എന്നിവരാണ് കിവീസിന് അനായാസ ജയം ഉറപ്പിച്ചത്.

 

ഇന്ത്യ ബാറ്റിങ്ങിനു ബുദ്ധിമുട്ടിയ പിച്ചിൽ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ന്യൂസീലൻഡ് നടത്തിയത്. ഒൻ‍പതു റൺസിൽ നിൽക്കെ ഓപ്പണര്‍ ഫിൻ അലനെ രണ്ടു റൺസിൽ പുറത്താക്കിയ പേസർ അർഷ്ദീപ് സിങ് ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. എന്നാൽ ഡാരിൽ മിച്ചലിനെ കൂട്ടുപിടിച്ച് ടിം സെയ്ഫർട്ട് സ്കോർ ഉയർത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. സ്കോർ 82 ൽ നിൽക്കെ 26 റൺസെടുത്ത ഡാരിൽ മിച്ചലിനെ സ്പിന്നർ വരുൺ ചക്രവര്‍ത്തി അഭിഷേക് ശർമയുടെ കൈകളിലെത്തിച്ചു.

 

10.1 ഓവറിൽ കിവീസ് 100 പിന്നിട്ടു. ഗ്ലെൻ ഫിലിപ്സും തകർത്തടിച്ചതോടെ കിവീസിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ന്യൂസീലൻഡിനെ 168 എന്ന സുരക്ഷിത നിലയിലെത്തിച്ച ശേഷമാണ് ടിം സെയ്ഫെർട്ട് പുറത്തായത്. നിതീഷ് കുമാർ റെഡ്ഡിയുടെ 16–ാം ഓവറിലെ മൂന്നാം പന്തിൽ താരം ബോൾ‍ഡാകുകയായിരുന്നു. എന്നാൽ അർധ സെഞ്ചറി നേടി പുറത്താകാതെ നിന്ന ഗ്ലെൻ ഫിലിപ്സ് 18 ഓവറിൽ കിവീസിനെ വിജയത്തിലെത്തിച്ചു. ഭുവനേശ്വർ കുമാറിന്റെ 18–ാം ഓവറിലെ അവസാന രണ്ടു പന്തുകളും ബൗണ്ടറി കടത്തിയായിരുന്നു 12 പന്തുകൾ ബാക്കിനിൽക്കെ ന്യൂസീലൻഡിന്റെ വിജയാഘോഷം. 

 

ആദ്യമൂന്ന് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡിനായിരുന്നു ജയം.ഗ്ലെന്‍ ഫിലിപ്സാണ് പരമ്പരയിലെ താരം.

ENGLISH SUMMARY:

Malayala Manorama Online News provides the latest match report on India's second consecutive defeat against New Zealand in the fifth T20 international. Glenn Phillips and Tim Seifert powered the Kiwis to an easy seven-wicket victory at Seddon Park, Hamilton.