PTI
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച മഹാറാലിയിൽ പങ്കെടുക്കാനായി ജനം ഒഴുകിയെത്തിയതോടെ രാംലീല മൈതാനം പ്രതിഷേധ കടലായി. ഏഴിലൊന്നുപേരുടെ വോട്ട് ഇല്ലാതാക്കിയെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. ഗ്യാനേഷ് ചെയ്തത് രാജ്യദ്രോഹമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം ജയിലില്‍ പോകും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വോട്ടുമോഷണമാണിത്. അധികാരം അംബാനിയിലും അദാനിയിലും കേന്ദ്രീകരിക്കുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇവര്‍ ശതകോടികള്‍ നേടുന്നെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഇന്ത്യാസഖ്യ റാലിക്കിടെ കൊണോട്ട് പ്ലേസിലെ കടകള്‍ അടപ്പിച്ചതിലും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ബിജെപി സര്‍ക്കാര്‍ ബലമായി കടകള്‍ അടപ്പിച്ചു. ഷോപ്പിങ് നടത്താന്‍ പ്രതിഷേധക്കാരോട് പറഞ്ഞിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോദി–ഷാ കൂട്ടുകെട്ട് വോട്ടുകള്‍ മോഷ്ടിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. ആദ്യം ഗ്യാനേഷ്, പിന്നാലെ മോദിയെയും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് ‘കുമാറിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’– എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു
Also read: നേതാക്കൾ രാം ലീല മൈതാനിയിൽ; അലയടിച്ച് ‘വോട്ട് ബചാവോ, ദേശ് ബചാവോ’ മുദ്രാവാക്യം...
മുഖ്യമന്ത്രിമാരായ വി.ഡി.സതീശനും രേവന്ത് റെഡ്ഡിയും മറ്റു മന്ത്രിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. സി.പി.എം,സി.പി.ഐ, സമാജ്വാദി പാര്‍ട്ടി, ടി.എം.സി നേതാക്കള്‍ അടക്കമുള്ളവരുടെ വന്‍നിരയാണ് പ്രതിഷേധത്തില്‍ അണിനിരക്കുന്നത്. റാലി പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വോട്ടു കൊള്ള നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. കർഷകർക്ക് ആനുകൂല്യം ഇരട്ടിയാക്കുമെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. എന്നാൽ ഇരട്ടിയായത് കർഷക ആത്മഹത്യയാണെന്നും എം.എ.ബേബി പറഞ്ഞു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, സഞ്ജയ് റാവുത്ത്, സുപ്രിയ സുളെ തുടങ്ങിയ േനതാക്കൾ റാലിയുടെ ഭാഗമായി.
കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരുമാണ് റാലിയുടെ ഭാഗമാകാൻ ഡൽഹിയിൽ എത്തിയത്. റാലിയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നു പറഞ്ഞ ഡൽഹി പൊലീസ് ഡൽഹിയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആയിരത്തോളം പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയുമാണ് ഡൽഹിയിലെങ്ങും വിന്യസിച്ചിരിക്കുന്നത്. ഡൽഹിയിലുടനീളം സർക്കാർ കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്. സെൻട്രൽ ഡൽഹിയിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് നിയന്ത്രണം. ചില റോഡുകളിൽ ഗതാഗതം സാഹചര്യങ്ങൾക്കനുസരിച്ച് അനുവദിക്കും. യാത്രക്കാർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് നിർദേശിച്ചു.
അതേസമയം, മഹാറാലിയിൽ സിജെപി പങ്കെടുക്കില്ല. മഹാറാലിയെ പൂർണമായും പിന്തുണക്കുന്നുണ്ടെങ്കിലും സ്വതന്ത്ര നിലനിൽപ്പ് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് അഭിജിത്ത് ദീപ്കെ പറഞ്ഞു. സിജെപി ഒരു സ്വതന്ത്രവും നിഷ്പക്ഷവുമായ വേദിയാണ്. നിലവിലെ പോരാട്ടത്തിന്റെ ലക്ഷ്യം വലുതാണ്. അതിനാൽ, വോട്ട് കൊള്ളക്കെതിരെ പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കും എന്നും അഭിജിത്ത് ദിപ്കെ പറഞ്ഞു