മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതീകാത്മക ഇംപീച്ച്മെന്റിൽ മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ ഇരുന്ന കസേരയുടെ ചരിത്രം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് പവൻ ഖേര. ആ കസേര ഒരുകാലത്ത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉപയോഗിച്ചിരുന്നതാണെന്ന് പവൻ ഖേര എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ഉടനീളം നെഹ്‌റു ആ കസേരയിലായിരുന്നു ഇരുന്നതെന്നാണ് പവൻ ഖേര കുറിച്ചത്. നമ്മുടെ രാജ്യചരിത്രത്തിലെ ഏറ്റവും നിർണായകമായ ചില തീരുമാനങ്ങൾക്ക് ആ കസേര സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ പൈതൃകത്തിന്റെ ഭാരവും ആ കസേര വഹിക്കുന്നുവെന്നും പവൻ ഖേര പറയുന്നു.
'ഇന്ന്, അതേ കസേരയിൽ ഇരുന്ന്, നെഹ്‌റുവിനെ സ്മരിച്ചുകൊണ്ട്, മുൻ ലോക്‌സഭാ സ്പീക്കർ ശ്രീമതി മീരാ കുമാർ, ഗ്യാനേഷ് കുമാർ ഗുപ്തയെ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് തുടരാൻ അയോഗ്യനായി പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാർ ഗുപ്തയെ ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു. അദ്ദേഹം പുറത്തുപോകുന്നത് ഇനി വെറും നിമിഷങ്ങൾ മാത്രമേയുള്ളൂ' പവൻ ഖേര കുറിച്ചു.
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് ഇന്നലെ ഗ്യാനേഷ്കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ നടന്നത്. പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയിൽ പശ്ചാത്തലമൊരുക്കിയാണ് ഖാർഗെയുടെ വസതിയിലെ പുൽത്തകിടിയിൽ സമ്മേളനം തയാറാക്കിയത്. മുൻ സ്പീക്കർ മീര കുമാറായിരുന്നു അധ്യക്ഷ. മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രമേയം അവതരിപ്പിച്ചത്.