മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്കുമാറിനെതിരെ ഇന്ത്യ സഖ്യം നടത്തിയ ജനകീയ കുറ്റവിചാരണയിൽ കോൺഗ്രസിനെ വിമർശിച്ചും രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചും ബിജെപി. രാഹുലിനെ മോക് പാർലമെന്റിലെ മോക് പ്രധാനമന്ത്രിയാക്കൂ എന്ന് ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു. രാഹുലിന് മുന്നോട്ടുപോകാനുള്ള ഊർജമില്ലെന്ന് ലോകം നേരത്തെതന്നെ തിരിച്ചറിഞ്ഞതാണ്. ആ ഉപഗ്രഹം ഒരിക്കലും വിക്ഷേപിക്കപ്പെടാൻ പോകുന്നില്ലെന്നും സംബിത് പത്ര പരിഹസിച്ചു.

തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയാത്തതുകൊണ്ട് പ്രക്ഷോഭങ്ങളിലൂടെ സർക്കാരിനെ പുറത്താക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാഹുലിനെ ആജീവനാന്തകാലം നിങ്ങളുടെ പ്രതീകാത്മക പ്രധാനമന്ത്രിയാക്കിക്കോളൂ. ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. പാർലമെന്റിനെ തന്നെ പരിഹസിക്കുന്നതാണ് ഇന്ത്യാസഖ്യം സംഘടിപ്പിച്ച പ്രതീകാത്മക പാർലമെന്റെന്നും സംബിത് പത്ര വിമർശിച്ചു.

രാഹുലോ അദ്ദേഹത്തിന്റെ കൂട്ടാളികളോ, അവരുടെ ലക്ഷ്യം ഭരണകൂടത്തെ പുറത്താക്കലാണ്. എസ്‌ഐആറിനെതിരേയോ കുട്ടികളുടെ ഭാവിക്കുവേണ്ടിയോ അല്ല അവരുടെ പോരാട്ടം. അവരുടെ ഏകലക്ഷ്യം ഭരണകൂടത്തെ പുറത്താക്കൽ ആസൂത്രണം ചെയ്യുകയെന്നതാണ്. ജനം തുടർച്ചയായി തോൽപിച്ചതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ അധികാരം പിടിച്ചെടുക്കുക, എന്തു വിലകൊടുത്തും സ്വന്തം സർക്കാർ രൂപവത്കരിക്കുക എന്നതാണ് അവർ ഉദ്ദേശിക്കുന്നതെന്നും സംബിത് പത്ര ആരോപിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ ജനകീയ കുറ്റവിചാരണയ്ക്ക് പിന്നാലെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. കള്ളം പറഞ്ഞ് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു എന്നും  രാജ്യവിരുദ്ധ ശക്തികളുമായി കൈകോര്‍ക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി. സ്വന്തം കടമ മറന്ന പ്രതിപക്ഷമാണ് രാജ്യത്തുള്ളത്. രാജ്യത്തെ വിഭജിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഒരുപതിറ്റാണ്ടായുള്ള നിരാശകാരണം ഇവര്‍ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു. വിദേശത്തു രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തുന്നവരെയും ശത്രുക്കളുടെ ഭാഷയില്‍ സംസാരിക്കുന്നവരെയം തിരിച്ചറിയണമെന്നും മോദി പറഞ്ഞു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിച്ചാണ്‌ ഇന്ന് ജനകീയ കുറ്റവിചാരണ നടന്നത്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുൻ സ്പീക്കർ മീര കുമാറിന്റെ അധ്യക്ഷതയിലായിരുന്നു പ്രതീകാത്മക ഇംപീച്ച്‌മെന്റ്. മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രമേയം അവതരിപ്പിച്ചു. നാളെ രാംലീലാ മൈതാനില്‍ മഹാറാലി സംഘടിപ്പിക്കും.

ENGLISH SUMMARY:

Rahul Gandhi BJP news dominates current political discussions as the ruling party severely criticizes the opposition's mock impeachment of the Chief Election Commissioner. Sambit Patra and Prime Minister Narendra Modi accused the India Alliance of conspiring to destabilize the nation through continuous protests.