ഇന്ത്യാ സഖ്യത്തിന്‍റെ ചലോ ദില്ലി റാലി ഇന്ന് ഡല്‍ഹി രാംലീലാ മൈതാനിയില്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടാണ് റാലി. വോട്ടുകൊള്ള തുറന്നുകാട്ടുന്ന റാലിയില്‍ രാജ്യത്തിന്‍റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഇന്ത്യാസഖ്യ നേതാക്കള്‍ അറിയിച്ചു. പത്തുലക്ഷം പേരെങ്കിലും രാജ്യ തലസ്ഥാനത്ത് എത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും മാര്‍ച്ചായി രാം ലീല മൈതാനിയിലേക്ക് നീങ്ങും. മിന്‍റോ റോഡ് ജംഗ്ങഷില്‍ വിവിധ റാലികള്‍ സംഗമിച്ച് മുഖ്യവേദിയിലേക്ക് എത്തും. മുഖ്യമന്ത്രിമാരും എംപിമാരും സംസ്ഥാന മന്ത്രിമാരുമടക്കം പ്രമുഖര്‍ റാലിയില്‍ പങ്കെടുക്കും.

എന്നാല്‍, ഇന്ത്യാ സഖ്യ മഹാറാലിയിൽ സിജെപി പങ്കെടുക്കില്ല. മഹാറാലിയെ പൂർണമായും പിന്തുണക്കുന്നുണ്ടെങ്കിലും സ്വതന്ത്ര നിലനിൽപ്പ് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് അഭിജിത്ത് ദീപ്കെ പറഞ്ഞു. സിജെപി ഒരു സ്വതന്ത്രവും നിഷ്പക്ഷവുമായ വേദിയാണ്. നിലവിലെ പോരാട്ടത്തിന്റെ ലക്ഷ്യം വലുതാണ്. അതിനാൽ, വോട്ട് കൊള്ളക്കെതിരെ പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കും എന്നും അഭിജിത്ത് ദിപ്കെ പറഞ്ഞു.

കനത്ത സുരക്ഷ; ഗതാഗത നിയന്ത്രണം

നാലായിരം ഡല്‍ഹി പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും നഗരത്തില്‍ സുരക്ഷയൊരുക്കും. സെന്‍ട്രല്‍ ‍‍ഡല്‍ഹിയില്‍ രാവിലെ മുതല്‍ ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് നിയന്ത്രണം. റാലിയിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ വിവിധ റോഡുകളിൽ ഗതാഗതം തിരിച്ചുവിടും. നെതാജി സുഭാഷ് മാർഗ്, രാജ്ഘട്ട്, ഡൽഹി ഗേറ്റ്, ഐടിഒ, അജ്മേരി ഗേറ്റ്, ബാരഖംബ റോഡ് എന്നിവിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. മിന്റോ റോഡ്, ജെഎൽഎൻ മാർഗ്, അരുണ ആസഫ് അലി റോഡ്, കെജി മാർഗ്, ചെംസ്ഫോർഡ് റോഡ് എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ചില റോഡുകളിൽ ഗതാഗതം സാഹചര്യങ്ങൾക്കനുസരിച്ച് അനുവദിക്കും. യാത്രക്കാർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് നിർദേശിച്ചു. യാത്രക്കാര്‍ കുടുതലായി മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്തണം. ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവർ നിർദേശിക്കുന്ന ബദൽ പാതകൾ പിന്തുടരണമെന്നും ട്രാഫിക് പൊലീസ് നിര്‍ദേശിച്ചു.

ദീപാവലി കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികള്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ മഹാറാലിയെ എതിർക്കുന്ന വ്യാപാരികളെ ചേർത്തുനിർത്തി രാഹുൽ ഗാന്ധിയും രംഗത്തെത്തി. പ്രതിഷേധത്തിന് എത്തുന്നവരോട് ചെറിയ ഷോപ്പിങിനും ആഹ്വാനം. ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കണം. പ്രതിഷേധങ്ങൾക്കാപ്പം ഉത്‌സവകാലം ആയതിനാൽ സാധനങ്ങൾ കൂടി വാങ്ങാൻ പ്രവർത്തകർ തയ്യാറാകണം. റാലി കച്ചവടത്തെ ബാധിക്കും എന്നത് ബിജെപി പ്രചാരണമാണ് എന്നും രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

അതേസമയം, റാലി ഇന്ന് നടക്കാനിരിക്കെ സിഖ് സമുദായങ്ങളെ പങ്കെടുപ്പിച്ച് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. 1984ലെ സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പുപറയണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൂട്ടക്കൊലയിലെ ഇരകളുടെ ബന്ധുക്കള്‍ പങ്കെടുക്കും. സിഖ് സമുദായാംഗങ്ങള്‍ കൂടുതല്‍ ഉള്ള ഹരി നഗറില്‍ നടക്കുന്ന മാര്‍ച്ചിന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി നേതൃത്വം നല്‍കും. സിഖ് സമുദായത്തെ അപമാനിക്കാനാണ് നവംബര്‍ ഒന്നിന് ഇന്ത്യാ സഖ്യ റാലി സംഘടിപ്പിച്ചതെന്ന് നേരത്തെ ബി.ജെ.പി. ആരോപിച്ചിരുന്നു. ഹരിയാനയിലെ റോഹ്തക്കില്‍ ബി.ജെ.പി. ജനാധിപത്യ സംരക്ഷണ മാര്‍ച്ചും നടത്തുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ നേതൃത്വം നല്‍കും. ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ബി.ജെ.പി,. രാജ്യവ്യാപകമായി നടത്തുന്ന പദയാത്രയുടെ ഭാഗമാണ് ഹരിയാനയിലെ പരിപാടി.

ENGLISH SUMMARY:

The INDIA bloc is holding its massive 'Chalo Delhi' rally at Ramlila Maidan in New Delhi today to demand the resignation of Chief Election Commissioner Gyanesh Kumar over alleged vote rigging. Congress leaders claim that nearly one million supporters, along with Chief Ministers, MPs, and senior leaders from across the country, are expected to converge at the capital. Delhi Police and paramilitary forces have deployed 4,000 personnel and issued strict traffic advisories across central Delhi from 10 AM to 5 PM to manage the crowd. Meanwhile, the BJP is countering the event by organizing a protest march led by Union Minister Hardeep Singh Puri, demanding an apology from Rahul Gandhi over the 1984 anti-Sikh riots.