വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തില്‍  പ്രിന്‍സിപ്പലിന് സ്ഥലം മാറ്റം. ഷിവി കൃഷ്ണനെ വടുവഞ്ചാല്‍ സ്കൂളിലേക്ക് സ്ഥലംമാറ്റി. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആരോപണം നേരിട്ട പിടിഎ പ്രസിഡന്‍റിനെ മാറ്റാനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. 

 

ഹൈദരാബാദ് പഠനയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് മീനങ്ങാടി സ്കൂളിനു മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം ഉയർത്തിയത്. പിന്നാലെ പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായി.  മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കൾ അടക്കം വിനോദ യാത്ര കഴിഞ്ഞ് വന്ന പ്രിൻസിപ്പലിനെ തടഞ്ഞിരുന്നു. സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഷിവി കൃഷ്ണൻ പറഞ്ഞു. യാത്രയിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികളും പ്രിൻസിപ്പലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 

 

എന്നാൽ, രക്തപരിശോധനാ ഫലം പൂർണമായി അംഗീകരിക്കാൻ ഒരു വിഭാഗം ആളുകൾ തയ്യാറല്ല . സംഭവം നടന്ന് 12 മണിക്കൂർ വരെ വൈകിയാണ് രക്തസാമ്പിൾ ശേഖരിച്ചതെന്നും, അതുകൊണ്ടാണ് ഫലം നെഗറ്റീവായതെന്നും ആണ് ആരോപണം മദ്യത്തിന്റെ അംശം കൂടുതൽ സമയം ശരീരത്തിൽ തങ്ങിനിൽക്കുന്ന യൂറിൻ പരിശോധനയ്ക്ക് പ്രിൻസിപ്പൽ വിസമ്മതിച്ചതിലും ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. 

ENGLISH SUMMARY:

Wayanad Meenangadi school tour controversy led to the transfer of Principal Shivi Krishnan following a rigorous investigation by education authorities. The incident involving allegations of alcohol consumption during a Hyderabad study tour sparked massive protests and widespread media attention.