ഒരാഴ്ചത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി അറിയിച്ചതോടെ പ്രതിസന്ധിക്ക് പരിഹാരം. 600 മെഗാവാട്ട് വൈദ്യുതി ലഭിക്കും. യൂണീറ്റിന് 8.65 രൂപ നിരക്കില്‍ GNA വഴിയും വൈദ്യുതി കിട്ടും. പരമാവധി 500 മെഗാവാട്ട് നല്‍കാമെന്നാണ് ധാരണ. സ്ഥിതി വിലയിരുത്തി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കെഎസ്ഇബി ചെയര്‍മാനുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. FIRST ON MANORAMA NEWS
നാളെ രാത്രി മുതൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ആറ് സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് അന്വേഷിച്ചെങ്കിലും ലഭ്യത ഉറപ്പാക്കാനായിരുന്നില്ല. മതിയായ വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണം അനിവാര്യമായി വരുമായിരുന്നെന്ന് കെഎസ്ഇബി വ്യക്തമാക്കി.
800 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നിലവിലുണ്ട്. ചൂട് കനത്ത് ഉപഭോഗം കൂടിയാൽ രാത്രികാല വൈദ്യുതിയുടെ കുറവ് ആയിരം മെഗാവാട്ട് കടക്കും. കെ.എസ്.ഇ.ബി ചെയർമാൻ ആറ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പിക്കാനായിരുന്നില്ല.
കേന്ദ്ര വിഹിതം കൂടുതൽ അനുവദിക്കുന്നതിന്റെ സാധ്യത തേടുന്നതായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള എല്ലാ വഴികളും അന്വേഷിക്കുന്നതായും കെ.എസ്.ഇ.ബി ചെയർമാൻ എം.ജി രാജമാണിക്യം അറിയിച്ചു. കൂടിയ വിലയ്ക്ക് ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നില്ലെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും ബദൽ മാർഗങ്ങൾ യാതൊന്നും നിർദേശിച്ചിട്ടില്ല.