എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരാഹാരം കിടന്ന സമരസമിതി നേതാവ് വളര്‍മതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിനെ തടഞ്ഞ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍മതിയെ ബലമായി കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടനിരാഹാരം തുടങ്ങി.
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്തതിന് വളര്‍മതി ഉള്‍പ്പെടെ 58 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന ഉദ്യോഗാര്‍ഥികളെ പൊലീസ് അനുനയിപ്പിച്ച് നീക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആര്‍എംഒ ജയകുമാര്‍ നിരാഹാരം കിടക്കുന്ന വളര്‍മതിയെ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. വളര്‍മതി വിസമ്മതിച്ചതോടെ റാങ്ക് ഹോള്‍ഡേഴ്സും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സമരത്തിന് പിന്തുണയുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസിനോട് തട്ടിക്കയറി.
സമരമവസാനിപ്പിക്കാന്‍ വിസമ്മതിച്ച വളര്‍മതിയെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതോടെ സംഘര്‍ഷമായി. യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വളര്‍മതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതി കൂട്ടനിരാഹാരം തുടങ്ങി.