ആദ്യ പന്തില്‍ ഫോര്‍.. അടിച്ചു തുടങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് മുന്നില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ആരും തല്ലുവാങ്ങാതിരുന്നില്ല. ജേക്കബ് ഡുഫിയുടെ ആദ്യ ഓവറില്‍ തന്നെ 26 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. രാജ്യാന്തര ട്വന്റി 20യില്‍ ഓപ്പണിങ് ഓവറില്‍ നേടുന്ന ഏറ്റവും വലിയ റണ്‍സാണിത്. 2023 മെയിൽ ജിബ്രാൾട്ടറിനെതിരെ മാൾട്ടയുടെ വരുൺ തമോത്തരൻ നേരത്തെ ഇത്രയും റണ്‍സ് വഴങ്ങിയിട്ടുണ്ട്.
Also Read: വെല്ലിങ്ടണില്‍ ‘ശതാ’ഭിഷേകം! ഇന്ത്യയ്ക്ക് മിന്നല്‍ വിജയം, പരമ്പര
അഭിഷേക് ശര്‍മയുടെ തുടക്കവും ഗംഭീരമായിരുന്നു ആദ്യ പന്തില്‍ സിക്സര്‍. നേരിട്ട ആദ്യ പന്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ സിക്സർ നേടിയ താരമെന്ന റെക്കോര്‍ഡും അഭിഷേക് സ്വന്തം പേരിലാക്കി. ഇത് എട്ടാം തവണയാണ് അഭിഷേക് സിക്സടിച്ച് കളി തുടങ്ങുന്നത്.
2.2 ഓവറില്‍ ഇന്ത്യ സ്കോര്‍ 50 കടത്തി. രാജ്യാന്തര ട്വന്റി 20 മത്സരത്തില്‍ വേഗത്തിലുള്ള അര്‍ധ സെഞ്ചറി എന്ന ലോക റെക്കോര്‍ഡിനൊപ്പം ടീം ഇന്ത്യയെത്തി. വാനുവാട്ടുവിനെതിരെ പാപ്പുവ ന്യൂ ഗിനിയയും (പോർട്ട് മോസ്ബി, 2019) സെർബിയയ്ക്കെതിരെ റൊമാനിയയും (2021) 2.2 ഓവറില്‍ 50 റണ്‍സെടുത്തിട്ടുണ്ട്.
പിന്നാലെ അഞ്ചാം ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 100 കടന്നു. രാജ്യാന്തര ട്വന്റി 20യിലെ വേഗമേറിയ ടീം 100 ആണിത്. 5.2 ഓവറില്‍ സെർബിയയ്ക്കെതിരെ റൊമാനിയ നേടിയ 100 റണ്‍സാണ് ഇന്ത്യ മറികടന്നത്. ആറാം ഓവറില്‍ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 118 കടന്നിരുന്നു. രാജ്യാന്തര ട്വന്റി 20യിലെ മത്സരങ്ങളിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോര്‍ എന്ന റെക്കോര്‍ഡും ഇന്ത്. സ്വന്തമാക്കി.
15 പന്തിലാണ് അഭിഷേക് ശര്‍മ അര്‍ധ സെഞ്ചറി നേടിയത്. ഫുള്‍ മെംബര്‍ ടീമിനെതിരെയുള്ള വേഗമെറിയ അര്‍ധ സെഞ്ചറികളില്‍ ആദ്യ ആറില്‍ രണ്ടെണ്ണം അഭിഷേകിന്റെ പേരിലാണ്. നേരത്തെ ന്യൂസിലന്‍ഡിനെതിരെ 14 പന്തില്‍ അഭിഷേക് അര്‍ധ സെഞ്ചറി നേടിയിട്ടുണ്ട്. 35 പന്തിലാണ് അഭിഷേക് ശര്‍മ സെഞ്ചറിയിലേക്ക് എത്തിയത്. താരത്തിന്റെ നാലാമത്തെ രാജ്യാന്തര ട്വന്റി20 സെഞ്ചറിയാണിത്. ട്വന്റി 20യില്‍ ഇത് 11–ാമത്തേതും. 10 സെഞ്ചറി നേടിയ വിരാട് കോലിയെ മറികടന്നു.
11 സിക്സും ഒന്‍പത് ഫോറും സഹിതമാണ് അഭിഷേക് സെഞ്ചറി തികച്ചത്. അത് ഏഴാം തവണയാണ് അഭിഷേക് ഒരു ഇന്നിങ്സില്‍ പത്തിലധികം സിക്സര്‍ േനടുന്നത്. 38 പന്തില്‍ 113 റണ്‍സുമായാണ് അഭിഷേക് പുറത്താകുന്നത്.
13.2 ഓവറിലാണ് ഇന്ത്യ 193 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. 190 റണ്‍സിനു മുകളില്‍ പിന്തുടര്‍ന്ന ഇന്ത്യ 40 പന്ത് ശേഷിക്കെയാണ് ജയിച്ചത്. ട്വന്റി 20യില്‍ രണ്ടാമത്തെ വലിയ വിജയമാണിത്.