Image Credit: PTI
ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് വെടിക്കെട്ട് തുടക്കം നല്‍കി വൈഭവ് സൂര്യവംശി. ഒരോവറില്‍ മുഹമ്മദ് സിറാജിനെ മൂന്ന് ബൗണ്ടറി പറത്തിയാണ് വൈഭവ് ആദ്യ ദിനം കളി തുടങ്ങിയത്. 44 റണ്‍സെടുത്ത് പുറത്തായെങ്കിലും അഭിമന്യു ഈശ്വരനുമൊത്ത് കൂട്ടുകെട്ട് 100 കടത്തിയ ശേഷമായിരുന്നു വൈഭവിന്‍റെ മടക്കം. ഏഴാം ഓവറിലാണ് സിറാജിനെ വൈഭവ് അടിച്ചു പറത്തിയത്. ഓവറിലെ ആദ്യ പന്ത് കട്ഷോട്ടിലൂടെ ബൗണ്ടറി കടത്തി. അടുത്ത പന്ത് ലോങ് ഓഫിന് മുകളിലൂടെ സിക്സര്‍. മൂന്നാമത്തെ പന്ത് അതേ സ്ലോട്ടില്‍ ഫുള്‍ ബോള്‍ എറിഞ്ഞ സിറാജിനെ അതേ ഷോട്ടിലൂടെ പന്ത് ബൗണ്ടറിയിലെത്തിച്ച് വൈഭവ് മികവ് കാട്ടി.
വൈഭവിനെ കാണാന്‍ വേണ്ടി തന്‍റെ ഭാര്യ വരെ ക്രിക്കറ്റ് കളി കാണുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്രിസ് ശ്രീകാന്ത് പ്രശംസിച്ചിരുന്നു. മികച്ച രീതിയിലാണ് താരം കളിക്കുന്നതെന്നും നല്ല പ്രോല്‍സാഹനം ലഭിക്കേണ്ടതുണ്ടെന്നും നന്നായി പരുവപ്പെടുത്തിയാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി മാറുമെന്നും ശ്രീകാന്ത് പറഞ്ഞു. 'ടെസ്റ്റ് ക്രിക്കറ്റിനെ അതിന്‍റെ പ്രതാപ കാലത്തേക്ക് കൊണ്ടുപോകാന്‍ ശേഷിയുള്ള താരമാണ് വൈഭവ്. ദുലീപ് ട്രോഫി വൈഭവുള്ളത് കൊണ്ടാണ് ഇത്രയധികം പേര്‍ കാണുന്നത്. ക്രിക്കറ്റ് ലോകത്തിന് തന്നെ വൈഭവ് മുതല്‍ക്കൂട്ടാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15-ാം ഓവറിൽ 44 റൺസെടുത്ത് നിന്ന വൈഭവിനെ ചാമ മിലിന്ദാണ് ഡീപ് മിഡ് വിക്കറ്റില്‍ കുടുക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഈസ്റ്റ് സോണ്‍ മികച്ച തുടക്കം നേടി. 39 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയിലാണ് ഈസ്റ്റ് സോണ്‍.