Cricket - Fourth T20 International - England v India - Seat Unique Stadium, Bristol, Britain - July 9, 2026 India's Vaibhav Sooryavanshi looks dejected as he walks off the field with teammates after England win the match Action Images via Reuters/Andrew Boyers
ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐയുടെ മുന്നറിയിപ്പ്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയ്ക്കും വൈഭവ് സൂര്യവംശിക്കുമാണ് ബിസിസിഐ കര്‍ശന നിര്‍ദേശം നല്‍കിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അഭിഷേകും വൈഭവും തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്നവരാണെന്നും ആദ്യ പന്ത് മുതല്‍ സിക്സര്‍ പറത്തിയാണ് ഇരുവര്‍ക്കും ശീലമെന്നും അത് നല്ലതാണ് പക്ഷേ നിയന്ത്രിച്ച് കളിക്കണമെന്നുമാണ് ബിസിസിഐയുടെ ഉപദേശം. ടീമിന്‍റെ ആവശ്യം മനസിലാക്കി വേണം ബാറ്റ് വീശാനെന്ന് ഇരുവരെയും ധരിപ്പിച്ചുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
15 വയസും 99 ദിവസവും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി ഇംഗ്ലണ്ടിനെതിരെയാണ് രാജ്യാന്തര ട്വന്‍റി 20യില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായും വൈഭവ് മാറി. 1989 ല്‍ സച്ചിന്‍ കുറിച്ച റെക്കോര്‍ഡാണ് താരം തകര്‍ത്തത്. പ്രതീക്ഷകളുടെ ഭാരവുമായി കളിക്കാനിറങ്ങിയ വൈഭവിന് പക്ഷേ കഴിഞ്ഞ മൂന്ന് കളികളില്‍ 14,13,15 എന്നിങ്ങനെ മാത്രമാണ് റണ്‍സെടുക്കാന്‍ കഴിഞ്ഞത്.
ഐപിഎല്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച വൈഭവ് 237.30 സ്ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് അടിച്ച് കൂട്ടിയത്. അതിന് പിന്നാലെ നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ എന്നിവര്‍ക്കെതിരെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി 211 റണ്‍സും നേടി. 94 ആയിരുന്നു മികച്ച സ്കോര്‍. ശ്രീലങ്ക എയ്ക്ക് എതിരെ നടന്ന മല്‍സരത്തില്‍ 11 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ചറി നേടിയത്.
അഭിഷേക് ശര്‍മയാകട്ടെ, അയര്‍ലന്‍ഡിനെതിരെ 49,0 എന്നിങ്ങനെയും ഇംഗ്ലണ്ടിനെതിരെ 59,43,16 എന്നിങ്ങനെയുമാണ് സ്കോര്‍ ചെയ്തത്. കളി ജയിപ്പിക്കാന്‍ പോന്ന ഇന്നിങ്സുകളൊന്നും ഇരുവരില്‍ നിന്നും ഉണ്ടായിട്ടില്ല. അഞ്ചു മല്‍സരങ്ങളുടെ പരമ്പയില്‍ 3–0 ത്തിന് ഇംഗ്ലണ്ട് നിലവില്‍ മുന്നിലാണ്. മഴ മൂലം ആദ്യ മല്‍സരം ഉപേക്ഷിച്ചിരുന്നു. നേരത്തെ അയര്‍ലന്‍ഡിനെതിരായ രണ്ട് മല്‍സരങ്ങളും ഇന്ത്യ തോറ്റിരുന്നു.