ഐപിഎല്ലിലും ഇന്ത്യ എയുടെ പര്യടനത്തിലും തകര്‍ത്തടിച്ച വൈഭവ് സൂര്യവംശിയുടെ ബാറ്റ് ഇംഗ്ലണ്ടില്‍ വിശ്രമത്തിലാണ്. മൂന്നു മല്‍സരങ്ങളിലായി ബെഞ്ചിലാണ് വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി 20 ഇന്നു നടക്കാനിരിക്കെ ഇന്ന് കളിക്കുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതില്‍ വലിയ സൂചന നല്‍കുകയാണ് വൈഭവിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇന്ത്യന്‍ സമയം രാത്രി ഏഴിന് ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മല്‍സരം.
പുതിയ തുടക്കം (New Chapter) എന്ന തലക്കെട്ടോടെ ഇന്ത്യന്‍ ജഴ്സില്‍ ബാറ്റ് ചെയ്യുന്ന ചിത്രമാണ് വൈഭവ് പങ്കുവച്ചത്. ഇതാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ 15 കാരന്‍ ഇന്ന് കളിക്കും എന്ന അഭ്യൂഹത്തിന് കാരണം. ടീമിനൊപ്പം നെറ്റ്സില്‍ പരിശീലനം നടത്തിയ വൈഭവ് മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. എന്നാല്‍ മല്‍സരത്തിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ബൗളിങ് കോച്ച് മോണി മോര്‍ക്കല്‍ വൈഭവിന് അനുകൂലമായല്ല സംസാരിച്ചത്.
അഭിഷേക് ശര്‍മയെയും സഞ്ജു സാംസണെയും ഒഴിവാക്കി വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ന്യായമല്ലെന്ന നിലപാടാണ് അദ്ദേഹത്തിന്‍റേത്. അതേസമയം, നെറ്റ്സില്‍ വൈഭവിന്‍റെ ബാറ്റിങ് തങ്ങളെ ആകർഷിച്ചിട്ടുണ്ടെന്നും മോണി മോര്‍ക്കല്‍ പറഞ്ഞു. വൈഭവ് എങ്ങനെ കളിക്കും എന്ന് കാണാൻ ഞങ്ങൾക്കും വലിയ ആവേശമുണ്ട്. അവസരം ലഭിക്കുമ്പോൾ അവൻ അതിന് പൂർണ്ണ സജ്ജനായിരിക്കും. ടീമുമായി വളരെ പെട്ടെന്ന് വൈഭവ് പൊരുത്തപ്പെട്ടു' എന്നും മോണി പറഞ്ഞു.
മൂന്നു മല്‍സരങ്ങളിലും മോശം ഫോമിലുള്ള ഓപ്പണര്‍ സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവംശിയെ പരിഗണിക്കണം എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ 5, 0, 1 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലെ സഞ്ജുവിന്‍റെ സ്കോര്‍. എങ്കിലും സഞ്ജുവിനെ പിന്തുണയ്ക്കാനാണ് ടീം ഇന്ത്യയുടെ തീരുമാനം എന്നാണ് സൂചന. സഞ്ജു ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി, ലോകകപ്പിലെ മാന്‍ ഓഫ് ദി സീരിസാണ്. ഇങ്ങനെയുള്ള താരത്തില്‍ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ട്. ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ടീമിലെ എല്ലാവര്‍ക്കും നല്ല സൂചന നല്‍കുമെന്നും മോണി മോര്‍ക്കല്‍ പറഞ്ഞു.