ഇന്ത്യയുടെ കൗമാര ബാറ്റിങ് വിസ്മയമാണ് വൈഭവ് സൂര്യവംശി. പതിനഞ്ചാം വയസില്‍ ടീമില്‍ ഇടം പിടിച്ച വൈഭവിന്‍റെ രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റം പക്ഷേനീളുകയാണ്. ഓപ്പണറായ സഞ്ജുവാകട്ടെ കഴിഞ്ഞ കളികളിലെല്ലാം നിരാശപ്പെടുത്തുകയും ചെയ്തു. ഇതോടെ സഞ്ജുവിന് പകരം വൈഭവിനെ ടീമിലേക്ക് വിളിക്കണമെന്ന മുറവിളി ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ സഞ്ജുവിനെ ഒഴിവാക്കി തിടുക്കപ്പെട്ട് വൈഭവിനെ ടീമിലെടുക്കേണ്ട കാര്യമില്ലെന്ന് തുറന്നുപറയുകയാണ് ബിസിസിഐ മുന്‍ സിലക്ടര്‍ സബാ കരീം. അങ്ങനെ ചെയ്താലത് സഞ്ജുവിനോടുള്ള അനീതിയാകുമെന്നും സഞ്ജുവില്ലായിരുന്നുവെങ്കില്‍ ട്വന്‍റി 20 കിരീടം ഇന്ത്യയ്ക്ക് നിലനിര്‍ത്താന്‍ കഴിയില്ലായിരുന്നുവെന്നും സബ തുറന്ന് പറയുന്നു.
'വൈഭവിനെ ഇത്ര നേരത്തേ ടീമിലെടുക്കണമെന്ന് ഞാന്‍ പറയില്ല. സഞ്ജു പ്രതിഭാശാലിയായ താരമാണ്. കളി ജയിപ്പിക്കാന്‍ കഴിവുള്ളവനാണ്. ഐപിഎലിലും മികച്ച റെക്കോര്‍ഡുണ്ട്. അതിന് മുന്‍പ് ട്വന്‍റി 20യിലെ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റും സഞ്ജുവായിരുന്നു. ഇപ്പോഴിതാ വൈഭവിനെ കളിപ്പിക്കണമെന്ന് പറഞ്ഞ് സഞ്ജുവിന് നേരെ വിരല്‍ ചൂണ്ടുന്നതിന്‍റെ അര്‍ഥമെന്താണ്? ഇതെന്താ എല്ലാവരും എന്‍റെ നേര്‍ക്ക് തിരിയുന്നതെന്ന് സഞ്ജു തന്നെ ചിന്തിക്കുന്നുണ്ടാവും'- സബ കരീം സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഫോളോ ദ് ബ്ലൂസില്‍ പറഞ്ഞു.
പതിനഞ്ചാം വയസില്‍ ഇന്ത്യന്‍ ടീമിന്‍റെ ഡ്രസിങ് റൂമിലെത്തിയത് തന്നെ സ്വപ്നതുല്യമായ നേട്ടമാണെന്ന് വേണം വൈഭവ് കരുതാന്ന് സബ പറയുന്നു. എങ്ങനെയാണ് ഒരു മനുഷ്യനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും വളരുന്നതെന്ന് പഠിക്കാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഏത് പ്രതിഭാ സമ്പന്നനും ഇത്രയും മല്‍സരം നിറഞ്ഞൊരു സാഹചര്യത്തില്‍ സ്വന്തം അവസരം വരുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയുള്ളവനാകണമെന്ന് വൈഭവിന് പഠിക്കാന്‍ കഴിയും'- സബ വ്യക്തമാക്കി.
സബാ കരീമിന്‍റെ അഭിപ്രായത്തോട് യോജിക്കുന്ന നിലപാടാണ് പരിപാടിയില്‍ പങ്കെടുത്ത ചേതേശ്വര്‍ പൂജാരയും പ്രകടിപ്പിച്ചത്. 'വൈഭവിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ അവസരമാണ്. പ്ലേയിങ് ഇലവനില്‍ വൈഭവിന് ഒരുപക്ഷേ ഇടം കിട്ടിയില്ലെങ്കിലും അദ്ദേഹം ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ്. പതിനഞ്ചംഗ ടീമില്‍ ഇടം പിടിക്കുക ചില്ലറക്കാര്യമല്ല. പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞാലത് സ്വപ്നതുല്യമാകും' - പൂജാര പറഞ്ഞു. ' അവസരം വരുന്നത് വരെ വൈഭവ് കാത്തിരിക്കണം. വൈഭവ് ടീമിന്‍റെ ഭാഗമാണെന്നത് പോസിറ്റീവായ കാര്യമാണ്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനും സമയം ചിലവഴിക്കാനുമെല്ലാം കഴിയുന്നത് വൈഭവിന് ഗുണം ചെയ്യും. പകരംവയ്ക്കാനില്ലാത്ത പ്രതിഭയുള്ള താരമാണ് വൈഭവ്. പക്ഷേ ഇപ്പോള്‍ കുറച്ച് ക്ഷമ കാണിക്കേണ്ടതുണ്ട്'- പൂജാര നിലപാട് വ്യക്തമാക്കി.
നിലവില്‍ ഇംഗ്ലണ്ടില്‍ അഞ്ചു മല്‍സരങ്ങളുള്ള ട്വന്‍റി 20 പരമ്പര കളിക്കുകയാണ് ഇന്ത്യ. ആദ്യത്തെ കളി മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. രണ്ടാമത്തെ ട്വന്‍റി 20 നാളെയാണ് നടക്കുക.