saysudharasan

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തലവേദനയായി കളിക്കാരുടെ പരുക്ക്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ജസ്പ്രീത് ബുംറയ്ക്ക് പിന്നാലെ സായ് സുദര്‍ശനും ഒഴിവായതോടെയാണ് ആശങ്കയേറുന്നത്. പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ബെഗളൂരു വിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മണുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

ഇന്ത്യന്‍ ടീമംഗങ്ങളെ അലട്ടുന്ന പരുക്കുകള്‍ പലവിധം. ജസ്പ്രീത് ബുംമ്രയ്ക്ക് കാൽമുട്ടിലെ നീര്. സായ് സുദർശന് ഇടതുകാലിലെ പെരുവിരലില്‍ ക്ഷതം. ഫിറ്റ്നസ് വീണ്ടെടുക്കുന്ന മുറയ്ക്ക് ടീമിൽ ഉൾപ്പെടുത്താമെന്ന വ്യവസ്ഥയോടെയാണ് സായ് സുദർശനെയും ബുമ്രയെയും ടെസ്റ്റ് ടീമില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. രണ്ടുപേര്‍ക്കും ശാരീരികക്ഷമത വീണ്ടെടുക്കാനായില്ല. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നിവര്‍ക്ക് വിവിധ തരത്തിലുള്ള പേശിവലിവാണ്. ആകാശ് ദീപ് ആകട്ടെ ബംഗാളിന്റെ രഞ്ജി ട്രോഫി സെമി ഫൈനൽ തോൽവിക്ക് ശേഷം നടുവിനേറ്റ പരുക്കിനെ തുടർന്ന് ഏറെ നാളായി ടീമിന് പുറത്താണ്. ഇതിനുപുറമെ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ് എന്നിവരും സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാധത്തിലാണ്. സാഹചര്യം വിലയിരുത്തുന്നതിനായി ബി.സി.സി.ഐ സെക്രട്ടറി സൈകിയ വി.വി.എസ്. ലക്ഷ്മണിനൊപ്പം ബെംഗളൂരുവിലെത്തും. ദേശീയ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറോ, സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറോ ഓൺലൈനായി പങ്കെടുത്തേയ്ക്കും. കളിക്കാരുടെ പരുക്ക് സംബന്ധിച്ച് സെന്‍ര്‍ ഓഫ് എക്സലന്‍സും സിലക്‌ഷൻ കമ്മിറ്റിയും തമ്മിൽ ഭിന്നതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

അമിതഭാരവുമായാണ് ഹർഷിത് റാണ ഇംഗ്ലണ്ടിലെത്തിയത്. ശ്രലങ്കയ്ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഒന്നിനെങ്കിലും ബുമ്രയും സായ് സുദർശനും കളിക്കുമെന്നായിരുന്നു സിലക്‌ഷൻ കമ്മിറ്റിക്ക് ആദ്യം ലഭിച്ച വിവരം. ബുംറയുടെ നീര്‍ക്കെട്ട് ഭേദമാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന്  പിന്നീട് വ്യക്തമായി. സായ് സുദർശന്‍റെ പരുക്കും ഭേദമായില്ല.

ENGLISH SUMMARY:

Indian cricket team injuries are causing concern as key players like Jasprit Bumrah and Sai Sudharsan are sidelined. BCCI officials will meet with NCA head VVS Laxman to assess the fitness of various players affected by different types of injuries.