Image : nstagram.com/smriti_mandhana

Image : nstagram.com/smriti_mandhana

ജീവിതത്തിൽ നേരിടേണ്ടി വന്ന ‘ഏറ്റവും കഠിനമായ രാത്രി’യെ കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ഓപ്പണിങ് ബാറ്ററും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ഥന. യൂട്യൂബർ രാജ് ഷമാനി അവതാരകനായ പോഡ്കാസ്റ്റിലായിരുന്നു സ്മൃതിയുടെ തുറന്നു പറച്ചില്‍. ജീവിതത്തിലെ ഏറ്റവും കഠിനമേറിയ രാത്രി ഏതായിരുന്നു എന്ന രാജ് ഷമാനിയുടെ ചോദ്യത്തോടുള്ള സ്മൃതിയുടെ പ്രതികരണമാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.

ചോദ്യം കേട്ടയുടൻ കുറച്ചുനേരം ആലോചിച്ച ശേഷമായിരുന്നു സ്മൃതി‌യുടെ മറുപടി. വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കാതെ ക്രിക്കറ്റിനെക്കുറിച്ച് മാത്രമാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നതെന്ന് സ്മൃതി വ്യക്തമാക്കി. കുറച്ചു നിമിഷത്തെ മൗനത്തിന് ശേഷം, ചോദ്യത്തിന് ഉത്തരമായി ‘ചിലപ്പോൾ ഏതെങ്കിലും ഒരു ലോകകപ്പിലെ രാത്രിയായിരിക്കാം’ എന്നാണ് സ്മൃതി പ്രതികരിച്ചത്. ഏതെങ്കിലും പ്രത്യേക മത്സരത്തെക്കുറിച്ചോ ടൂർണമെന്റിനെക്കുറിച്ചോ എടുത്തുപറയാനും സ്മൃതി ശ്രമിച്ചില്ല.

‘കഠിനമായ രാത്രിയെക്കുറിച്ചു ചോദിച്ചാൽ ചിന്തിക്കേണ്ടിവരും. ഏതെങ്കിലും ലോകകപ്പിലെ രാത്രിയായിരിക്കാംത്. ആ രാത്രികളിൽ ഞാന്‍ ഉറങ്ങിയിട്ടു പോലും ഉണ്ടാകില്ല. ക്രിക്കറ്റിനെക്കുറിച്ചു മാത്രമേ ഞാന്‍ സംസാരിക്കൂ. കോവിഡിന്റെ സമയത്തും ഞാൻ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരു മുറിയിൽ ഒതുങ്ങിക്കൂടി. ആദ്യം കുടുംബത്തോടൊപ്പം നല്ല രസമായിരുന്നു. എന്നാല്‍ പിന്നീട് ബുദ്ധിമുട്ടുകൾ തുടങ്ങി. ഒരുപാടു പേർ മരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ഭയം വളരാന്‍ തുടങ്ങി. ആ കാലഘട്ടം വളരെ ബുദ്ധിമുട്ടായിരുന്നു’– സ്മൃതി പറയുന്നു.

ജീവിതത്തിൽ ഒരിക്കലും നിസ്സഹായത തോന്നിയിട്ടില്ലെന്നും സമൃതി പോഡ്കാസ്റ്റില്‍ പറയുന്നുണ്ട്. ‘2016ൽ വനിതാ ക്രിക്കറ്റിൽ‍ കരാറുകൾ കിട്ടിത്തുടങ്ങിയ സമയത്താണു വീട് വാങ്ങുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ പരുക്കേറ്റു. ഇനി ഞാൻ എന്തു ചെയ്യും എന്നതായി ചിന്ത. ഈ പണമൊക്കെ എങ്ങനെ അടയ്ക്കും? രണ്ടോ മൂന്നോ ദിവസത്തിനു ശേഷം, ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ‍ തീരുമാനിച്ചു. 2017 ലോകകപ്പിൽ കളിച്ചു. തിരിച്ചുവന്നപ്പോൾ സമ്മാനത്തുകയു കിട്ടി. മറ്റൊരു ഫ്ലാറ്റ് കൂടി വാങ്ങി. ദൈവം അങ്ങനെയാണ്’ – സമൃതി പറഞ്ഞു.

സ്മൃതിയുടെ വ്യക്തിജീവിതവും വിവാഹവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ചര്‍ച്ചകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം സ്വകാര്യ വിഷയങ്ങളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ സംസാരിക്കാൻ സ്മൃതി തയാറായില്ല. തന്റെ കരിയറിന്റെയും വ്യക്തിജീവിതത്തിന്റെയും അതിർവരമ്പുകൾ വ്യക്തമായി കാത്തുസൂക്ഷിച്ചുകൊണ്ടുള്ള സ്മൃതിയുടെ മറുപടിക്ക് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്. ഫീൽഡിലും ഫീൽഡിന് പുറത്തും താരം പുലർത്തുന്ന പ്രൊഫഷണലിസത്തെയും പക്വതയെയും ആരാധകർ പ്രശംസിക്കുകയാണ്.

ENGLISH SUMMARY:

Indian women's cricket team star opening batter and vice-captain Smriti Mandhana opened up about the toughest night of her life during a podcast with host Raj Shamani. Responding to the query, Mandhana refrained from delving into personal matters and stated that the hardest nights were likely sleepless ones following World Cup losses. She also reflected on her emotional struggles during the COVID-19 pandemic and her mental resilience after suffering a major injury in 2016 shortly after buying a home. Fans across social media platforms have widely praised her professionalism, maturity, and strict boundary between her private life and cricketing career.