Image Credit: PTI,facebook/indianCricketTeam

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മണിക്കൂറുകള്‍  ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിന്‍റെ പ്ലേയിങ് ഇലവന്‍ എങ്ങനെയാകുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുന്നു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴുമണിക്ക് ഇന്ത്യയും പാക്കിസ്ഥാനും കൊമ്പ് കോര്‍ക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ? അതോ ഭക്ഷ്യവിഷബാധയേറ്റ് പുറത്തിരുന്ന അഭിഷേക് ശര്‍മ ആരോഗ്യം വീണ്ടെടുത്ത് ടീമിലെത്തുമോ? അഭിഷേക് ടീമിലെത്തുന്നതാണ് ഇന്ത്യയ്ക്ക് നല്ലതെന്ന് മുന്‍താരങ്ങളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടിരുന്നു. Also Read: കൈ കൊടുക്കാന്‍ പാക്കിസ്ഥാന്‍; ഇന്ത്യ തിരിച്ചു കൊടുക്കുമോ?

ഇന്നലെ നടന്ന വാര്‍ത്താസമ്മേളത്തില്‍ ഇത് സംബന്ധിച്ച് ചോദ്യമുണ്ടായപ്പോള്‍ ഏറെക്കുറെ പാക്കിസ്ഥാന് വേണമെങ്കില്‍ അഭിഷേകിനെ ഇറക്കാമെന്ന് അല്‍പം തമാശ കലര്‍ത്തിയാണ് സൂര്യകുമാര്‍ പറഞ്ഞതും. 'അഭിഷേക് മികച്ച ബാറ്ററാണെന്ന് ഞങ്ങള്‍ക്കറിയാം. ഇന്ത്യന്‍ ടീമിലെ മികച്ചവര്‍ക്കെതിരെ കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വേഗത്തില്‍ സുഖം പ്രാപിക്കാനും കളിക്കാനും അഭിഷേകിന് കഴിയട്ടെ'- എന്നായിരുന്നു പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ  പ്രതികരണം. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് 'പാക്കിസ്ഥാന് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ അഭിഷേക് കളിച്ചിരിക്കും' എന്ന് സൂര്യകുമാര്‍ മറുപടി നല്‍കിയത്.

അഭിഷേക് ടീമിലെത്തിയാല്‍ സഞ്ജു സാംസണ്‍ ബെഞ്ചിലിരിക്കേണ്ടി വരും. അഭിഷേകും ഇഷാനും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. നമീബിയയ്ക്കെതിരായ കളിയില്‍ എട്ടുപന്തില്‍ നിന്ന് 22 റണ്‍സ് സ‍ഞ്ജു അടിച്ചിരുന്നുവെങ്കിലും അടുത്ത പന്തില്‍ സിംപിളായി ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. ഫോമില്ലായ്മയും സ്ഥിരതയില്ലായ്മയുമാണ് സഞ്ജുവിനെ അലട്ടുന്നത്. ലോകകപ്പില്‍,പ്രത്യേകിച്ചും പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ അങ്ങനെയൊരു താരത്തെയിറക്കി ഭാഗ്യം പരീക്ഷിക്കേണ്ടെന്ന് മാനേജ്മെന്‍റ് തീരുമാനിക്കാനാണ് സാധ്യതയേറെയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇനി അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനില്‍ ഇല്ലെങ്കില്‍ സഞ്ജുവിനെ പുറത്തിരുത്തി വാഷിങ്ടണ്‍ സുന്ദറിനെ ഇഷാനൊപ്പം ഓപ്പണറായി ഇറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കുല്‍ദീപ് യാദവും പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്തിയേക്കും.

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സാധ്യത: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

വാങ്കഡെയില്‍ യുഎസ്എയ്​ക്കെതിരായ മല്‍സരത്തില്‍ ശാരീരിക അസ്വാസ്ഥ്യമുണ്ടായിട്ടും അഭിഷേക് കളിക്കാനിറങ്ങിയിരുന്നു. പക്ഷേ പൂജ്യത്തിന് പുറത്തായി. ഫീല്‍ഡിങിന് ഇറങ്ങിയതുമില്ല. സഞ്ജുവായിരുന്നു അഭിഷേകിന്  പകരമിറങ്ങിയത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ട് കിലോയോളമാണ് അഭിഷേകിന്‍റെ  ഭാരം പൊടുന്നനേ കുറഞ്ഞത്. ഇതോടെയാണ് നമീബിയയ്ക്കെതിരായ മല്‍സരത്തില്‍ അഭിഷേകിന് വിശ്രമം നല്‍കിയത്. ഒന്നോ രണ്ടോ മല്‍സരങ്ങള്‍ അഭിഷേകിന് നഷ്ടമായേക്കുമെന്നായിരുന്നു സൂര്യകുമാര്‍ യാദവ് അന്ന് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം അഭിഷേക് കൊളംബോയില്‍ ടീമിനൊപ്പം ചേരുകയായിരുന്നു. ഇതാണ് പ്രതീക്ഷയേറ്റുന്നത്. 

ENGLISH SUMMARY:

India faces arch-rivals Pakistan today at the R. Premadasa Stadium in Colombo for a high-stakes T20 World Cup 2026 clash. The primary selection dilemma remains the fitness of opener Abhishek Sharma, who missed the previous game against Namibia due to a stomach infection. If Abhishek is deemed fit, he is likely to replace Sanju Samson at the top of the order alongside Ishan Kishan. Captain Suryakumar Yadav has hinted at Abhishek's inclusion, while Pakistan's skipper Salman Agha also expressed interest in playing against India's best XI. Sanju Samson, who scored a quick 22 against Namibia, faces scrutiny over his consistency in big matches. The spin-friendly Colombo pitch might also see Kuldeep Yadav returning to the playing XI to bolster the bowling attack