ഫയല്‍ ചിത്രം.
ഇന്ത്യ–പാക് മത്സരങ്ങളില്‍ പൊള്ളുന്ന ചര്‍ച്ച വിഷയമാണ് ഹസ്തദാനം. പഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഏഷ്യാ കപ്പ് മുതലാണ് ഇന്ത്യ– പാക്ക് മത്സരങ്ങളില്‍ ഹസ്തദാനം ഒഴിവാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാനുമായി ഹസ്തദാനം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെതിരെ ഐസിസിക്ക് പരാതിയടക്കം നല്‍കിയിരുന്നു. ഇതിന്‍റെ അവസാനമാണ് പാക് മന്ത്രി കൂടിയായ എസിസി അധ്യക്ഷന്‍ മുഹ്സിന്‍ നഖ്വിയില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യാകപ്പ് വാങ്ങാന്‍ വിസമ്മതിച്ചതും. വീണ്ടുമൊരു ഇന്ത്യ–പാക് മത്സരം വരുമ്പോള്‍ ഹസ്തദാനം വീണ്ടും ചര്‍ച്ചയാവുകയാണ്.
സൂര്യകുമാര്‍ യാദവിനോട് ഹസ്തദാനത്തെ പറ്റി ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ക്യാപ്റ്റന്‍ നല്‍കിയില്ല. 24 മണിക്കൂര്‍ കാത്തിരിക്കൂ എന്നായിരുന്നു സൂര്യയുടെ ഉത്തരം. '24 മണിക്കൂര്‍ കാത്തിരിക്കൂ, നന്നായി ഭക്ഷണം കഴിച്ച് നന്നായി ഉറങ്ങൂ.. നമുക്ക് നാളെ കാണാം' എന്നാണ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്. സമാനമായ മറ്റൊരു ചോദ്യത്തിന് മറുപടി ഇങ്ങനെ, 'നാളെ സസ്പെന്‍സ് പൊളിക്കാം. എന്താണ് നമുക്ക് പ്രധാനം? മത്സരമാണ്. ആദ്യം കളി നടക്കട്ടെ. ടോസിനിടെ ഹസ്തദാനം ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് നാളെ കാണാം. 24 മണിക്കൂര്‍ കൂടി കാത്തിരിക്കാം''.
ഇതേ ചോദ്യം പാക്കിസ്ഥാന്‍ ക്യാപ്റ്റനോടും ഉണ്ടായി. മത്സരം ശരിയായ സ്പോര്‍ട്സ്മാന്‍ സ്പരിറ്റില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് സല്‍മാന്‍ അലി ആഗ പറഞ്ഞത്. എന്നാല്‍ ഇത് ഇന്ത്യന്‍ ടീമിന്‍റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നും അദ്ദേഹം പറഞ്ഞു. 'ക്രിക്കറ്റ് ശരിയായ മനോഭാവത്തില്‍ കളിക്കും. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് ഇവിടെ വലിയ സ്ഥാനമില്ല. എപ്പോഴും കളിക്കുന്ന രീതിയില്‍ തന്നെ ക്രിക്കറ്റ് കളിക്കണം. എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്'– ആഗ നിലപാട് വ്യക്തമാക്കി.
നേരത്തെ ഏഷ്യകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹസ്തദാനം നല്‍കാതിരുന്നതിനെ സല്‍മാന്‍ ആഗ വിമര്‍ശിച്ചിരുന്നു. ഇത്തരം നടപടി കളിയെയും ആരാധകരെയും മോശമായി ബാധിക്കും എന്നായിരുന്നു ആഗയുടെ വിമര്‍ശനം. നേരത്തെ ട്വന്‍റി 20 ലോകകപ്പ് ബഹിഷ്കരിക്കാതിരിക്കാന്‍ പിസിബി മുന്നോട്ട് വച്ച ഉപാധികളിലൊന്നായിരുന്നു ഇന്ത്യ ഹസ്തദാനം ചെയ്യണം എന്നുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസി ഇടപെട്ടിരുന്നുമില്ല.