Untitled design - 1

സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ട്വന്റി20 മത്സരത്തിൽ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഇന്ത്യയ്ക്ക് 35 റണ്‍സിന്റെ ജയം. ജയിക്കാന്‍ 193 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വെയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

 

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. അർധസെഞ്ചറി നേടിയ വൈഭവ് (49 പന്തിൽ 81), ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (18 പന്തിൽ 27), (14 പന്തിൽ 25) ഇഷാൻ കിഷൻ (26 പന്തിൽ 29) എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങിയത്.

 

തുടർച്ചയായ മൂന്നാം മത്സരത്തിലും തുടക്കത്തിൽ തന്നെ അഭിഷേക് ശർമയെ നഷ്ടമായി. ഇത്തവണയും രണ്ടക്കം കടക്കാൻ സാധിക്കാതിരുന്ന അഭിഷേകിനെ (4 പന്തിൽ 2) രണ്ടാം ഓവറിൽ ബ്ലെസിങ് മുസറബാനിയാണ് പുറത്താക്കിയത്. പിന്നാലെയത്തിയത് കഴിഞ്ഞ മത്സരത്തിലെ താരമായിരുന്ന ഇഷാൻ കിഷൻ. എന്നാൽ ടച്ച് കിട്ടാൻ പാടുപെട്ട ഇഷാനെ കാഴ്ചകാരനാക്കി വൈഭവ് തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് ഉയർന്നു. പവർപ്ലേ അവസാനിക്കുമ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 64ൽ എത്തി. പത്താം ഓവറിൽ, 31 പന്തിലാണ് വൈഭവ് അർധസെ‍ഞ്ചറി തികച്ചത്. പതിനാറു വയസ്സ് തികയും മുൻപ് രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് അർധസെഞ്ചറി നേടുന്ന ആദ്യ താരമാണ് വൈഭവ്. സിംബാബ്‌വെയ്ക്കെതിരായ ആദ്യ മത്സരത്തിലും വൈഭവ് ഫിഫ്റ്റി അടിച്ചിരുന്നു.

 

11 ഓവറിൽ ഇഷാൻ കിഷൻ പുറത്തായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 75 റൺസാണ് കൂട്ടിച്ചേർത്തത്. പിന്നാലെയത്തിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും വൈഭവിന് ഉറച്ച പിന്തുണ നൽകി. 100 മീറ്റിലധികം പറന്ന സിക്സുകളുമായി വൈഭവ് കളം നിറയുകയും ചെയ്തു. സെഞ്ചറിയിലേക്ക് കുതിക്കുന്നതിനിടെ 15–ാം ഓവറിലാണ് വൈഭവ് പുറത്താകുന്നത്. വെസ്ലി മാധവെരെ പന്തിൽ ബ്രാഡ് ഇവാൻസാണ് വൈഭവിനെ കയ്യിലൊതുക്കിയത്. 49 പന്തിൽ 4 സിക്സുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെയാണ് വൈഭവ് 81 റൺസെടുത്തത്. അധികം വൈകാതെ ശ്രേയസ്സ് അയ്യരും പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച റിങ്കു സിങ്ങിന്റെ (14 പന്തിൽ 25) ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 190 കടത്തിയത്. തിലക് വർമ (9 പന്തിൽ 11*) പുറത്താകാതെനിന്നു.

 

രണ്ടു മാറ്റം ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പരുക്കേറ്റ പേസർ പ്രിൻസ് യാദവിനു പകരം അശോക് ശർമയും ഓൾറൗണ്ടർ ശിവം ദുബെയ്ക്കു പകരം സൂര്യാൻഷ് ഷെഡ്ഗെയും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു.

 

ENGLISH SUMMARY:

India has comprehensively won the T20 series against Zimbabwe, with a stellar 81-run performance from 15-year-old Vaibhav Suryavanshi in the final match. This dominant victory solidifies India's superiority in the series.