രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അജിന്‍ക്യ രഹാനെ. 2023ലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. എല്ലാത്തിനും തുടക്കമുള്ളത് പോലെ അവസാനവുമുണ്ടെന്നും ആ സമയമാകുമ്പോള്‍ തിരിച്ചറിഞ്ഞ് അതിനെ മാനിച്ച് മുന്നോട്ട് യാത്ര തുടരുകയാണ് വേണ്ടതെന്നും രഹാനെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിരമിക്കല്‍ കുറിപ്പില്‍ എഴുതി. 85 ടെസ്റ്റ് മല്‍സരങ്ങളിലും 90 ഏകദിനങ്ങളിലും 20 ട്വന്‍റി 20കളിലും രഹാനെ ഇന്ത്യയ്ക്കായി കളിച്ചു. 8000 റണ്‍സുകളാണ് ആകെ സമ്പാദ്യം. 2023 ല്‍ വിന്‍ഡീസിനെതിരായ ആ മല്‍സരത്തോടെ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിനത്തില്‍ 2018 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് രഹാനെ ഒടുവില്‍ കളിച്ചത്. ട്വന്‍റി 20യില്‍ 2016 ലും.
രഹാനെയുടെ വൈകാരികക്കുറിപ്പിങ്ങനെ: ' എല്ലാത്തിനും ഒരു തുടക്കമെന്ന പോലെ അവസാനവും ഉണ്ടാകുമെന്നതാണ് ജീവിത യാഥാര്‍ഥ്യം. ആ സമയം വന്നെത്തുമ്പോള്‍ ആദരവോടെ അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. ബാറ്റിങിലെ എന്‍റെ ടൈമിങില്‍ ഞാന്‍ എക്കാലവും വിശ്വസിച്ചിരുന്നു. അതിന്‍റെ പ്രാധാന്യവും ഞാന്‍ മനസിലാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാനുള്ള ആ ദിവസം വന്നെത്തിയെന്ന് എനിക്ക് തോന്നുന്നു.
ഡോംബിവിലിയില്‍ നിന്നും പരിശീലനത്തിനായി യാത്ര ചെയ്ത് തുടങ്ങിയ ഒരു ചെറുപ്പക്കാരന്‍ എന്‍റെ ഓര്‍മയില്‍ നിറയുന്നുണ്ട്. ക്രിക്കറ്റിനായി എനിക്കുള്ളതെല്ലാം ഞാന്‍ നല്‍കി. ഓരോ ദിവസവും, ഓരോ ഇന്നിങ്സും, ബാറ്റ് ചെയ്യാനുള്ള അവസരങ്ങളുമെന്നിങ്ങനെ എല്ലാം..ഇന്ത്യയുടെ ക്യാപ്പ് തലയില്‍ അണിയുകയെന്ന സ്വപ്നം മാത്രമാണ് ഉണ്ടായിരുന്നത്.
എന്നെക്കാളും വലുത് രാജ്യമാണ് എന്ന തത്വത്തിലാണ് ഇത്രയും കാലം ഞാന്‍ ജീവിച്ചത്. അങ്ങേയറ്റം സത്യസന്ധതയോടെ ഞാന്‍ രാജ്യത്തിനായി കളിച്ചു. നിങ്ങള്‍ പരമാര്‍ഥതയോടെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ക്രിക്കറ്റ് നിങ്ങളെ നോക്കുമെന്ന് എനിക്കുറപ്പാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ഇന്ത്യയിലെ ക്രിക്കറ്റ് അടിമുടി മാറിയ ഇന്ന് വരെ തുടരാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. കഴിഞ്ഞ 20 വര്‍ഷം ടീമിന്‍റെ ഭാഗമായിരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയിലെ എന്‍റെ അധ്യായം ഇവിടെ പൂര്‍ത്തിയാകുന്നുവെങ്കിലും ക്രിക്കറ്റുമായുള്ള എന്‍റെ ബന്ധം തുടരും. അടുത്ത തലമുറയെ സഹായിക്കാന്‍, ക്രിക്കറ്റെനിക്ക് പകര്‍ന്ന് തന്ന മൂല്യങ്ങള്‍ കൈമാറാന്‍, ക്രിക്കറ്റ് എനിക്ക് നല്‍കിയതെല്ലാം തിരിച്ചു നല്‍കാന്‍ ഞാനിവിടെയുണ്ടാകും.
മുംബൈ താരത്തില്‍ നിന്ന് ഇന്ത്യന്‍ താരത്തിലേക്കുള്ള യാത്രയെ അങ്ങേയറ്റം ആദരവോടെയാണ് ഞാന്‍ കാണുന്നത്. ജയപരാജയങ്ങളുണ്ടായി. പക്ഷേ ക്രിക്കറ്റ് കളിക്കുന്നതിന്‍റെ സന്തോഷം, ജീവിതത്തില്‍ വലിയ സന്തോഷവും സംതൃപ്തിയുമാണെനിക്ക് സമ്മാനിച്ചത്. ബിസിസിഐയ്ക്കും എംസിഎയ്ക്കും എന്‍റെ സഹതാരങ്ങള്‍ക്കും കോച്ചുമാര്‍ക്കും എല്ലാ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും എന്‍റെ രാധികയ്ക്കും, എല്ലാ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എക്കാലവും ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി.
ഉയര്‍ച്ചയിലും താഴ്ചയിലും എനിക്കൊപ്പമുണ്ടായിരുന്ന ആരാധകരേ നിങ്ങള്‍ക്കും പ്രത്യേക നന്ദി. അജിന്‍ക്യയെന്നാല്‍ അജയ്യനെന്നാണ് അര്‍ഥം. പക്ഷേ തോല്‍വിയെന്തെന്ന് ക്രിക്കറ്റ് പലവട്ടം എന്നെ കാണിച്ച് തന്നു. ജയത്തേക്കാളേറെ തോല്‍വികളാകും ക്രിക്കറ്റ് താരങ്ങള്‍ക്കുണ്ടാകുക. എന്‍റെ ടീം കളികളില്‍ പരാജയപ്പെട്ടിട്ടുണ്ട്. ഞാന്‍ പിഴവുകള്‍ വരുത്തിയിട്ടുണ്ട്,പക്ഷേ നിങ്ങളുടെ ഹൃദയങ്ങള്‍ ഒരുകാലത്തും എന്നെ തോല്‍പ്പിച്ചുകളഞ്ഞില്ല. നിങ്ങളിലൊരുവനായി നിങ്ങളെന്നെ കണ്ടു. ആ സ്നേഹത്തിന്,വിശ്വാസത്തിന്... പിന്തുണയ്ക്ക് നന്ദി. ക്യാപ് 278 , സൈന്‍ ഓഫ് ചെയ്യുന്നു'.
ഇന്ത്യന്‍ ക്രിക്കറ്റിലെ അവിസ്മരണീയമായ അധ്യായമാണ് അജിന്‍ക്യയുടേതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ കുറിച്ചു. അജിന്‍ക്യയുടെ സമര്‍പ്പണവും സമ്മര്‍ദങ്ങളിലെ ശാന്തതയും പ്രതിഭയും മുംൈബ ക്രിക്കറ്റ് ലോകം എക്കാലവും ഓര്‍ത്തിരിക്കുമെന്നും ആ പെരുമ വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നും എംസിഎ കുറിച്ചു. ഒരു പതിറ്റാണ്ട് നീണ്ട ശാന്തമായ സാന്നിധ്യമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍ അജിന്‍ക്യ രഹാനെ. വിദേശത്തെ പിച്ചുകളില്‍ മറ്റ് ബാറ്റര്‍മാര്‍ കുഴങ്ങിയപ്പോള്‍ രഹാനെയുടെ പ്രതിഭ കണ്ടതത്രയും വിദേശത്താണെന്നതാണ് ആ കരിയറിനെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നതും.
Google Trending Topic: Ajinkya Rahane