sharmila-dhankhar

TOPICS COVERED

  • ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിലെ ഒരു കർഷക കുടുംബത്തിലായിരുന്നു ശര്‍മിളയുടെ ജനനം. കാഴ്ചശക്തിയില്ലാത്ത അമ്മയും കർഷകനായ പിതാവുമടങ്ങിയ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് ജീവിച്ചത്. ഏറെ ബുദ്ധിമുട്ടിയ ആ ബാല്യകാലത്ത്, രണ്ടു വയസ്സുള്ളപ്പോൾ ഉയർന്ന പനിയെത്തുടർന്നാണ് ശർമ്മിളയ്ക്ക് പോളിയോ ബാധിക്കുന്നത്.

സ്കോട്‍ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സില്‍ ഷോട്പുട്ടിലൂടെ ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചിരിക്കുകയാണ് ഹരിയാനക്കാരി ശർമിള ധൻഖർ. ജീവിതത്തിലെ കടുത്തവേദനകളെ ദൂരെയെറിഞ്ഞ അതേ മനക്കരുത്തോടെയാണ് ഇന്ത്യയ്ക്കായി 20വര്‍ഷങ്ങള്‍ക്ക് ശേഷം പാരാ അത്‍ലറ്റിക്സില്‍ സുവര്‍ണനേട്ടം സ്വന്തമാക്കിയത്. 9.81 മീറ്റര്‍ എറിഞ്ഞിട്ടതിന് ശേഷം കണ്ട ആ ചിരിക്കുപിന്നില്‍ ഒരുപാട് കണ്ണീരിന്റെ കഥകളുണ്ട്.

sharmila-dhankhar-01

ദാരിദ്ര്യത്തിനൊപ്പം പോളിയോയും

ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിലെ ഒരു കർഷക കുടുംബത്തിലായിരുന്നു ശര്‍മിളയുടെ ജനനം. കാഴ്ചശക്തിയില്ലാത്ത അമ്മയും കർഷകനായ പിതാവുമടങ്ങിയ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് ജീവിച്ചത്. ഏറെ ബുദ്ധിമുട്ടിയ ആ ബാല്യകാലത്ത്, രണ്ടു വയസ്സുള്ളപ്പോൾ ഉയർന്ന പനിയെത്തുടർന്നാണ് ശർമ്മിളയ്ക്ക് പോളിയോ ബാധിക്കുന്നത്. ഇടതുകാലിന്റെ ചലനശേഷിയെ ആ പോളിയോ നിശ്ചലമാക്കി. ദാരിദ്ര്യത്തിനൊപ്പം ശാരീരിക വെല്ലുവിളിയുംകൂടിയായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥ.

ആദ്യ വിവാഹവും ക്രൂരമായ പീഡനങ്ങളും

പത്തൊൻപതാം വയസ്സിലായിരുന്നു ശർമിളയുടെ ആദ്യ വിവാഹം. എന്നാൽ ആ ബന്ധം സമ്മാനിച്ചത് നരകതുല്യമായ അനുഭവങ്ങളായിരുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും കടുത്ത പീഡനങ്ങളും ഗാർഹിക അതിക്രമങ്ങളുമാണ് നേരിടേണ്ടിവന്നത്. രണ്ട് പെണ്‍മക്കളെ പ്രസവിച്ചതിനും കൊടിയ മര്‍ദനം. ഇരുപത്താറാം വയസില്‍ ഒരു രാത്രിയിൽ മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചു. അയല്‍ക്കാര്‍ കാണ്‍കെ വസ്ത്രം വലിച്ചുകീറി രണ്ട് പെണ്‍മക്കള്‍ക്കൊപ്പം വീട്ടില്‍നിന്ന് അടിച്ചുപുറത്താക്കി. ക്രൂരത സഹിക്കാനാകാതെ ആ ബന്ധം ഉപേക്ഷിക്കാൻ ശര്‍മിള നിർബന്ധിതയായി. രണ്ട് പെൺമക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. കടുത്ത മാനസിക സമ്മർദ്ദങ്ങൾ കാരണം കുട്ടികള്‍ക്കൊപ്പം ജീവനൊടുക്കാന്‍ പോലും അക്കാലത്ത് തോന്നിയിരുന്നെന്ന് ശർമിള പിൽക്കാലത്ത് വെളിപ്പെടുത്തിയിരുന്നു.

sharmila-dhankhar-02

രണ്ടാം വിവാഹവും ജീവിതത്തിലെ വഴിതിരിവും

ഇരുപത്തെട്ടാം വയസില്‍ അജിത് സിംഗ് എന്ന വ്യക്തിയുമായുള്ള രണ്ടാം വിവാഹമാണ് ശർമിളയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അജിത് സിംഗും കുടുംബവും നൽകിയ പിന്തുണയാണ് ശര്‍മിളയെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ഭര്‍ത്താവ് തന്നെയാണ് പാര അത്‍ലറ്റിക്സിലേക്ക് വരാന്‍ പ്രേരിപ്പിച്ചതും. അങ്ങനെയാണ് മുപ്പത്തിനാലാം വയസില്‍ കായികരംഗത്തേക്ക് ചുവടുവച്ചത്. കായികരംഗത്ത് സജീവമാകാൻ തുടങ്ങിയപ്പോഴും സാമ്പത്തിക ഞെരുക്കം അവരെ വിട്ടൊഴിഞ്ഞിരുന്നില്ല. പരിശീലനത്തിനുള്ള പണം കണ്ടെത്താൻ വേണ്ടി 2023ൽ ഹരിയാനയിലെ രേവാരിയിലുള്ള സ്വന്തം വീട് വിൽക്കാൻ കുടുംബം നിർബന്ധിതരായി. പിന്നീട് വാടകവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ (F57 വിഭാഗം) എന്നിവയിലാണ് ശര്‍മിള ഒരു കൈനോക്കിയത്. 2021ലെ ദേശീയ പാര അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വർണ മെഡലും ദേശീയ റെക്കോർഡുമടക്കം നിരവധി തവണ ശര്‍മിള ഇന്ത്യയുടെ അഭിമാനമായി. തന്റെ രണ്ടു പെൺമക്കളെയും മികച്ച കായികതാരങ്ങളാക്കി വളർത്തണമെന്ന സ്വപ്നവുമായാണ് ശർമിള മുന്നോട്ടുള്ള ജീവിതം. 

ENGLISH SUMMARY:

Sharmila Dhankhar, a para-athlete from Haryana, won a gold medal in the shot put event at the Commonwealth Games in Glasgow, ending a 20-year gold drought for India in para-athletics.