വേഗത്തിന്‍റെ ട്രാക്കില്‍ വെള്ളിനക്ഷത്രമായി കോഴിക്കോട്ടുകാരന്‍ റോണക്ക് സൂരജ്. അവസാന നിമിഷം വരെ മല്‍സരിക്കണമോ എന്ന ആശങ്കയിലായിരുന്ന റോണക്ക് ട്രാക്കിലിറങ്ങി സ്വന്തമാക്കിയത് വലിയ നേട്ടം. അയാമി ഇന്ത്യ സീരിസ് കാർട്ട് റേസിങ് ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ റോണക്ക് ഇനി ചൈനയിലെ ഏഷ്യ ഗ്രാന്‍ഡ് ഫിനാലെയില്‍ ഇന്ത്യയ്ക്കായി മല്‍സരിക്കും.
വേഗത്തിനൊപ്പം മനക്കരുത്തും ചേർന്നപ്പോൾ വെള്ളിമാടുകുന്ന് സ്വദേശി റോണക് സൂരജിന് വെള്ളിത്തിളക്കം. രാജ്യത്താദ്യമായി ചെന്നൈയില്‍ നടന്ന അയാമി കാർട്ട് സീരീസ് മല്‍സരത്തിലാണു 18 വയസുകാരന്‍ റോണക്ക് സീനിയർ വിഭാഗത്തിൽ രണ്ടാമതെത്തിയത്.
ഇനിയുള്ള അങ്കം ചൈനയിലെ മക്കാവുവില്‍ ഡിസംബറില്‍ നടക്കും. ഏഷ്യന്‍ ഫിനാലെയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് താരം. ഒറ്റതവണ പരിശീലനത്തിനിറങ്ങാന്‍ ലക്ഷങ്ങള്‍ വേണമെന്നതാണു വലിയ വെല്ലുവിളി.
കാർട്ട് റേസിങും കടന്നു വേഗകൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന ഫോര്‍മുല വണ്‍ ട്രാക്കാണു റോണക്കിന്‍റെ സ്വപ്‌നങ്ങളില്‍ നിറയെ. അതിലേക്കുള്ള സര്‍ക്യൂട്ട് മാത്രമാണ് അയാമി കാർട്ട് റേസിങ്.