kozhikode-school-sports-meet

TOPICS COVERED

കോഴിക്കോട് ജില്ലാ സ്കൂള്‍ കായിക മേളയില്‍ ഒരേ ഇനത്തില്‍ മെഡല്‍ വാരിക്കൂട്ടി മൂന്ന് സഹോദരങ്ങള്‍. ഹൈജംപില്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി മൂന്നു മെഡലുകള്‍ പോയത് മണിയൂരിലെ കായിക കുടുംബത്തിലേക്കാണ്. ഇതാണ് മണിയൂരിന്‍റെ ഫോർ ദ പീപ്പിൾ. ഹൈജംപിൽ ഉയരങ്ങൾ കീഴടക്കുമ്പോൾ മെഡൽനേട്ടത്തിലും സഹോദരങ്ങൾ ഒപ്പത്തിനൊപ്പം

സബ്ജൂനിയർ വിഭാഗത്തിൽ സ്വർണം നൈനിക് എച്ച്. സബിനാണങ്കില്‍ പ്രകടനത്തില്‍ അല്‍പം പിന്നാക്കം പോയ ഇരട്ട സഹോദരന്‍ നൈനവ് എച്ച്. സബിന് വെങ്കലം. ജൂനിയർ വിഭാഗത്തിലെ ഉയരച്ചാട്ടത്തില്‍ ഇരുവരുടെയും ചേട്ടന്‍ നിമൈൻ കൃഷ്ണ രണ്ടാമനായി വെള്ളത്തിളക്കമേറി.  മൂന്നു സഹോദരങ്ങൾ... മൂന്ന് മെഡലുകൾ...ഒരേവീട്ടിലേക്ക്.

തീര്‍ന്നില്ല മൂവരുടെയും ട്രാക്കും ഫീല്‍ഡുമായുള്ള ബന്ധം. അച്ഛൻ സി.കെ. സബിൻരാജ് ജില്ലാ കായികമേളയിലെ മിന്നും താരമായിരുന്നു. 1999, 2000 വർഷങ്ങളിൽ ലോങ്ജംപ്, ഹൈജംപ്, 1500 മീറ്റർ ഓട്ടം തുടങ്ങിയ ഇനങ്ങളില്‍ മെഡലിനൊപ്പം ചേര്‍ന്ന പേരുകളിലൊന്ന് സബിന്‍ രാജെന്നായിരുന്നു. അമ്മ ഹണിയും 100 മീറ്ററിൽ മികവ് തെളിയിച്ച കായികതാരം.

68–മത് സംസ്ഥാന കായികമേളയില്‍ സബ് ജൂനിയര്‍ വിഭാഗം ഹൈജംപില്‍ ഉയരങ്ങള്‍ താണ്ടി സ്വര്‍ണം കൊയ്യാമെന്ന പ്രതീക്ഷയിലാണ് നൈനിക് എച്ച്.സബിന്‍. മണിയൂർ സ്കൂളിലെ കായികാധ്യാപകൻ എം. ഷിംജിത്താണു പരിശീലകന്‍.

ENGLISH SUMMARY:

Malayala Manorama Online News covers the inspiring story of three siblings from a sports family in Maniur who swept medals in the high jump at the Kozhikode District School Sports Meet. Their remarkable athletic journey highlights a deep-rooted family legacy in track and field events.