പഠനത്തിലും കലാരംഗത്തും ഒരുപോലെ മികവ് പുലർത്തിയിരുന്ന പതിമൂന്നുകാരി വീടിന്റെ ടെറസില്‍ ജീവനൊടുക്കിയതിന്റെ നടുക്കത്തിലാണ് കോഴിക്കോടിന്റെ മലയോര ഗ്രാമമായ വളയം. ചെവ്വാഴ്ച രാത്രിയാണ് വളയം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജുവല്‍ ലക്ഷ്മിയെ ടെറസിലെ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വടകരയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
എട്ടാം ക്ലാസുകാരിയുടെ മരണത്തിലേക്കു നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ നാദാപുരം പൊലീസ് അന്വേഷണം തുടരുകയാണ്. അസ്വഭാവികമായ പെരുമാറ്റങ്ങളൊന്നും ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഇരിങ്ങന്നൂര്‍ എച്ച്.എസ്.എസ്.എസില്‍ ബുധനാഴ്ച ആരംഭിച്ച നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വളയം എച്ച്.എസ്.എസിനായി വിവിധ മത്സരങ്ങളില്‍ മത്സരിക്കേണ്ടതായിരുന്നു ജുവല്‍.
കഴിഞ്ഞ ദിവസം വരെ ഇതിനായുള്ള പരിശീലനങ്ങളില്‍ സജീവവുമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച സ്കൂളില്‍ പോയിരുന്നില്ല. അത്യാവശ്യ കാര്യമുള്ളതിനാല്‍ ക്ലാസില്‍ വരാന്‍ കഴിയില്ലെന്ന് കാണിച്ച് ജുവല്‍ അധ്യാപികയ്ക്ക് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. നാടൻപാട്ടായിരുന്നു ജുവല്‍ മത്സരിക്കാനിരുന്ന പ്രധാന ഇനം. ഇതിനായി വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. പെൺകുട്ടികളുടെ നാടൻപാട്ട് സംഘത്തിന്റെ ലീഡറുമായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെയും അധ്യാപിക രബിഷയുടെയും മകളാണു 13കാരിയായ ജുവൽ ലക്ഷ്മി. പാട്ടും ചിരിയുമായി വീട്ടിലും സ്കൂളിലും നിറഞ്ഞുനിന്നിരുന്ന ആ കൊച്ചുമിടുക്കിയുടെ അകാല വിയോഗത്തിന്റെ നടുക്കത്തിലാണു വളയം ഗവ എച്ച് എസ്എസും വളയം ഗ്രാമവും. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.