ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ കായിക ഉപകരണങ്ങൾ സംരക്ഷിക്കാൻ സംവിധാനമില്ലാത്തതിനാൽ മഴയും വെയിലുമേറ്റ് നശിക്കുന്നു. ഇടുക്കി നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിലാണ് ദുരവസ്ഥ. സ്റ്റേഡിയം കോംപ്ലക്സിൽ മുറികൾ ഒഴിഞ്ഞ് കിടക്കുമ്പോഴും ഉപകരണങ്ങൾ സൂക്ഷിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
പോൾ വാൾട്ട്, ഹൈജമ്പ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന ജമ്പിങ് ബെഡുകളാണ് മഴയും വെയിലുമേറ്റ് നശിക്കുന്നത്. സിന്തറ്റിക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 10 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ബെഡുൾക്ക് മതിയായ സംരക്ഷണമില്ല.
ഇതോടെ പോൾ വാൾട്ട് ബെഡ് എലി തുരന്നു. നെടുങ്കണ്ടത്തെ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനായി ജില്ലയ്ക്ക് പുറത്തുനിന്നടക്കാം നിരവധി കായിക താരങ്ങളാണ് എത്തുന്നത്. നശിച്ച് തുടങ്ങിയ ബെഡുകളിൽ പരിശീലിക്കുന്നതിനാൽ പലർക്കും പരുക്കേറ്റു.
ബെഡുകൾ സംരക്ഷിക്കാനുള്ള താൽക്കാലിക സൗകര്യം നിർമ്മിക്കാൻ നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതി എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കൂടാതെ ലക്ഷങ്ങൾ ചെലവാക്കി സ്റ്റേഡിയത്തിൽ നട്ടുപിടിപ്പിച്ച ബർമുഡ ഗ്രാസും പൂർണ്ണമായി നശിച്ചു. ഫ്ലഡ് ലൈറ്റുകൾക്കും കേടുപാടുണ്ട്. ജില്ലയുടെ അഭിമാനമായ സിന്തറ്റിക് സ്റ്റേഡിയവും അനുബന്ധ സംവിധാനങ്ങളും സംരക്ഷിക്കാൻ സർക്കാർ ഉടൻതന്നെ നടപടിയെടുക്കണമെന്നാണ് കായികതാരങ്ങളുടെ ആവശ്യം.