ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യത്തിന് വെങ്കലം. ഒന്നാം സ്ഥാനത്തുള്ള ചൈനയോടാണ് സെമിയില്‍ സഖ്യം പൊരുതിതോറ്റത്. ആദ്യ ഗെയിം നേടിയശേഷമായിരുന്നു തോല്‍വി. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടതായിരുന്നു മത്സരം. ട്രീസ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടുന്ന ആദ്യ മലയാളി വനിതയാണ്.
ശനിയാഴ്ച നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരുമായ ലിയു ഷെങ് ഷു - ടാന്‍ നിങ് സഖ്യത്തെ വിറപ്പിച്ചെങ്കിലും, ആദ്യ ഗെയിമിലെ ലീഡ് മുതലാക്കാന്‍ കഴിയാതെ ഗായത്രി-ട്രീസ കൂട്ടുകെട്ട് 21-18, 13-21, 8-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. മുന്‍പ് ടോപ് 10 റാങ്കിംഗില്‍ ഉണ്ടായിരുന്ന സീഡില്ലാത്ത ഈ സഖ്യം, മികച്ച പ്രകടനം പുറത്തെടുത്താണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
ലോകത്തിലെ ഏറ്റവും മികച്ച ജോഡിയെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ആക്രമണോത്സുകമായ ബാഡ്മിന്റനാണ് ട്രീസ – ഗായത്രി സഖ്യം പുറത്തെടുത്തത്. ഫ്രണ്ട് കോര്‍ട്ടിലും ബാക്ക് കോര്‍ട്ടിലും ഒരുപോലെ തിളങ്ങിയ ട്രീസ ചൈനീസ് സഖ്യത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയത്.
15 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത‍്യ വനിതാ ഡബിൾസ് ലോക ചാംപ‍്യൻഷിപ്പിൽ മെഡൽ നേടുന്നത്. നേരത്തെ 2011ൽ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ എന്നിവരാണ് വനിതാ ഡബിൾസിൽ വെങ്കല മെഡൽ നേടിയിട്ടുള്ളത്.