Image: Facebook, Vice president of India

Image: Facebook, Vice president of India

TOPICS COVERED

  • അതിജീവനത്തിന്റെ പേരായി ശര്‍മിള ധന്‍കര്‍. പിന്നിട്ടത് കല്ലും മുള്ളും നിറഞ്ഞ ജീവിതഘട്ടങ്ങള്‍.

കോമണ്‍വെല്‍ത്ത് പാരാലിംപിക്സ് ഷോട്ട്പുട്ടില്‍ സ്വര്‍ണമെഡലോടെ ചരിത്രം കുറിച്ചു ശര്‍മിള ധന്‍കര്‍. ഈ മെഡലിന് പിന്നില്‍, ഈ ചരിത്രനേട്ടത്തിന് പിന്നില്‍, അതിജീവനത്തിന്‍റെ വലിയൊരു കഥയുണ്ട്. പോരാട്ടത്തിന്‍റേയും കണ്ണീരിന്‍റേയും ഒരു ദുരിതകാലം. ഒരുപാട് പേര്‍ക്ക് ഒരുതിരിച്ചുവരവിനുള്ള ഊര്‍ജം കൂടിയാണ് ശര്‍മിളയുടെ ജീവിതം. 

ഹരിയാനയിലെ  കൊച്ചുഗ്രാമത്തിലാണ് ശര്‍മിള ജനിച്ചത്. രണ്ടാംവയസില്‍ കടുത്ത പനി ബാധിച്ചു. പോളിയോ ശര്‍മിളയുടെ ഇടതുകാലിനെ കാര്യമായി ബാധിച്ചു. ദാരിദ്ര്യത്തില്‍ മുങ്ങിത്താണ കുടുംബത്തിന് ശര്‍മിളയ്ക്ക് മികച്ച ചികില്‍സ നല്‍കാന്‍ സാധിച്ചില്ല. പതിനെട്ടാം വയസില്‍ വിവാഹം. ജീവിതത്തില്‍ വലിയ ദുരന്തങ്ങളും അതിക്രൂരമായ മാനസിക ശാരീരിക പീഡനങ്ങളും നേരിട്ട കാലം. സ്ത്രീധനത്തെ ചൊല്ലിയും പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരിലും നേരിട്ടത് വലിയ ക്രൂരത. ആ സമയത്ത് ആത്മഹത്യയെ കുറിച്ച് വരെ താന്‍ ചിന്തിച്ചിരുന്നതായി ശര്‍മിള പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. 26–ാം വയസില്‍ കുട്ടികളേയും കൂട്ടി അവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. കണ്ണീര്‍ മാത്രം നിറഞ്ഞ ജീവിതത്തില്‍ നിന്ന് മോചനം. 

കിട്ടാവുന്ന എല്ലാ ജോലിയും ചെയ്ത് മക്കളെ വളര്‍ത്താന്‍ ശ്രമിച്ചു ശര്‍മിള. വീട്ടുജോലിയും ശുചീകരണത്തൊഴിലാളിയായും അന്നന്നത്തെ അന്നത്തിനായി ഓടിനടന്നു. 28–ാം വയസില്‍ അജിത് സിങ്ങിനെ വിവാഹം ചെയ്തു. അദ്ദേഹമായിരുന്നു ശര്‍മിളയെ ഇന്ന് കാണുന്ന ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്. പാര അത്‌ലറ്റിക്സില്‍ ഒരു കൈ നോക്കാന്‍ ഭാര്യയെ പ്രോല്‍സാഹിപ്പിച്ചത് അജിത്താണ്. ഒരു ഘട്ടത്തില്‍ പരിശീലനത്തിനും മറ്റും പണം മതിയാകാതെ വന്നപ്പോള്‍ വീട് വിറ്റ് വരെ പണം സംഘടിപ്പിച്ചു. 

പൊതുവെ കായികതാരങ്ങളെല്ലാം കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന 34–ാം വയസിലാണ് ശര്‍മിളയ്ക്ക് കരിയര്‍ ആരംഭിക്കാന്‍ സാധിച്ചത്.  2022 ബിര്‍മിങ്ങാം കോമണ്‍വെല്‍ത്തില്‍ തലനാരിഴയ്ക്ക് മെഡല്‍ നഷ്മായി. നാലാമതാണ് ഫിനിഷ് ചെയ്തത്. ഈ വര്‍ഷം ദുബായില്‍ നടന്ന ഫസ ഇന്‍റര്‍ നാഷണല്‍ പാരാ അത്‌ലെറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം. പിന്നെ ഗ്ലാസ്ഗോയിലെ ചരിത്രനേട്ടം. എഫ് 57 വിഭാഗത്തിലായിരുന്നു ശര്‍മിളയുടെ നേട്ടം. 

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സില്‍ രാജ്യം സ്വര്‍ണം നേടിയത്. പോഡിയത്തില്‍ മെഡല്‍ ഏറ്റുവാങ്ങുമ്പോള്‍ അവരുടെ മനസില്‍ പിന്നിട്ട ഓരോ ദുരിതപാതകളും ഒന്നൊന്നായി മിന്നിത്തെളിഞ്ഞിരിക്കാം. ഈ നേട്ടം വലിയൊരു ഊര്‍ജമാണ്. അതിജീവനത്തിന്‍റെ പാഠമാണ്.

ENGLISH SUMMARY:

Sharmila Dhankar etched her name in history by winning the gold medal in the shot put event at the Commonwealth Games. Having overcome childhood polio, a difficult early marriage, domestic abuse, and extreme poverty, her journey to success is a inspiring story of pure resilience and survival. Encouraged by her second husband, Ajit Singh—who even sold their house to fund her training—she began her professional para-athletics career at the age of 34. Competing in the F57 category, her gold medal win ended India’s 20-year wait for a Commonwealth Games para-athletics gold.