Colombo: Pakistan's Usman Tariq during a practice session ahead of an ICC Men's T20 World Cup 2026 cricket match between India and Pakistan, at R Premadasa Stadium, in Colombo, Sri Lanka, Friday, Feb. 13, 2026. (PTI Photo/Arun Sharma) (PTI02_13_2026_000594A)

'ഔട്ട് ഓഫ് സിലബസ്' എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിശേഷിപ്പിച്ച ഉസ്മാന്‍ താരിഖിലേക്കാണ് ഇന്ത്യ–പാക് പോരാട്ടത്തില്‍ എല്ലാവരുടെയും കണ്ണ്. ഓഫ് സ്പിന്നറായ താരിഖിനെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ഹര്‍ഭജന്‍ സിങിന്‍റെ മുന്നറിയിപ്പ്. 'ഇടം കിട്ടിയാല്‍ മാന്‍ ഓഫ് ദ് മാച്ചും നേടി പോകുന്നയാളാണ് താരിഖ്. മറ്റ് സ്പിന്നര്‍മാരില്‍ നിന്ന് അടിമുടി വ്യത്യസ്തനാണ്'- ഹര്‍ഭജന്‍ സിങ് പിടിഐയോട് പറഞ്ഞു. താരിഖ് നില്‍ക്കുന്നതും പന്തെറിയുന്നതുമെല്ലാം ആളുകള്‍ ചര്‍ച്ചയാക്കുന്നുണ്ട്. അതൊട്ടും എളുപ്പമല്ല. ആര്‍ക്ക് വേണമെങ്കിലും നിന്ന് പന്തെറിയാം. പക്ഷേ അതില്‍ വേരിയേഷനുകള്‍ കൊണ്ടുവരികയെന്നതാണ് പ്രധാനം. അത് താരിഖിന് കഴിയുന്നുണ്ട്. വലിയ ഗ്രൗണ്ടുകളിലും സ്​ലോ പിച്ചുകളിലും താരിഖിനെ നേരിടുക ഒട്ടും എളുപ്പമാവില്ല'- ഹര്‍ഭജന്‍ തുറന്ന്  പറയുന്നു. Also Read: റണ്‍മല താണ്ടാന്‍ ഇന്ത്യ വിയര്‍ക്കും! 'സൂപ്പര്‍ സണ്‍ഡേ'യില്‍ മഴയും ഭീഷണി

പാക് താരത്തെ നേരിടുമ്പോള്‍ തി​കഞ്ഞ മനസാന്നിധ്യമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും ഇന്ത്യന്‍ ബാറ്റര്‍മാര്‍ താരിഖിന്‍റെ പന്തുകളെ ഇതുവരെ നേരിട്ടിട്ടില്ലെന്നതാണ് കാര്യമെന്നും ഹര്‍ഭജന്‍ പറയുന്നു. 'താരിഖിനെ പൂട്ടാനും പ്രധാനപ്പെട്ട വിക്കറ്റുകളൊന്നും നല്‍കാതെയുമിരിക്കാന്‍ ശ്രദ്ധിക്കണം. അഭിഷേക് ടീമിലേക്കെത്തുന്നതിനായി കാത്തിരിക്കുകയാണ്. അങ്ങനെയെങ്കില്‍ താരിഖിനെ നേരിടാന്‍ അഭിഷേക് ധാരാളമാണ്. സ്പിന്നിനെതിരെ ആധിപത്യം പുലര്‍ത്തി കളിക്കാന്‍ കഴിയുന്നയാളാണ് അഭിഷേക്. അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും ഹര്‍ഭജന്‍ വിശദീകരിക്കുന്നു. മികച്ച ബാറ്ററാണ് അഭിഷേക്. സ്വന്തമായി മല്‍സരം ജയിപ്പിക്കാന്‍ ഉറച്ച് കളിക്കുന്നയാള്‍. എല്ലാ ഷോട്ടും കളിക്കാന്‍ കഴിയുന്ന ഉജ്വല ബാറ്ററാണ് അഭിഷേക്'- മുന്‍ പാക് താരം മുഹമ്മദ് ആമിറിന്‍റെ വിമര്‍ശനങ്ങള്‍ക്ക് ഹര്‍ഭജന്‍ തിരിച്ചടിച്ചു. 'സാധാരണയായി എല്ലാ ബാറ്റര്‍മാര്‍ക്കും എല്ലാ ഷോട്ടുകളും കളിക്കാന്‍ കഴിയില്ലെന്നും പക്ഷേ അഭിഷേക് അങ്ങനയല്ല, ആദ്യ പന്ത് മുതല്‍ അടിച്ച് കളിക്കും. എത്ര നേരം ക്രീസിലുണ്ടോ അത്രയും നേരം അടി തുടരും. അതാണ് അഭിഷേകിനെ വ്യത്യസ്തനാക്കുന്നത്' എന്നും അദ്ദേഹം വ്യക്തമാക്കി. 

ബഹിഷ്കരണ വിവാദങ്ങള്‍ക്കെല്ലാം പിന്നാലെ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ഹര്‍ഭജന്‍ പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനെ ഒട്ടും വില കുറച്ച് കാണേണ്ടതില്ലെന്നും അവരുടേതും നല്ല ടീമാണെന്നും ഹര്‍ഭജന്‍ പറയുന്നു. പ്രത്യേകിച്ചും പാക് സ്പിന്നര്‍മാര്‍ മികച്ച ഫോമിലാണ്. അതെല്ലാം കൊണ്ടു തന്നെ ഇന്നത്തെ കളി കാണേണ്ടത് തന്നെയാണെന്നും താരം വ്യക്തമാക്കി. 

ഇന്നത്തെ മല്‍സരത്തില്‍ ഹസ്തദാനമുണ്ടാകുമോ എന്ന ചോദ്യത്തില്‍, അതൊക്കെ കളിക്കാരുടെ മാത്രം ഇഷ്ടമാണെന്നും അതൊന്നും ഒരു ബുക്കിലും എഴുതി  വച്ചിട്ടില്ലെന്നുമായിരുന്നു ഹര്‍ഭജന്‍റെ മറുപടി. വേണമെങ്കില്‍ ഹസ്തദാനം ചെയ്യുകയോ ആലിംഗനം ചെയ്യുകയോയോ ആവാം. അതൊക്കെ അവിടെ നില്‍ക്കട്ടെ, കളിക്കുകയെന്നതാണ് കാര്യം. എല്ലാ കരുത്തും പുറത്തെടുത്ത് കളിക്കുന്നതില്‍ മാത്രമാണ്  ശ്രദ്ധ നല്‍കേണ്ടത്. ബാക്കിയുള്ളതെല്ലാം അത്ര ഗൗരവമാക്കേണ്ടതല്ലാത്തവയാണ്. മല്‍സരശേഷം ഇംഗ്ലീഷ്– ഓസീസ് താരങ്ങള്‍ ഒന്നിച്ചിരിക്കുന്നത് കാണാറില്ലേ? ക്രിക്കറ്റിനെ ക്രിക്കറ്റായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, താരിഖ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്. അവസാനമായി കളിച്ച 23 ട്വന്‍റി 20 മല്‍സരങ്ങളിലുംവിക്കറ്റ് നേടിയ റെക്കോര്‍ഡാണ് താരിഖിനുള്ളത്. താരിഖിന്‍റെ ബോളിങ് ആക്ഷനും പന്തുകളിലെ വ്യത്യസ്തതയുമാണ് ബാറ്റര്‍മാരെ കുഴയ്ക്കുക. ചെറിയ റണ്ണപ്പുമായി ക്രീസിലെത്തി ബോളിങ് ആക്ഷന്‍ ഒരു നിമിഷം പോസ് ചെയ്ത ശേഷം പന്തെറിയുന്നതാണ് താരിഖിന്‍റെ രീതി. സൈഡ് ആം ആക്ഷന്‍ ആയതിനാല്‍ പന്തിന് കാര്യമായ ബൗണ്‍സും ഉണ്ടാകില്ല. താരിഖിനെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചാകും ഇന്ത്യയുടെ ജയമെന്ന് സാരം.

ENGLISH SUMMARY:

Former Indian spinner Harbhajan Singh has alerted Team India about the threat posed by Pakistan's 'out of syllabus' spinner Usman Tariq ahead of the T20 World Cup 2026 clash. Harbhajan noted that Tariq's unique side-arm action and variations could be lethal on Colombo's slow pitch. However, he suggested that young batter Abhishek Sharma, known for his dominance against spin, is the perfect candidate to neutralize Tariq. Replying to Mohammad Amir's criticisms, Harbhajan praised Abhishek's ability to play aggressive shots from the very first ball. He emphasized that Indian batters must maintain composure and avoid losing wickets to Tariq. As Pakistan's spinners remain in top form, Harbhajan expects a high-voltage encounter while urging everyone to view the match purely as a sport.