2008 ഐപിഎല്ലിനിടെ സംഭവിച്ച സ്ലാപ് ഗേറ്റ് വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. അടുത്തിടെ നടന്ന ഒരു ഷോയ്ക്കിടെ ശ്രീശാന്ത് ഹര്‍ഭജന്‍ സിങ്ങിനെ പരസ്യമായി വെല്ലുവിളിച്ചതോടെയാണ് വിവാദം വീണ്ടും വാര്‍ത്തയാകുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബും (ഇന്നത്തെ പഞ്ചാബ് കിങ്സ്), മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിനു പിന്നാലെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടായും ഏറ്റവും വലിയ വിവാദമായും അത് മാറുകയായിരുന്നു.
ആ സംഭവങ്ങളെല്ലാം മറന്ന് പിന്നീട് ശ്രീശാന്തും ഹര്‍ഭജനും വീണ്ടും പൊതുപരിപാടികളില്‍ ഉള്‍പ്പെടെ ഒന്നിച്ച് പങ്കെടുക്കുന്ന സാഹചര്യങ്ങളുണ്ടായി. ഒന്നിച്ച് പല പരസ്യങ്ങളുടേയും ഭാഗമാകാനും ഹര്‍ഭജനും ശ്രീശാന്തും തയാറായി. ആ സംഭവത്തില്‍ താന്‍ അങ്ങേയറ്റം ഖേദിക്കുന്നതായി പല പരിപാടികള്‍ക്കിടെയിലും അഭിമുഖങ്ങളിലും ഹര്‍ഭജന്‍ ഏറ്റു പറയുന്നതും ഖേദം പ്രകടിപ്പിക്കുന്നതും നമ്മള്‍ കണ്ടു. ഇരുവര്‍ക്കുമിടെയിലെ സൗഹൃദം വീണ്ടും ക്രിക്കറ്റ് പ്രേമികള്‍ കണ്ടു.
എന്നാല്‍ ആ ബന്ധം വീണ്ടും വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്തിടെ ചെയ്ത ഒരു പരസ്യത്തില്‍ ആ വിവാദ സംഭവത്തെ നിസാരവല്‍ക്കരിച്ച് പറഞ്ഞതാണ് പുതിയ പ്രശ്നത്തിനു കാരണമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ശ്രീശാന്തിന്റെ പേര് നേരിട്ടു പറയാതെയായിരുന്നു പരസ്യമെങ്കിലും അത് ശ്രീശാന്തിന് വലിയ മനോവിഷമം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വേദനാജനകമായ സംഭവത്തെ ഈ രീതിയില്‍ വിലയിരുത്തിയതിന്റെ പേരില്‍ ഹര്‍ഭജനെ താന്‍ വീണ്ടും ബ്ലോക്ക് ചെയ്തതായും സൗഹൃദം അവസാനിപ്പിച്ചതായും ശ്രീശാന്ത് പറയുന്നു. ഈ പരസ്യത്തിലൂടെ ഹര്‍ഭജന്‍ ഒരു കോടി രൂപയാണ് നേടിയതെന്നും ശ്രീശാന്ത് ആരോപിക്കുന്നു.
അടുത്തിടെ പങ്കെടുത്ത ഷോയ്ക്കിടെ ഹര്‍ഭജനൊപ്പമുള്ള പഴയ ഫോട്ടോ സ്്ക്രീനില്‍ കാണിച്ച് ശ്രീശാന്തിനോട് എന്താണ് പറയാനുള്ളതെന്ന് അവതാരകന്‍ ചോദിച്ചു, ഇതിന്റെ മറുപടിയായാണ് ശ്രീശാന്തിന്റെ വാക്കുകള്‍. ഒരു ബോക്സിങ് റിങ്ങിനുള്ളില്‍ കാര്യങ്ങള്‍ തീര്‍ക്കാന്‍ താന്‍ തയാറാണെന്നും ധൈര്യമുണ്ടോയെന്നും ശ്രീശാന്ത് പരസ്യമായി ഹര്‍ഭജനെ വെല്ലുവിളിച്ചു. ബോക്സിങ് റിങ്ങിലേക്ക് തന്നെ നേരിടാന്‍ വരാനാകുമോ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ശ്രീശാന്ത് ചോദിക്കുന്നു. ഇത് അഭിനയമല്ലെന്നും താന്‍ ചിരിച്ചുകൊണ്ടാണ് ഇത് പറയുന്നതെന്നും പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ഭാജീ, ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്. നിങ്ങൾക്കും എനിക്കും തമ്മില്‍ ഇത്രയധികം പ്രശ്നങ്ങളുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇത്രയും സമ്പാദിക്കാന്‍ കഴിഞ്ഞില്ലേ?, ഞാനും സമ്പാദിക്കട്ടേ, റിങ്ങിലേക്ക് വരൂ. ഞാൻ നിങ്ങളെ ഹൃദയത്തിൽ നിന്നാണ് വിളിക്കുന്നത്. ആത്മാഭിമാനമുണ്ടെങ്കിൽ പരസ്യങ്ങളും മറ്റും ചെയ്യുന്നത് നിര്‍ത്തണമെന്നും എല്ലാ മലയാളികൾക്കും എല്ലാ സർദാർമാർക്കും വേണ്ടി റിങ്ങിലേക്ക് വരണമെന്നും താന്‍ കാത്തിരിക്കുമെന്നും ശ്രീശാന്ത് പറയുന്നു.