ഇന്ത്യ–പാക്കിസ്ഥാന്‍ മത്സരത്തിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നത് വേഗത കുറഞ്ഞ പിച്ച്. വെള്ളിയാഴ്ച സിംബാബ്‍വെ– ഓസ്ട്രേലിയ മത്സരം നടന്ന അതേ പിച്ചിലാണ് മത്സരം നടക്കുക. ബാറ്റ്സ്മാന്‍മാരെ പരീക്ഷിക്കുന്ന വേഗത കുറഞ്ഞ പിച്ചാണ് ഇത്. ഇതിനൊപ്പം മഴ ഭീഷണി തലയ്ക്ക് മുകളില്‍ നില്‍ക്കുന്നതും പിച്ചിന്‍റെ സ്വഭാവത്തെ സ്വാധീനിക്കും.  

സ്പിന്നര്‍മാര്‍ക്ക് മേധാവിത്വമുള്ള മത്സരമായിരിക്കും പ്രേമദാസയിലേതെന്നാണ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ പറഞ്ഞത്. അതിനാല്‍ ഇന്ത്യയ്ക്കെതിരെ അഞ്ചു സ്പിന്നര്‍മാരെ പാക്കിസ്ഥാന്‍ കളിപ്പിച്ചേക്കും. അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, സയിം അയൂബ് എന്നിവരെ പാക്കിസ്ഥാന്‍ കളത്തിലിറക്കാനാണ് സാധ്യത. ഇന്ത്യന്‍ നിരയില്‍ വാഷിങ്ടൺ സുന്ദര്‍, കുൽദീപ് യാദവ് എന്നിവരും എത്താനും സാധ്യതയുണ്ട്. 

സ്ലോ പിച്ചാണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ പേസര്‍മാരാണ് കളി നിയന്ത്രിച്ചത്. ഏഴു വിക്കറ്റാണ് സിംബാബ്‍വെ പേസര്‍മാര്‍ നേടിയത്. മുസബറാനി 17 റണ്‍സ് വിട്ടു കൊടുത്ത് നാലു വിക്കറ്റെടുത്തു. മറ്റൊരു പേസര്‍ ബ്രാഡ് ഇവാൻസ് 17 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. അതിനാല്‍ പേസര്‍മാരുടെ പ്രകടനവും മാറ്റനിര്‍ത്താന്‍ സാധിക്കില്ല. ഇന്നലെ നടന്ന വാര്‍ത്തസമ്മേളനത്തില്‍ പാക് ക്യാപ്റ്റന്‍ ഇക്കാര്യവും സൂചിപ്പിച്ചു. 

'പേസര്‍ക്കും കളിയില്‍ നിര്‍ണായക പങ്കുണ്ടാകും. അവര്‍ക്ക് തീർച്ചയായും റോളുണ്ടാകും. ഞങ്ങള്‍ക്ക് മികച്ച സ്പിന്നര്‍മാരുണ്ട്. അതുപോലെ ആവശ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച പേസര്‍മാരും ഞങ്ങളുടെ പക്കലുണ്ട്' എന്നാണ് സല്‍മാന്‍ വ്യക്തമാക്കിയത്. വലിയ ബൗണ്ടറിയും ഉപയോഗിച്ച പിച്ചും ചേരുമ്പോള്‍ അറ്റാക്കിങ് ബാറ്റിങ് നടത്തുന്ന ഇന്ത്യന്‍ നിരയ്ക്ക് പരീക്ഷണമായേക്കാം എന്നാണ് നിരീക്ഷണം. 

തിരിച്ചടിയായി മഴ ഭീഷണി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് കൊളംബോയിലെ ഇന്ത്യ– പാക്കിസ്ഥാന്‍ മത്സരത്തില്‍ മഴ കളിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നത്. ഇന്നലെ കൊളംബോയില്‍ മഴ പെയ്തിരുന്നു. ഇന്ത്യയുടെ പരിശീലന സെഷനെ അടക്കം ഇത് ബാധിച്ചു. നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്ന ഇന്ത്യ ചെറിയ മഴയെ തുടര്‍ന്ന് ഇന്‍ഡോര്‍ നെറ്റ്സിലേക്ക് പരീശീലനം മാറ്റുകയായിരുന്നു. പകല്‍ നേരത്തും സ്റ്റേ‍ഡിയം ഉള്‍പ്പെടുന്ന കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 96 ശതമാനമാണെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. രാവിലെ മഴ പെയ്യുന്നത് പിച്ചിന്‍റെ സ്വഭാവത്തെ മാറ്റിയേക്കാം. ഇത് സ്പിന്‍ ബോളിങ് കൂടുതല്‍ അനുകൂലമായേക്കാം. 

ENGLISH SUMMARY:

Colombo's Premadasa Stadium is preparing a slow pitch for the India vs Pakistan match, which will be played on the same surface used for the Zimbabwe vs Australia game. This slow pitch will test batsmen, and the looming threat of rain will also influence its behavior.