ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിന് ശേഷം വൈഭവ് സൂര്യവംശിക്ക് പരീക്ഷ കാലം. ലോകകപ്പ് ഫൈനലിലെ 175 റണ്‍സ് പ്രകടനത്തിന് പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഒരുക്കത്തിലാണ് താരം. ബിഹാര്‍‌ സമസ്തിപുരിലെ പോദര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലാണ് വൈഭവ് പരീക്ഷ എഴുതുന്നത്. വൈഭവ് അഡ്മിഷന്‍ കാര്‍ഡ് വാങ്ങിയതായി സ്കൂള്‍ പ്രിന്‍സിപ്പള്‍ നീല്‍ കിഷോര്‍ പറഞ്ഞു. 

അഭിഷേക് ടീമിനൊപ്പം കൊളംബോയില്‍; ഓപ്പണിങില്‍ സഞ്ജുവില്ല; പകരം വലിയ മാറ്റം!

ഫെബ്രുവരി 17 മുതലാണ് പരീക്ഷ ആരംഭിക്കുക. അതിനാല്‍ പരീക്ഷ തിരക്കുമൂലം ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങള്‍ പോലും കാണാന്‍ വൈഭവിന് സമയം കിട്ടില്ല. മാര്‍ച്ച് 11 വരെയാണ് പരീക്ഷ നടക്കുക. അതിനു ശേഷം വൈഭവ് ഐപിഎല്‍ തിരക്കിലേക്ക് മാറും. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ സ്റ്റാര്‍ ഓപ്പണറാണ് ഈ 14 കാരന്‍. അദ്ദേഹത്തിന്റെ വരവിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ എല്ലാവരും ആവേശത്തിലാണെന്നും ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നതായും പ്രിന്‍സിപ്പാള്‍ പറഞ്ഞു. 

ലോകകപ്പില്‍ 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്‍റെ ഇന്നിങ്സാണ് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായത്. 15 ഫോറും 15 സിക്സറും സഹിതമായിരുന്നു വൈഭവിന്‍റെ വെടിക്കെട്ട്. അണ്ടര്‍ 19 ലോകകപ്പില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ താരം എന്ന റെക്കോര്‍ഡും ഇതോടെ താരം സ്വന്തമാക്കി. അണ്ടര്‍ 19 ലോകകപ്പിലും ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും തകര്‍ത്തടിക്കുന്ന സൂര്യവംശിക്ക് 14 ന്‍റെ ചെറുപ്പാണ്. 2011 മാര്‍ച്ച് 27 ന് ജനിച്ച വൈഭവിന് അടുത്ത മാസമാണ് 15 പൂര്‍ത്തിയാകുന്നത്. 

ഇന്ത്യ–പാക് മത്സരത്തിന് പുതിയ ഭീഷണി; ഓവറുകള്‍ വെട്ടിച്ചുരുക്കിയേക്കും; വില്ലനായി ന്യൂനമര്‍ദ്ദം

ഇതോടെ വൈഭവിന് ഇനി ഇന്ത്യന്‍ സീനിയര്‍ ടീമിലും കളിക്കാനാകും. ഒരു കളിക്കാരന് രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കാന്‍ കുറഞ്ഞത് 15 വയസ് പ്രായമുണ്ടായിരിക്കണമെന്നാണ് ഐസിസിയുടെ ചട്ടം. യുവ കായികതാരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി 2020 ലാണ് ഈ നിയമം കൊണ്ടുവന്നത്. 

ENGLISH SUMMARY:

Vaibhav Vashisht is preparing for his CBSE Class 10 exams following India's U19 Cricket World Cup triumph. His exceptional 175-run performance in the World Cup final is now being followed by intense study sessions for his upcoming examinations.