india-vs-pak
  • കൊളംബോയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മഴ ഭീഷണി
  • ഞായറാഴ്ച വൈകീട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെ

ബഹിഷ്കരണമൊഴിഞ്ഞതിന് പിന്നാലെ ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മഴ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കൊളംബോയിലെ ഇന്ത്യ– പാക്കിസ്ഥാന്‍ മത്സരത്തെ മഴതടസപ്പെടുത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയില്‍ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. 

ഞായറാഴ്ച പുലര്‍ച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും ഖേത്താരാമയില്‍. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലാണ് കാലാവസ്ഥാ പ്രവചനത്തിലുള്ളത്. മഴ പെയ്യാന്‍ 50-70 ശതമാനം വരെയാണ് സാധ്യത. പ്രാദേശിക സമയം രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇത് ടോസ് വൈകിപ്പിക്കാനോ മത്സരം വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന് ശേഷം മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാത്രി മുഴുവന്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥ പ്രവചനങ്ങള്‍ പറയുന്നത്. 

മഴയെ നേരിടാന്‍ ശക്തമായ സന്നാഹങ്ങളാണ് പ്രേമദാസ സ്റ്റേഡിയത്തിലുള്ളത്. അത്യാധുനിക ഡ്രെയിനേജ് സംവിധാനവും വിദഗ്ധരായ ഗ്രൗണ്ട സ്റ്റാഫുകളും സ്റ്റേഡിയത്തിലുണ്ട്. മറ്റു അന്താരാഷ്ട്ര വേദികളില്‍ നിന്നും വ്യത്യസ്തമായി പിച്ചിനെ മാത്രം മറയ്ക്കുന്നതിന് പകരം മുഴുവന്‍ മൈതാനത്തെ മറയ്ക്കുന്നതാണ് കൊളംബോയിലെ രീതി. ഇത് ഔട്ട്ഫീല്‍ഡില്‍ വെള്ളം കയറുന്നത് ആദ്യം തന്നെ തടയും. ശക്തമായ മഴ ഒഴിഞ്ഞതിന് ശേഷം 45-60 മിനിറ്റിന് ശേഷം മൈതാനത്തെ മത്സരയോഗ്യമാക്കാന്‍ പ്രേമദാസയില്‍ സാധിക്കും. 

premadasa-stadium

ശനിയാഴ്ച സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് പരിശീലന സെഷനുണ്ട്. ഇതിനും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതേസമയം, ശ്രീലങ്കയില്‍ നടന്ന ലോകകപ്പ് ട്വന്‍റി 20 മത്സരങ്ങളില്‍ ഇതുവരെ ഒന്നും മഴമൂലം തടസപ്പെട്ടിട്ടില്ല. മഴ സാധ്യതയുണ്ടായിരുന്ന ശ്രീലങ്ക– ഒമാന്‍ മത്സരത്തിന് ശേഷം മഴ പെയ്തിരുന്നു.  കൊളംബോയിലെ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്‍റ് വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് റിസര്‍വ് ഡേ ഇല്ല. ഗ്രൂപ്പില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും നാലു പോയിന്‍റ് വീതമാണുള്ളത്. നെറ്റ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ENGLISH SUMMARY:

The India Pakistan cricket match in Colombo faces a significant rain threat due to a low-pressure system forming in the Bay of Bengal. The weather forecast for Premadasa Stadium indicates a 50-70% chance of rain and thunderstorms on Sunday evening, potentially disrupting the highly anticipated World Cup encounter.