ക്രിക്കറ്റിന് നാണക്കേടായി വീണ്ടും ഒത്തുകളി ആരോപണം. ഇന്ത്യ വേദിയായ ട്വന്റി 20 ലോകകപ്പില്‍, കനാഡയുടെ മല്‍സരങ്ങളെക്കുറിച്ച് ഐസിസി അഴിമതി വിരുദ്ധ യൂണിറ്റ് അന്വേഷണം തുടങ്ങി. കനേഡിയൻ ഇൻവെസ്റ്റിഗേറ്റീവ് പ്രോഗ്രാമായ 'ദി ഫിഫ്ത് എസ്റ്റേറ്റ്' നിർമിച്ച് സിബിസി ചാനല്‍ സംപ്രേഷണം ചെയ്ത 'കറപ്ഷൻ, ക്രൈം ആൻഡ് ക്രിക്കറ്റ്' എന്ന 43 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലാണ് ട്വന്റി 20 ലോകകപ്പിലെ ഒത്തുകളി തെളിവുസഹിതം വെളിപ്പെടുത്തുന്നത്. ഇതോടെയാണ് ചെന്നൈയിൽ ഫെബ്രുവരി 17ന് നടന്ന കാനഡ – ന്യൂസിലന്‍ഡ് മല്‍സരം ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് നിരീക്ഷിക്കുന്നത്.
ചെപ്പോക്കിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കാനഡ തോറ്റത്. മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത കാനഡ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് 15.1 ഓവറിൽ കിവീസ് ലക്ഷ്യം മറികടന്നു. അഞ്ചാം ഓവർ എറിഞ്ഞ കനേഡിയൻ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ ഒത്തുകളിച്ചെന്നാണ് ഡോക്യുമെന്ററിയിലെ വെളിപ്പെടുത്തല്‍. ടൂർണമെന്റിന് മൂന്നാഴ്ച മുൻപ് മാത്രം ക്യാപ്റ്റനായി നിയമിതനായ ഓഫ് സ്പിന്നർ കൂടിയായ ബാറ്റിങ് ഓൾറൗണ്ടർ ബജ്‌വ, ന്യൂസീലൻഡ് 35/2 എന്ന നിലയിൽ തകര്‍ച്ച നേരിടുമ്പോഴാണ് പന്തെറിയാനെത്തിയത്.
ഒരു നോ ബോളോടെ ഓവർ ആരംഭിച്ച ബജ്‌വ, പിന്നാലെ ലെഗ് സൈഡിൽ ഒരു വൈഡ് എറിഞ്ഞു. ആ ഓവറിൽ ആകെ 15 റൺസാണ് താരം വഴങ്ങിയത്. അവിടെ നിന്നാണ് കിവീസിന്റെ തിരിച്ചുവരവ് തുടങ്ങിയത്. 39 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്ന ഗ്ലെൻ ഫിലിപ്‌സും 36 പന്തിൽ 76 റൺസെടുത്ത രചിൻ രവീന്ദ്രയുമാണ് ബ്ലാക്ക് ക്യാപ്‌സിന്റെ വിജയം ഉറപ്പാക്കി സൂപ്പർ എട്ടിൽ ഇടം നേടിക്കൊടുത്തത്
കാനഡയുടെ മുൻ പരിശീലകൻ ഖുറം ചൗഹാന്റെ ചോർന്ന ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ടാണ് ഡോക്യുമെന്ററിയിലെ രണ്ടാമത്തെ അന്വേഷണം. ചില കളിക്കാരെ ടീമിൽ ഉൾപ്പെടുത്താൻ മുതിർന്ന ബോർഡ് അംഗങ്ങൾ തനിക്കുമേൽ സമ്മർദം ചെലുത്തിയതായി അദ്ദേഹം ആരോപിക്കുന്നു. 2024-ലെ ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി ടീം തിരഞ്ഞെടുപ്പിൽ അനാവശ്യ സമ്മർദം ഉണ്ടായെന്ന് മുൻ പരിശീലകൻ പുബുദു ദസ്സനായകെയും ഡോക്യുമെന്ററിയിൽ ആരോപിക്കുന്നുണ്ട്. അന്യായമായി പിരിച്ചുവിട്ടതിന് ക്രിക്കറ്റ് കാനഡയ്‌ക്കെതിരെ കേസ് നൽകിയിരിക്കുകയാണ് ദസ്സനായകെ.
കനേഡിയൻ ക്രിക്കറ്റിലെ അഴിമതി, ഭരണപരമായ വീഴ്ചകൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഡോക്യുമെന്ററി ഉന്നയിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ക്രിക്കറ്റ് കാനഡ ഭരണതലത്തിൽ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ക്രിമിനൽ കേസുകളുടെ വിവരം മറച്ചുവെച്ചത് ഐസിസിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, സിഇഒ ആയി സൽമാൻ ഖാനെ നിയമിച്ചതും പിന്നീട് പുറത്താക്കിയതും ഇതിൽ ഉൾപ്പെടും.