Image Credit: AP
ഏഷ്യാക്കപ്പിലെ ഇന്ത്യ–പാക് ഹസ്തദാന വിവാദം വീണ്ടും സജീവമാക്കി പാക്കിസ്ഥാന്‍. സല്‍മന്‍ അലി ആഗയാണ് സംഭവത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ടോസിന് മുന്‍പായി വാര്‍ത്താ സമ്മേളനം ഉണ്ടായിരുന്നു. അപ്പോള്‍ ഹസ്തദാനം ചെയ്തിരുന്നുവെന്നും ട്രോഫി ഷൂട്ട് ഉണ്ടായിരുന്നുവെന്നും ആഗ പറയുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിരുന്നുവെന്നും പാക് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.
'ടോസിന് ഞാന്‍ പോകുന്നത് വരെ എല്ലാം സാധാരണ പോലെയായിരുന്നു. ഹസ്തദാനം ഇല്ലെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ മീഡിയ മാനേജര്‍ നയീം ഭായിയുമൊത്താണ് ഞാന്‍ ടോസിനായി പോയത്. മാച്ച് റഫറി അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് ഞാനോര്‍ക്കുന്നില്ല. അദ്ദേഹം എന്നെ ഒരു സൈഡിലേക്ക് കൊണ്ടുപോയി,എന്നിട്ടാണ് പറഞ്ഞത്. ഹസ്തദാനമുണ്ടാകില്ല എന്ന്. ഇല്ലെങ്കില്‍ വേണ്ട കുഴപ്പമൊന്നുമില്ലെന്ന് ഞാനും പറഞ്ഞു. എനിക്ക് അത്ര നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് സംഭവിച്ചത്'- ആഗ പറയുന്നു.
മല്‍സരത്തിന് മുന്‍പ് ഹസ്തദാനം ചെയ്യാതിരുന്നത് മനസിലാക്കാമെന്നും എന്നാല്‍ മല്‍സരത്തിന് ശേഷം അതില്ലാത്തതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു. അത് കളിയുടെ മര്യാദയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ' കളിയില്‍ ഇന്ത്യ ജയിച്ചു. ഞങ്ങള്‍ തോറ്റു. ഞങ്ങള്‍ ടീമായി അവരുടെ ഡ്രസിങ് റൂമിലേക്ക് ഹസ്തദാനത്തിനായി ചെന്നു. പക്ഷേ അടഞ്ഞു കിടന്ന വാതിലാണ് ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഹസ്തദാനത്തിന് അവര്‍ തയാറായിരുന്നില്ല'- ആഗ കൂട്ടിച്ചേര്‍ത്തു.
ഹസ്തദാന വിവാദം സമൂഹമാധ്യമങ്ങളിലും അല്ലാതെയും വലിയ ചര്‍ച്ചയായി. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റാണോ അതോ ദേശീയതയാണോ കളിക്കളത്തില്‍ പാലിക്കേണ്ടത് എന്നതിലായിരുന്നു ചര്‍ച്ചകളത്രയും. എന്നാല്‍ സൈനികരുടെ ജീവത്യാഗത്തെ മാനിക്കുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ മറുപടി. 'ഇതേക്കുറിച്ച് ഞാന്‍ ആവര്‍ത്തിച്ച് ചിന്തിച്ചു. അത് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. നമ്മള്‍ രാജ്യത്തെ പ്രതിനിധീകരിച്ചാണ് മല്‍സരിക്കാനിറങ്ങുന്നത്. ഞാന്‍ പാക്കിസ്ഥാന് വേണ്ടിയാണ് കളിക്കുന്നത്. ജനങ്ങള്‍ എന്നെ കാണുന്നുണ്ട്. കുട്ടികള്‍ ഇത് കണ്ടാണ് പഠിക്കുക. ഇത് നാളെ ക്ലബ് ഗെയിമുകളിലും ആവര്‍ത്തിക്കും. അങ്ങനെയൊരു കീഴ്‌വഴക്കമുണ്ടാകാന്‍ കാരണക്കാരന്‍ ഞാന്‍ മാത്രമാകും. നിങ്ങളൊരു റോള്‍ മോഡലായിരിക്കുമ്പോള്‍ നല്ല മാതൃക തീര്‍ക്കണമെന്നാണ് എന്‍റെ പക്ഷം'- ആഗ വ്യക്തമാക്കി. ഏഷ്യാകപ്പിലെ വിവാദത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും പിന്നീട് ഹസ്തദാനം ചെയ്തിട്ടേയില്ല.