Image Credit: Left (AFP), Right (PTI)

Image Credit: Left (AFP), Right (PTI)

ട്വന്‍റി20യിലെ സൂര്യകുമാര്‍ യുഗത്തിന് അന്ത്യമാകുന്നു. ശ്രേയസ് അയ്യരെ ട്വന്‍റി 20 ക്യാപ്റ്റനായി ബിസിസിഐ പരിഗണിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അജിത് അഗാര്‍ക്കര്‍ തലവനായ സിലക്ഷന്‍ കമ്മിറ്റിയാണ് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാന്‍ നിര്‍ദേശിച്ചത്. ഐപിഎലില്‍ പഞ്ചാബ് കിങ്സിനായുള്ള താരത്തിന്‍റെ പ്രകടനം വിലയിരുത്തിയാണ് തീരുമാനമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ട്വന്‍റി20യില്‍ നവോന്മേഷം കൊണ്ടുവരുന്നതിനാണ് പുതിയ നീക്കമെന്ന് ബിസിസിഐ വെളിപ്പെടുത്തുമ്പോള്‍ തന്നെ സൂര്യകുമാറിന് ഫോം കണ്ടെത്താന്‍ കഴിയാത്തതും കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ട്വന്‍റി 20യിലേക്കുള്ള ശ്രേയസ് അയ്യരുടെ മടങ്ങി വരവ് ക്യാപ്റ്റനായിട്ടാകുമെന്നതില്‍ തര്‍ക്കമില്ല. അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ  പ്രഖ്യാപിക്കുമ്പോള്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നാണ് കരുതുന്നത്. 

അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി ക്യാപ്റ്റനായി തുടരാനുള്ള താല്‍പര്യം സൂര്യകുമാര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബാറ്റിങിലെ മോശം ഫോം വിനയാകുമെന്നാണ് വിലയിരുത്തല്‍. 2026ലെ ട്വന്‍റി ലോകകപ്പില്‍ ഒന്‍പത് ഇന്നിങ്സുകളില്‍ നിന്നായി 242 റണ്‍സായിരുന്നു സൂര്യകുമാറിന്‍റെ സമ്പാദ്യം. ഇതില്‍ യുഎസ്എയ്ക്കെതിരായി നേടിയ 84 റണ്‍സാണ് ടോപ് സ്കോര്‍. കരുത്തന്‍മാര്‍ക്കെതിരായ പോരാട്ടത്തിലൊന്നും സൂര്യകുമാറിന് തിളങ്ങാന്‍ കഴിഞ്ഞില്ലെന്ന് കണക്കുകളും വ്യക്തമാക്കുന്നു. 2024 ജൂലൈയിലാണ് ട്വന്‍റി 20 ക്യാപ്റ്റനായി സൂര്യകുമാര്‍ ചുമതലയേറ്റത്. പിന്നീടിങ്ങോട്ട് കഴിഞ്ഞ ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരെ നേടിയ സ്കോര്‍ ഒഴിച്ചാല്‍ തീര്‍ത്തും ഫോം ഔട്ടായിരുന്നു താരം. 45 മല്‍സരങ്ങളില്‍ നിന്നായി 932 റണ്‍സാണ് താരം ആകെ നേടിയതും.

കൈത്തണ്ടയ്ക്കേറ്റ പരുക്കാണ് സൂര്യയെ കൂടുതല്‍ വലയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സീസണിലാണ് താരത്തിന്‍റെ കൈത്തണ്ടയ്ക്ക് പരുക്കേറ്റത്.  പലപ്പോഴും കൈയ്യില്‍ കനത്തില്‍ കോട്ടണ്‍ പാഡ് കെട്ടിയാണ് സൂര്യ കളിക്കാനിറങ്ങിയത്. ഇതേക്കുറിച്ച് അസിസ്റ്റന്‍റ് കോച്ചിനോട് ചോദിച്ചപ്പോള്‍ അത് സാധാരണ തേയ്മാനം മാത്രമാണെന്നായിരുന്നു മറുപടി.

കണക്കുകളിങ്ങനെയാണെങ്കിലും സൂര്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ രോഹിത് ശര്‍മ വിരമിച്ച ശേഷം ഇന്ത്യ ഒരു ട്വന്‍റി20 പരമ്പരയും തോറ്റിട്ടില്ല. അതേസമയം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ശ്രേയസ് അയ്യര്‍ ഇന്ത്യയ്ക്കായി ട്വന്‍റി 20യില്‍ കളിച്ചിട്ടുമില്ല. 2023 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. 

ENGLISH SUMMARY:

The BCCI is reportedly planning a major leadership transition in India's T20I setup, with Shreyas Iyer emerging as the top candidate to replace Suryakumar Yadav as captain. Despite leading India to a historic T20 World Cup 2026 victory, Suryakumar's individual batting form has seen a significant dip, coupled with a persistent wrist injury. Shreyas Iyer’s successful stint as the captain of Punjab Kings in IPL 2026 and his previous tactical brilliance with KKR have put him at the forefront of the selection committee's vision. The move is part of a long-term strategy as India prepares for a new cycle leading up to the 2028 T20 World Cup and the LA Olympics. Official confirmation is expected when the squad for the upcoming T20I tour of Ireland is announced following the conclusion of the IPL season.