hardik-pandya-file

ഐപിഎല്‍ ടീമുകള്‍ക്കൊപ്പം യാത്ര ചെയ്യുന്ന അനൗദ്യോഗിക വ്യക്തികളെ നിയന്ത്രിക്കുവാന്‍ നിയമങ്ങൾ കർശനമാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഒരുങ്ങുന്നു. ടീമിന്‍റെ ഹോട്ടലുകൾ, ബസുകൾ തുടങ്ങി മറ്റുള്ളവര്‍ക്ക് നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളില്‍ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഈ നീക്കം പതിവായി കളിക്കാരുടെ കൂടെ സഞ്ചരിക്കുന്ന കാമുകിമാരേയും പങ്കാളികളേയും ടീം ഇതര അംഗങ്ങളെയും നേരിട്ട് ബാധിച്ചേക്കാം.

നേരത്തേ ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, അർഷ്ദീപ് സിങ് എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ തങ്ങളുടെ കാമുകിമാര്‍ക്കും പെണ്‍ സുഹൃത്തുക്കള്‍ക്കുമൊപ്പം  യാത്ര ചെയ്യുന്നതും ഇവര്‍ ടീമിനൊപ്പം സമയം ചെലവഴിക്കുന്നതും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. മാത്രമല്ല, ഈ സീസണിൽ ടീമുകളും കളിക്കാരും ഉള്‍പ്പെട്ട പല പ്രോട്ടോക്കോള്‍ ലംഘനങ്ങളും ശ്രദ്ധയിൽപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എഎൻഐയോട് പറഞ്ഞു. അനധികൃതരായ ചിലർ ഹോട്ടലുകളിലേക്കും കളിക്കാരുടെ മുറികളിലേക്കും ടീം ഉദ്യോഗസ്ഥരുടെ മുറിയിലേക്കും വരുന്നതായും ഇത് പ്രോട്ടോക്കോളുകൾക്ക് തികച്ചും വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മല്‍സരങ്ങൾക്കിടയിലും പ്രവേശനം നിയന്ത്രിച്ചുള്ള പ്രദേശങ്ങളിലും അനുവദനീയമല്ലാത്ത മേഖലകളിലും ടീം ഉടമകളും ഉദ്യോഗസ്ഥരും പ്രവേശിക്കുന്നത് ബോർഡ് ശ്രദ്ധിച്ചിട്ടുണ്ടെന്നും ദേവജിത് സൈകിയ ൃ ഊന്നിപ്പറഞ്ഞു. ഞങ്ങൾ ഇത് വളരെ ഗൗരവമായി എടുത്തിട്ടുണ്ട്. ഇനി എന്തെങ്കിലും ലംഘനം ഉണ്ടായാൽ, ബിസിസിഐയും ഐപിഎല്ലും കർശന നടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് ഉടന്‍ തന്നെ നിയമങ്ങള്‍ വരാനാണ് സാധ്യത. 2026 ലെ അവശേഷിക്കുന്ന ഐപിഎല്‍ മല്‍സരങ്ങള്‍ക്കും ഇത് ബാധകമായേക്കും. ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീം ഹോട്ടലുകൾ, ഡ്രസ്സിങ് റൂം, ബസുകൾ, യാത്രകള്‍, മാച്ച്ഡേ സോണുകൾ എന്നിവയിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ വരുമെന്നാണ് സൂചന. ഇവിടേക്കുള്ള പ്രവേശനം അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും. ഐ‌പി‌എൽ ടൂറുകളിൽ കർശനമായ അക്രഡിറ്റേഷൻ പരിശോധനകൾ വന്നേക്കും.

ENGLISH SUMMARY:

The BCCI is set to tighten security protocols regarding unofficial individuals traveling with IPL teams. This decision comes after officials noticed an increase in unauthorized persons entering restricted areas like team hotels, buses, and dressing rooms. BCCI Secretary Devajit Saikia stated that several protocol breaches involving players' friends, partners, and team owners have been recorded during the ongoing 2026 season. These new rules could directly impact the travel arrangements of players like Hardik Pandya and Yashasvi Jaiswal, who are often accompanied by their partners. Moving forward, strict accreditation checks will be implemented, and any further violations will result in disciplinary action from the board.