Image: . @BCCI X/ANI

Image: . @BCCI X/ANI

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായുള്ള ഇന്ത്യൻ ട്വന്റി20 ടീമില്‍ നിന്നും മുഹമ്മദ് സിറാജിനെ ഒഴിവാക്കി. ബിസിസിഐ മെഡിക്കൽ സംഘവും ടീം മാനേജ്‌മെന്റും നടത്തിയ ചർച്ചകൾക്ക് ശേഷം ജോലിഭാരം കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. സിറാജിന് പകരക്കാരനായി കർണാടകയുടെ വലംകൈയ്യൻ പേസർ പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻപ് നിശ്ചയിച്ചിരുന്ന വർക്ക്‌ലോഡ് പ്ലാൻ അനുസരിച്ച് അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റിൽ സിറാജിന് വിശ്രമം നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും, മുല്ലൻപൂരിൽ നടന്ന മത്സരത്തിൽ സിറാജ് കളിച്ചിരുന്നു. ടെസ്റ്റില്‍ ഒരു ഇന്നിങ്സിനും മുന്നൂറ് റണ്‍സിനുമാണ് അഫ്ഗാനെ തകര്‍ത്തത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയവുമാണിത്. ഇന്ത്യ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയം നേടിയപ്പോൾ സിറാജും പ്രസിദ്ധ് കൃഷ്ണയുമായിരുന്നു ഇന്ത്യയുടെ ഫ്രണ്ട്‌ലൈൻ പേസർമാർ.

എന്നാല്‍ വരാനിരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി പൂർണ്ണ ഫിറ്റ്‌നസ് ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സിറാജിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സിറാജിന്റെ സ്ഥാനത്തേക്ക് പ്രസിദ്ധ് കൃഷ്ണയെത്തുമ്പോള്‍ വരാനിരിക്കുന്ന ടൂർണമെന്റുകൾക്ക് മുൻപായി ഇന്ത്യയുടെ പേസ് ബൗളിങ് കരുത്ത് പരീക്ഷിക്കാനുള്ള മികച്ച അവസരമായാണിതിനെ സെലക്ടർമാർ ഇതിനെ കാണുന്നത്.

അതേസമയം, സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരാണ് ടീമിന്റെ ക്യാപ്റ്റന്‍. തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. 15കാരന്‍ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്. ഐപിഎല്ലിലെ തകർപ്പൻ പ്രകടനമാണ് കരിയറിലെ ആദ്യ ഇന്ത്യൻ ജേഴ്സി അണിയാന്‍ വൈഭവിന് സഹായകമായത്. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ഇടംപിടിച്ചിട്ടുണ്ട്. അഭിഷേക് ശർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടണ്‍ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

ജൂൺ 26, ജൂൺ 28 തീയതികളിൽ ബെൽഫാസ്റ്റിൽ വെച്ച് രണ്ട് ട്വന്റി20 മത്സരങ്ങളാണ് അയർലൻഡ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്. ജൂലൈ 1 മുതൽ ജൂലൈ 11 വരെ നീണ്ടുനിൽക്കുന്ന അഞ്ച് മത്സരങ്ങളാണ് ഇംഗ്ലണ്ട് പരമ്പരയിലുള്ളത്.

ENGLISH SUMMARY:

The Board of Control for Cricket in India has officially rested frontline pacer Mohammed Siraj from the upcoming T20 International tours of Ireland and England to effectively manage his heavy workload. This tactical decision was finalized following detailed consultations between the BCCI medical team and the team management to preserve the bowler's long-term peak fitness. Karnataka's right-arm fast bowler Prasidh Krishna has been structurally named as Siraj's direct replacement in the fifteen-member continental squad. Both Siraj and Krishna recently formed India's frontline pace attack during a historic, record-breaking Test match triumph over Afghanistan in Mullanpur. Under the leadership of newly appointed captain Shreyas Iyer and vice-captain Tilak Varma, the upcoming tours will feature highly anticipated international assignments alongside fifteen-year-old batting prodigy Vaibhav Suryavanshi. The competitive schedule is set to kick off in Belfast with two T20Is against Ireland on June 26 and June 28, before moving into a grueling five-match series in England starting July 1.