രണ്ടാം ട്വന്റി ട്വന്റിയില്‍ സിംബാബ്‌വേയെ 90 റണ്‍സിന് തോല്‍പിച്ച് ഇന്ത്യയ്ക്ക് പരമ്പര. ആദ്യം ബാറ്റു െചയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ 129 റണ്‍സിന് സിംബാബ്‌വേ ഓള്‍ ഔട്ടായി. അഭിഷേക് ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്ത ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ബാറ്റിങ്ങനയക്കുകയായിരുന്നു. തുടക്കത്തിലെ ഇന്ത്യയ്ക്ക് അഭിഷേക് ശര്‍മയെ നഷ്ടമായി. എട്ടു പന്തില്‍ എട്ടു റണ്‍സെടുത്ത അഭിഷേക് ബ്ലെസിങ് മുസറബാനിയുടെ പന്തിൽ റയാൻ ബർളിന് ക്യാച്ച് നൽകി പുറത്തായി. റിച്ചാർഡ് എൻഗാരവയെ മൂന്ന് ഫോറും ഒരു സിക്സും അടിച്ച് വൈഭവ് സൂര്യവംശി മികച്ചരീതിയില്‍ തുടങ്ങിയെങ്കിലും എന്‍ഗവരെ തന്നെ വൈഭവിനെ പുറത്താക്കി. പിന്നീട് വന്ന ഇഷാന്‍ കിഷനാണ് കളിയുടെ ഗതി മാറ്റിയത്. 44 പന്തില്‍ ഇഷാന്‍ കിഷന്‍ 81 റണ്‍സെടുത്തു. ഒന്‍പത് ഫോറും രണ്ട് സിക്സറും അടങ്ങുന്നതാണ് ഇഷാന്‍റെ ഇന്നിങ്സ്.
25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്തായതോടെ തിലക് വര്‍മ–ഇഷാന്‍ കൂട്ടുകെട്ട് മികച്ച രീതിയില്‍ സ്കോര്‍ ചെയ്തു. 29 പന്തില്‍ 60 റണ്‍സെടുത്ത തിലക് വര്‍മ അഞ്ച് ബൗണ്ടറിയും മൂന്നു സിക്സറും നേടി. 94 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 219 ആയിരുന്നു ഇന്ത്യയുടെ സ്കോര്‍. വിദേശത്തെ ഇന്ത്യയുടെ ട്വന്‍റി20യിലെ ആറാമത്തെ ഉയർന്ന ടോട്ടലാണിത്.
മറുപടി ബാറ്റിങിനിറങ്ങിയ സിംബാബ്‍വെ 17.5 ഓവറില്‍ 129 റണ്‍സിന് പുറത്തായി. ഓപ്പണര്‍ ബ്രെയിന്‍ ബെന്നറ്റ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സിംബാബ്‍വെയ്ക്കായില്ല. ബെന്നറ്റ് മൂന്നു വീതം ഫോറും സിക്സും സഹിതം 32 റണ്‍സെടുത്തു. തടിവാന്‍ഷെ മറുമണി (24), റയാന്‍ ബേള്‍ (20), ബ്രാഡ് ഇവാന്‍സ് (19) എന്നിവര്‍ സിംബാബ്‍വെയ്ക്കായി മികച്ച രീതിയില്‍ ബാറ്റു ചെയ്തു.
ബാറ്റിങില്‍ തിളങ്ങിയില്ലെങ്കിലും ഇന്ത്യന്‍ നിരയിലെ മികച്ച ബൗളിങ് അഭിഷേക് ശര്‍മയുടേതാണ്. 2.5 ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് അഭിഷേക് മൂന്നു വിക്കറ്റെടുത്തു. യാഷ് താക്കൂറും പ്രിന്‍സ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാന്‍ കിഷനാണ് മാന്‍ ഓഫ് ദി മാച്ച്. ക്യാപ്റ്റനായ ശേഷം ശ്രേയസ് അയ്യരുടെ ആദ്യ പരമ്പര നേട്ടമാണിത്.