sanju-batting

വയറിലെ അണുബാധയെ തുടര്‍ന്ന് ടീമിന് പുറത്തിരിക്കുന്ന ഓപ്പണര്‍ അഭിഷേക് ശര്‍മ ടീമിനൊപ്പം കൊളംബോയിലെത്തി. നമീബിയയ്ക്ക് എതിരായ മത്സരം നഷ്ടമായ അഭിഷേക് ആരോഗ്യാവസ്ഥ പരിഗണിച്ച ശേഷം മാത്രമെ പാക്കിസ്ഥാനെതിരെ കളിക്കണമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. ശനിയാഴ്ച ഇന്ത്യയ്ക്ക് നെറ്റ്സില്‍ പരിശീലനമുണ്ട്. അതേസമയം, അഭിഷേകിന് പകരം നമീബിയയ്ക്ക് എതിരെ ഓപ്പണിങില്‍ ഇറങ്ങിയ സഞ്ജുവിനെ പാക്കിസ്ഥാനെതിരെ നിലനിര്‍ത്തുമോ എന്നകാര്യത്തിലാണ് സംശയം. 

അഭിഷേകിന്‍റെ ആരോഗ്യ നിലയില്‍ സഹതാരം അര്‍ഷദീപ് സിങ് വിഡിയോ പങ്കുവച്ചു. എങ്ങനെയുണ്ടെന്നാണ് പേസര്‍ അഭിഷേകിനോട് ചോദിക്കുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന അഭിഷേക്, 'പരിപ്പും ചോറും, വളരെ നല്ലത്. എനിക്ക് സുഖം' എന്നാണ് മറുപടി പറയുന്നത്. വയറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് അഭിഷേകിന് രണ്ടാം മത്സരം നഷ്ടമായത്. അഭിഷേകിന്‍റെ ആരോഗ്യാവസ്ഥ പരിഗണിച്ച് ഒന്നു രണ്ടു മത്സരങ്ങള്‍ നഷ്ടമാകും എന്നാണ് കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്. 

പകരക്കാരനായി ഓപ്പണിങില്‍ തിരിച്ചെത്തിയ സഞ്ജു എട്ടു പന്തില്‍ 22 റണ്‍സാണ് നേടിയത്. പാക്കിസ്ഥാനെതിരെ സഞ്ജുവിനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ പകരം ഓപ്പണിങില്‍ ഇന്ത്യ പുതിയൊരാളെ ഇറക്കും എന്നാണ് സൂചന. പരുക്കുമാറി തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാകും ഇഷാന്‍ കിഷനൊപ്പം ഇറങ്ങുക. സഞ്ജുവിനെയോ വാഷിങ്ടണ്‍ സുന്ദറിനെയോ പരിഗണിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നമീബിയയ്ക്ക് എതിരായ മത്സരത്തിന് മുന്‍പു തന്നെ സഞ്ജുവിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ പരീക്ഷിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കെ. ശ്രീകാന്ത് ആവശ്യപ്പെട്ടിരുന്നു. സഞ്ജുവിന് ആത്മവിശ്വാസം കുറവാണെന്നും വാഷിങ്ടണ്‍ സുന്ദർ ഇന്നിങ്സ് ഓപ്പൺ ചെയ്യണം എന്നുമായിരുന്നു അദ്ദേഹം നിർദ്ദേശിച്ചത്. 

ഓപ്പണിങില്‍ പരിചയമുള്ള താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. 2023 സെപ്റ്റംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ സുന്ദർ ഓപ്പണറായി ഇറങ്ങിയിരുന്നു. രോഹിത് ശർമ്മയ്‌ക്കൊപ്പം ഇന്നിങ്സ് ആരംഭിച്ച താരം 30 പന്തിൽ നിന്ന് 18 റൺസാണ് എടുത്തത്. തമിഴ്നാട് പ്രീമിയര്‍ ലീഗിലും മറ്റു ആഭ്യന്തര മത്സരങ്ങളിലും താരം ഓപ്പണിങിലെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Abhishek Sharma, sidelined due to a stomach infection, has arrived in Colombo with the team. A decision on whether he will play against Pakistan will be made after assessing his health.