South Africa's captain Aiden Markram (R) celebrates with teammates after their win as Afghanistan's Azmatullah Omarzai (L) reacts at the end of the 2026 ICC Men's T20 Cricket World Cup group stage match between Afghanistan and South Africa in the Narendra Modi Stadium, Ahmedabad on February 11, 2026. (Photo by Shammi MEHRA / AFP)
ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നില്‍ അഫ്ഗാനിസ്ഥാന് പൊരുതിത്തോറ്റു. രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ട മല്‍സരത്തില്‍ പലവട്ടം ജയത്തിന് തൊട്ടരികെയെത്തിയാണ് അഫ്ഗാന്‍ പട കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇരുപതോവറില്‍ 6 വിക്കറ്റിന് 187 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് 19.4 ഓവറില്‍ 187 റണ്‍സെടുത്ത് ഓള്‍ഔട്ടായി. ഇതോടെ മല്‍സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. Also Read: ഇന്ത്യന്‍ താരങ്ങളുടെ ബാറ്റില്‍ കൃത്രിമം! വിവാദമായി ശ്രീലങ്കന്‍ താരത്തിന്‍റെ പരാമര്‍ശം; പിന്നാലെ തിരുത്ത്
സൂപ്പര്‍ ഓവറില്‍ അഫ്ഗാനിസ്ഥാനായിരുന്നു ആദ്യ ഊഴം. അസ്മത്തുള്ള ഒമര്‍സായിയും റഹ്മാനുള്ള ഗുര്‍ബാസും ക്രീസില്‍. ഒരു സിക്സും രണ്ട് ഫോറും പറത്തിയ ഒമര്‍സായി ലുംഗി എന്‍ഗിഡിയുടെ ഓവറില്‍ 17 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറെയും ബ്രെവിസിനെയും ബാറ്റുമായി അയച്ചു. നേരിട്ട ആദ്യപന്തില്‍ സിക്സറടിച്ച ബ്രെവിസ് രണ്ടാം പന്തില്‍ പുറത്തായി. പകരമെത്തിയ ട്രാവിസ് സ്റ്റബ്സ് ഒരു സിക്സും ഒരു ഫോറും പായിച്ചപ്പോള്‍ സ്കോര്‍ വീണ്ടും തുല്യമായി. രണ്ടാം സൂപ്പര്‍ ഓവര്‍!
ഇക്കുറി ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ബാറ്റിങ്ങില്‍ ആദ്യ ഊഴം. സ്റ്റബ്സും മില്ലറും ക്രീസില്‍. പന്ത് അസ്മത്തുള്ള ഒമര്‍സായിയുടെ കയ്യില്‍. മില്ലര്‍ മിന്നിക്കത്തി. രണ്ട് സിക്സര്‍! സ്റ്റബ്സിന്‍റെ ബാറ്റില്‍ നിന്നും പിറന്നു ഒരു സിക്സര്‍. ആറ് പന്തില്‍ ഇരുവരും ചേര്‍ന്ന് 23 റണ്‍സ് അടിച്ചുകൂട്ടി. മറുപടി നല്‍കാന്‍ അഫ്ഗാന്‍ സീനിയര്‍ താരം മുഹമ്മദ് നബിയെയും അസ്മത്തുള്ള ഒമര്‍സായിയെയും വിട്ടു. നബി നേരിട്ട രണ്ടാം പന്തില്‍ കേശവ് മഹാരാജിന് വിക്കറ്റ് സമ്മാനിച്ചു. അഫ്ഗാന്‍ തോല്‍ക്കുമെന്നുറപ്പിച്ച നിമിഷം. പക്ഷേ തുടര്‍ച്ചയായി മൂന്ന് സിക്സര്‍ പറത്തി റഹ്മാനുള്ള ഗുര്‍ബാസ് അല്‍ഭുതം സൃഷ്ടിക്കുമെന്ന് തോന്നിച്ചു. അവസാന പന്തില്‍ വേണ്ടത് അഞ്ചുറണ്‍സ്. ബൗണ്ടറി നേടിയാല്‍ വീണ്ടും ടൈ ആവും. പക്ഷേ ഗുര്‍ബാസിന്‍റെ ഷോട്ട് പിഴച്ചു. പന്ത് ഡേവിഡ് മില്ലറിന്‍റെ കൈകളില്‍! ഗുര്‍ബാസിനൊപ്പം നരേന്ദ്രമോദി സ്റ്റേഡിയമൊന്നടങ്കം നിശബ്ദമായി. ദക്ഷിണാഫ്രിക്കയ്ക്ക് 4 റണ്‍സ് വിജയം. Also Read: അഭിഷേക് ശര്‍മ ആശുപത്രിയില്‍; നെറ്റ്സിൽ മണിക്കൂറുകളോളം പരിശീലിച്ച് സഞ്ജു; വീണ്ടും ഓപ്പണിങിലേക്ക്?
2026 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയമാണിത്. ഡി ഗ്രൂപ്പില്‍ അവര്‍ പോയന്‍റ് നിലയില്‍ ന്യൂസീലാന്‍ഡിനൊപ്പമെത്തി. നെറ്റ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇരുടീമുകള്‍ക്കും രണ്ട് മല്‍സരങ്ങളില്‍ നിന്ന് നാല് പോയന്‍റ് വീതമുണ്ട്. കിവീസിനോടും ദക്ഷിണാഫ്രിക്കയോടും തോറ്റ അഫ്ഗാനിസ്ഥാന് പോയന്‍റില്ല. നെറ്റ് റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ പട്ടികയില്‍ മൂന്നാമതാണ് ടീം.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും റ്യാന്‍ റിക്കള്‍ട്ടന്‍റെയും അര്‍ധസെഞ്ചറികളുടെ മികവിലാണ് 187 റണ്‍സ് അടിച്ചുകൂട്ടിയത്. ബ്രെവിസും മില്ലറും ഇവര്‍ക്ക് നല്ല പിന്തുണ നല്‍കി. റിക്കള്‍ട്ടണ്‍ 61ഉം ഡി കോക്ക് 59ഉം റണ്‍സെടുത്തു. അസ്മത്തുള്ള ഒമര്‍സായ് 3 വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് ആഞ്ഞടിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന് പ്രതീക്ഷ വളര്‍ന്നു വെറും 42 പന്തില്‍ ഗുര്‍ബാസ് 84 റണ്‍സ് അടിച്ചുകൂട്ടി. മധ്യനിര തകര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനും അസ്മത്തുള്ള ഒമര്‍സായിയും ടീമിനെ വിജയത്തോടടുപ്പിച്ചെങ്കിലും പത്തൊമ്പതാം ഓവറില്‍ രണ്ട് വിക്കറ്റ് വീണത് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയ ലുംഗി എന്‍ഗിഡി തിളങ്ങി.