ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യയിലേക്കു യാത്ര ചെയ്യാൻ വിസമ്മതിച്ച ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന് പിഴ ചുമത്തില്ലെന്ന് ഐസിസി. പുതിയ ധാരണപ്രകാരം 2028-നും 2031-നും ഇടയിൽ ബംഗ്ലദേശും ഒരു ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുമെന്ന് ലോക ക്രിക്കറ്റ് സംഘടന അറിയിച്ചു. ഇതോടെ ഇന്ത്യയ്‌ക്കെതിരായ മല്‍സരം ബഹിഷ്ക്കരിക്കുമെന്ന നിലപാടില്‍ നിന്ന് പാക്കിസ്ഥാനും പിന്‍മാറി.Also Read: ട്വന്റി20 ലോകകപ്പ്: യു ടേണടിച്ച് പാക്കിസ്ഥാന്‍; ഇന്ത്യയ്ക്കെതിരായ മല്‍സരം കളിക്കും
ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡുമായും ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ ഫെബ്രുവരി 15ലെ മത്സരം ബഹിഷ്കരിക്കുമെന്ന് അറിയിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഐസിസി തീരുമാനം. നിലവിലെ വിഷയത്തിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന് സാമ്പത്തികമോ കായികപരമോ ഭരണപരമോ ആയ പിഴകളൊന്നും ചുമത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ടെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ സമീപനം നിഷ്പക്ഷതയുടെയും നീതിയുടെയും തത്വങ്ങളിൽ അധിഷ്ഠിതമാണെന്നും, ശിക്ഷാനടപടികൾക്കു പകരം സഹായകരമായ പിന്തുണ നൽകുകയെന്ന പൊതുലക്ഷ്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും ഐസിസി കൂട്ടിച്ചേർത്തു.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലദേശ്, ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽനിന്ന് പിന്മാറിയത്. ഇതേത്തുടർന്ന് സ്കോട്‌ലൻഡിനെ ടൂർണമെന്റിൽ പകരക്കാരായി ഉൾപ്പെടുത്തുകയായിരുന്നു. ഐസിസി ബംഗ്ലദേശിന് അനുകൂല നിലപാട് എടുത്തതോടെ പാക്കിസ്ഥാനും അയഞ്ഞു. മുന്‍നിശ്ചയിച്ച പ്രകാരം അടുത്ത ഞായറാഴ്ച്ച ഇന്ത്യ – പാക്കിസ്ഥാന്‍ ത്രില്ലര്‍ പോരാട്ടത്തിന് കൊളംബോ വേദിയാകും.