ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം ഒൻപതിൽ നിന്ന് പന്ത്രണ്ടായി ഉയർത്താൻ നീക്കം. അടുത്തവര്‍ഷം തുടങ്ങുന്ന ടൂര്‍ണമെന്റില്‍ സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ, അയർലൻഡ് എന്നീ ടീമുകളെക്കൂടി ഉൾപ്പെടുത്തിയേക്കും.
ന്യൂസീലൻഡ് മുൻ താരം റോജർ ടൂസ് നേതൃത്വം വഹിക്കുന്ന ഐസിസി പ്രവർത്തക സമിതിയാണ് സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ടൂര്‍ണമെന്റില്‍ 12 ടീമുകളെ ഉൾപ്പെടുത്താനും, ഒറ്റ ടെസ്റ്റ് മാത്രമുള്ള പരമ്പരകള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാക്കാനുമാണ് നീക്കം. സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ, അയർലൻഡ് എന്നീ ടീമുകളെ കൂടി ഉൾപ്പെടുത്തി ടീമുകളുടെ എണ്ണം 12 ആയി ഉയർത്താനാണ് ശുപാർശ.
ഒറ്റ ടെസ്റ്റ് മാത്രമുള്ള പരമ്പരകളും പോയിന്റ് ടേബിളിന്റെ ഭാഗമാക്കാൻ നിർദ്ദേശമുണ്ട്. ഫ്രാഞ്ചൈസി ലീഗുകളുടെ വളർച്ചയും മറ്റ് ഫോർമാറ്റുകളുടെ തിരക്കും കാരണം ടെസ്റ്റ് ക്രിക്കറ്റ് നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനാണ് നീക്കം. ഈ മാറ്റങ്ങള്‍ നടപ്പായാൽ ഇന്ത്യയെപ്പോലുള്ള പ്രമുഖ ടീമുകൾക്ക് അയർലൻഡ്, സിംബാബ്‌വെ തുടങ്ങിയ ടീമുകളുമായി ഒറ്റ ടെസ്റ്റ് കളിച്ച് അവരെ സാമ്പത്തികമായി സഹായിക്കാൻ അവസരമൊരുങ്ങും. തിരക്കേറിയ രാജ്യാന്തര മത്സരക്രമം നീക്കങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നിരിക്കെ, ജയ് ഷാ അധ്യക്ഷനായ ഐസിസി ബോർഡാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ കാരണം ദോഹയിൽ നടക്കേണ്ടിയിരുന്ന ഐസിസി ബോർഡ് യോഗം മാറ്റിവെച്ചിരിക്കുകയാണ്. പുതിയ തീയതിയും വേദിയും ഉടൻ പ്രഖ്യാപിക്കും.