ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് സഞ്ജു സാംസൺ ഐസിസി 'പ്ലെയർ ഓഫ് ദ മന്ത്' പുരസ്കാരത്തിന് അർഹനായി. മാർച്ച് മാസത്തിലെ  മികച്ച താരമായാണ് സഞ്ജുവിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിച്ച പ്രകടനമാണ് സഞ്ജുവിനെ നേട്ടത്തിന് അർഹനാക്കിയത്. ഇതാദ്യമായാണ് സഞ്ജു ഈ ബഹുമതി സ്വന്തമാക്കുന്നത്.

ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു, പിന്നീട് ടീമിലെത്തിയപ്പോൾ അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുത്തത്. സൂപ്പർ 8 ഘട്ടത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ 24 റൺസുമായി തുടങ്ങിയ സഞ്ജു പിന്നീട് ഫോമിന്റെ കൊടുമുടിയിലായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ സെമിഫൈനലിൽ വെറും മൂന്ന് റൺസിന് സെഞ്ച്വറി നഷ്ടമായെങ്കിലും പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയെ ഫൈനലിലെത്തിച്ചു.

അഹമ്മദാബാദിൽ നടന്ന കലാശപ്പോരിൽ 46 പന്തിൽ നിന്ന് 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ ബാറ്റിംങാണ് ഇന്ത്യയുടെ കിരീട നേട്ടം ഉറപ്പിച്ചത്. ടൂർണമെന്റിലെ മികച്ച താരമായും (Player of the Tournament) സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാർച്ചിൽ കളിച്ച മൂന്ന് നിർണ്ണായക ടി20 മത്സരങ്ങളിൽ നിന്ന് 137.50 ശരാശരിയിലും 199.27 സ്ട്രൈക്ക് റേറ്റിലും സഞ്ജു 275 റൺസ് അടിച്ചുകൂട്ടി.

"ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡ് നേടുന്നത് അവിശ്വസനീയമായ അനുഭവമാണ്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുചേരുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു," എന്ന് പുരസ്കാര നേട്ടത്തിന് ശേഷം സഞ്ജു പ്രതികരിച്ചു.

വനിതാ വിഭാഗത്തിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ മെലി കെർ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ പരമ്പരകളിലെ മികച്ച പ്രകടനമാണ് മെലിയെ മൂന്നാം തവണയും ഈ ബഹുമതിക്ക് അർഹയാക്കിയത്. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തിയ മെലി, ബാറ്റിംഗിലും മികച്ച സംഭാവന നൽകി.

ENGLISH SUMMARY:

Sanju Samson has been named the ICC Player of the Month for March, an incredible achievement for the Indian cricketer. His outstanding performances, especially during the T20 World Cup, led to this prestigious award.