ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് കിരീട നേട്ടത്തില്‍ ശ്രദ്ധേയമായ ഇന്നിങ്സ് വൈഭവ് സൂര്യവംശിയുടേതാണ്. 70 പന്തില്‍ 175 റണ്‍സ് പ്രകടനമാണ് ഫൈനലില്‍ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്. ഫൈനല്‍ മത്സരത്തിന് മുന്‍പ് ശരിക്കും ഉറങ്ങാന്‍ സാധിച്ചില്ലെന്നാണ് വൈഭവ് സൂര്യവംശി പറയുന്നത്. അതിനുള്ള കാരണം ഇങ്ങനെ.
''രാത്രി മുഴുവൻ ഞാൻ ഉറങ്ങിയില്ല, ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിഞ്ഞുള്ളൂ. അതൊരു വലിയ മത്സരമായിരുന്നു. സാധാരണ മത്സരം പോലെ കളിക്കും എന്ന് പറയാമെങ്കിലും സമ്മര്‍ദ്ദമുണ്ട്. ഫൈനലിന്‍റെ സമ്മര്‍ദ്ദമുണ്ട്. മറ്റു രാജ്യങ്ങവില്‍ ഒരു പക്ഷേ വീണ്ടും അണ്ടര്‍ 19 ലോകകപ്പ് കളിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ ഇന്ത്യയില്‍ അതിന് കഴിയില്ല. അതുകൊണ്ട് ഫൈനൽ കളിക്കുന്നതും ജയിക്കുന്നതും മറക്കാനാവാത്ത നിമിഷമാണ്'' എന്നാണ് വൈഭവ് റേ സ്‌പോർട്‌സ് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഇന്ത്യന്‍ നായകന്‍ ആയുഷ് മഹ്ത്രെ മത്സരത്തില്‍ അര്‍ധ സെഞ്ചറി നേടിയിരുന്നു. വൈഭവ് സെഞ്ചറി നേടുമ്പോള്‍ ആയുഷായിരുന്നു മറുഭാഗത്ത്. സെഞ്ചറിക്ക് അരികിലെത്തിയപ്പോള്‍ വിവേകത്തോടെ കളിക്കാനാണ് ആയുഷ് ആവശ്യപ്പെട്ടതെന്നും വൈഭവ് പറഞ്ഞു.
വൈഭവിന് ഇനി അണ്ടര്‍ 19 ലോകകപ്പ് കളിക്കാനാകില്ല; സീനിയര്‍ ടീമില്‍ കളിക്കാന്‍ കാത്തിരിക്കണം
''നൂറിനടുത്തെത്തിയപ്പോൾ സിംഗിളെടുക്കാനും പക്വതയോടെ കളിക്കാനുമാണ് ആയുഷ് ആവശ്യപ്പെട്ടത്. ക്രീസിലുള്ളിടത്തോളം ആക്രമിച്ച് കളിച്ചാല്‍ ഇംഗ്ലണ്ടിനെ മത്സരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയുമെന്ന് എനിക്കറിയാം. ഒന്നാം ഇന്നിങ്സില്‍ തന്നെ മത്സരം അനുകൂലമാക്കാന്‍ സാധിച്ചു. എന്‍റെ മാത്രം പ്രകടനമല്ല, എല്ലാവരും സംഭാവന ചെയ്തതു കൊണ്ടാണ് 411 റണ്‍സിലെത്തിയത്'' വൈഭവ് പറഞ്ഞു.
പ്രായം 19 വയസിന് താഴെയാണെങ്കിലും 2028, 2030 വര്‍ഷങ്ങളിലെ അണ്ടര്‍ 19 ലോകകപ്പുകള്‍ വൈഭവിന് കളിക്കാന്‍ സാധിക്കില്ല. ബിസിസിഐയുടെ നിയമമാണ് വൈഭവിന് ഇവിടെ തിരിച്ചടിയാകുന്നത്. 'വണ്‍– ടൂര്‍ണമെന്‍റ്' എന്ന നയമാണ് ബിസിസിഐ പിന്തുടരുന്നത്. പുതിയ പ്രതിഭകൾക്ക് തുടർച്ചയായി അവസരം ലഭിക്കുന്നതിനാണ് ബിസിസിഐ ഈ നയം പിന്തുടരുന്നത്.